എതിരാളികള്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാ! പഞ്ചാബിന്‍റെ എക്‌സ് ഫാക്‌ടര്‍ ഈ താരമായേക്കാം
ഐപിഎൽ പതിനാലാം സീസണിൽ പഞ്ചാബ് ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന താരമാണ് ഷാരൂഖ് ഖാൻ.
മുംബൈ: വമ്പന്‍ താരനിരയുണ്ടായിട്ടും ഐപിഎല്ലില്‍ മോശം റെക്കോര്‍ഡുള്ള ടീമാണ് പഞ്ചാബ് കിംഗ്‌സ്. എന്നാല്‍ ഇക്കുറി അനില്‍ കുംബ്ലെയുടെ പരിശീലനത്തിലും കെ എല്‍ രാഹുലിന്‍റെ നായകത്വത്തിലും ഇറങ്ങുമ്പോള്‍ ആരാധകര്‍ പ്രതീക്ഷയിലാണ്. താരലേലത്തില്‍ മികച്ച വില ലഭിച്ച ഒരു താരം പഞ്ചാബിന്‍റെ എക്‌സ് ഫാക്‌ടറായി ഉദയം ചെയ്യുമോ എന്ന ആകാംക്ഷയും നിലനില്‍ക്കുന്നു
ഐപിഎൽ പതിനാലാം സീസണിൽ പഞ്ചാബ് ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന താരമാണ് ഷാരൂഖ് ഖാൻ. തമിഴ്‌നാട് ഓൾറൗണ്ടറെ വിൻഡീസ് വെടിക്കട്ടുവീരന്‍ കീറോൺ പൊള്ളാർഡുമായാണ് കോച്ച് അനിൽ കുംബ്ലെ താരതമ്യം ചെയ്യുന്നത്. പൊള്ളാര്‍ഡിനെ പോലെ കൂറ്റനടികള്‍ക്ക് കരുത്തുള്ള താരമാണ് ഷാരൂഖ് എന്നതുതന്നെ ഇതിന് കാരണം.
ഫെബ്രുവരിയില്‍ നടന്ന ഐപിഎൽ താരലേലത്തിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച ഇന്ത്യന്‍ പേരായിരുന്നു ഷാരൂഖ് ഖാൻ. ഇരുപത് ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 5.25 കോടി രൂപ മുടക്കിയാണ് പഞ്ചാബ് സ്വന്തമാക്കിയത്. പരിശീലനം തുടങ്ങിയപ്പോൾ കോച്ച് അനിൽ കുംബ്ലെയ്‌ക്ക് ഷാറൂഖിനെ നന്നായി ബോധിക്കുകയും ചെയ്തു.
കുംബ്ലെയുടെ വാക്കുകൾ ശരിവയ്‌ക്കുന്നതാണ് ഇരുപത്തിയഞ്ചുകാരനായ ഷാരൂഖിന്റെ പ്രകടനം. പൊള്ളാര്‍ഡിനെ ഓര്‍മ്മിപ്പിക്കും വിധം അനായാസം കൂറ്റൻ ഷോട്ടുകളുതിർക്കും ആറടി ആറിഞ്ചുകാരൻ.
തമിഴ്‌നാടിനായി 2014 മുതല്‍ ടി20 കളിക്കുന്നുണ്ട് ഷാരൂഖ് ഖാന്‍. ഈ വർഷത്തെ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാടിനെ ചാമ്പ്യൻമാരാക്കുന്നതിൽ ഷാരൂഖ് നിർണായക പങ്കുവഹിച്ചിരുന്നു. ഈ മികവാണ് എസ്‌ആർകെയെ ഐപിഎല്ലിലും പഞ്ചാബ് കിംഗ്സിലും എത്തിച്ചത്. അരങ്ങേറ്റ സീസണില്‍ ഷാരൂഖ് ഖാന്‍ കസറിയാല്‍ പഞ്ചാബിന്‍റെ കിരീട വരള്‍ച്ചയ്‌ക്ക് അറുതി വരുമോ എന്ന് കാത്തിരുന്നറിയാം.
ക്യാപ്റ്റന്‍സി അരങ്ങേറ്റം; ആര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോര്‍ഡിടാന്‍ സഞ്ജു
പഞ്ചാബിനെതിരെ രാജസ്ഥാന്‍ ആരാധകര്‍ക്ക് ശുഭപ്രതീക്ഷ; കണക്കുകളിങ്ങനെ
ഐപിഎല്‍ 2021: കപ്പടിക്കണോ, രാജസ്ഥാന്‍ റോയല്‍സ് ഒരു തെറ്റ് തിരുത്തിയേ പറ്റൂ