നേട്ടങ്ങളുടെ പെരുമഴ; മൂന്നാം സെഞ്ചുറിയോടെ സഞ്ജു എലൈറ്റ് പട്ടികയില്‍
ഐപിഎല്ലില്‍ തന്‍റെ മൂന്നാം സെഞ്ചുറിയോടെ ഒരുപിടി നേട്ടങ്ങള്‍ മലയാളി താരത്തിന്‍റെ പേരിനൊപ്പമായി.
മുംബൈ: ഐപിഎല്ലിൽ നായകനായുള്ള അരങ്ങേറ്റം സെഞ്ചുറിയോടെ ഗംഭീരമാക്കിയിരുന്നു രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജു വി.സാംസൺ. പഞ്ചാബ് കിംഗ്‌സിനെതിരെ സഞ്ജു 63 പന്തിൽ 12 ഫോറും ഏഴ് സിക്‌സറുകളും സഹിതം 119 റൺസുമായി തകര്‍ത്താടിയെങ്കിലും രാജസ്ഥാൻ നാല് റൺസിന് മത്സരം കൈവിട്ടു. എങ്കിലും ഐപിഎല്ലില്‍ തന്‍റെ മൂന്നാം സെഞ്ചുറിയോടെ ഒരുപിടി നേട്ടങ്ങള്‍ മലയാളി താരത്തിന്‍റെ പേരിനൊപ്പമായി.
ഐപിഎല്ലില്‍ മൂന്നോ അതിലധികമോ സെഞ്ചുറി നേടിയ താരങ്ങളുടെ എലൈറ്റ് പട്ടികയിലെത്തി സഞ്ജു വി. സാംസണ്‍. ആറ് ശതകങ്ങളുമായി പഞ്ചാബ് കിംഗ്‌സിന്‍റെ വിന്‍ഡീസ് വെടിക്കെട്ടുവീരന്‍ ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ മുന്നില്‍. ആര്‍സിബി നായകന്‍ വിരാട് കോലി അഞ്ച് സെഞ്ചുറികളുമായി രണ്ടാം സ്ഥാനത്ത്. വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള ഓസ്‌ട്രേലിയന്‍ മുന്‍താരം ഷെയ്‌ന്‍ വാട്‌സണും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറും നാല് സെഞ്ചുറികളുമായി മൂന്നാമത്. ആര്‍സിബിയുടെ മിസ്റ്റര്‍ 360 എ ബി ഡിവില്ലിയേഴ്‌സിനൊപ്പം പട്ടികയില്‍ നാലാമതുണ്ട് സഞ്ജു സാംസണ്‍.
ടീമിനൊപ്പം ചേരാമോയെന്ന് പോണ്ടിംഗ്; വരാമെന്ന സൂചന നല്‍കി ശ്രേയസ് അയ്യര്‍
റണ്‍സ് ചേസ് ചെയ്യുമ്പോള്‍ രണ്ടാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറില്‍ വീരേന്ദര്‍ സെവാഗിന്‍റെ നേട്ടത്തിനൊപ്പവുമെത്തി സഞ്ജു. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്(ഇപ്പോഴത്തെ ഡല്‍ഹി ക്യാപിറ്റല്‍സ്) താരമായിരുന്ന വീരു 2011ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ 119 റണ്‍സ് നേടിയിരുന്നു. ഇതേ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ പഞ്ചാബിനായി പുറത്താകാതെ 120 റണ്‍സ് നേടിയ പോള്‍ വാല്‍ത്താട്ടിയാണ് ഇരുവര്‍ക്കും മുന്നിലുള്ളത്.
പഞ്ചാബ് മുന്നിൽ വച്ച 222 റൺസിലേക്കുള്ള രാജസ്ഥാന്‍റെ യാത്രയിൽ പത്തരമാറ്റായ ഇന്നിംഗ്‌സായിരുന്നു സഞ്ജുവിന്‍റേത്. ഒടുവിൽ അവസാന പന്തിൽ സിക്സറിനുള്ള സഞ്ജുവിന്‍റെ ശ്രമം ഹൂഡയുടെ കൈകളിലെത്തിയതോടെ രാജസ്ഥാന്‍ നാല് റൺസിന്‍റെ തോൽവി വഴങ്ങുകയായിരുന്നു. നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനായി കെ എല്‍ രാഹുല്‍ 50 പന്തിൽ 91 റൺസും ദീപക് ഹൂഡ 28 പന്തില്‍ 64 റൺസും ക്രിസ് ഗെയ്‌ല്‍ 28 പന്തില്‍ 40 റണ്‍സുമെടുത്തു.
മാച്ച് റിപ്പോര്‍ട്ട് വിശദമായി വായിക്കാം