നായക മികവില്‍ 'തല'; ഐപിഎല്ലില്‍ ആരും സ്വന്തമാക്കാത്ത റെക്കോര്‍ഡുമായി ധോണി
അബുദാബിയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇറങ്ങിയതോടെയാണ് അപൂര്‍വ റെക്കോര്‍ഡ് 'തല'യ്‌ക്ക് സ്വന്തമായത്
അബുദാബി: ഐപിഎല്ലില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ 200 മത്സരങ്ങള്‍ തികയ്‌ക്കുന്ന ആദ്യ താരമെന്ന നേട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ എം എസ് ധോണി. അബുദാബിയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നായകന്‍റെ തൊപ്പിയണിഞ്ഞ് ഇറങ്ങിയതോടെയാണ് അപൂര്‍വ റെക്കോര്‍ഡ് 'തല'യ്‌ക്ക് സ്വന്തമായത്. വിന്‍ഡീസ് താരം ഡാരന്‍ സമിക്ക് ശേഷം 200 ടി20 മത്സരങ്ങളില്‍ നായകനാവുന്ന ആദ്യ ക്യാപ്റ്റന്‍ കൂടിയാണ് എം എസ് ധോണി.
ടി20 ലീഗുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നായകരില്‍ ഒരാളാണ് ധോണി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മൂന്ന് കിരീടങ്ങളിലേക്ക് നയിച്ചപ്പോള്‍ 11 പ്ലേ ഓഫിലേക്കും ടീമിനെ എത്തിച്ചു. ധോണി മുമ്പ് നയിച്ച 199 മത്സരങ്ങളില്‍ 119ലും സിഎസ്‌കെ വിജയിച്ചു. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ 60.10 ശതമാനം മത്സരങ്ങളിലും സിഎസ്‌കെ വെന്നിക്കൊടി പാറിച്ചു. 50 മത്സരങ്ങളിലെങ്കിലും നായകനായ താരങ്ങളില്‍ വിജയശതമാനത്തില്‍ തലപ്പത്താണ് ധോണിയുടെ സ്ഥാനം.
ഗെയ്‌ക്‌വാദ് ഷോ, സൂപ്പര്‍ സെഞ്ചുറി; ചെന്നൈക്കെതിരെ രാജസ്ഥാന് 190 റണ്‍സ് വിജയലക്ഷ്യം
ധോണി നായകനായുള്ള ഇരുനൂറാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ നാല് വിക്കറ്റിന് 189 റണ്‍സെടുത്തു. റുതുരാജ് ഗെയ്‌ക്‌വാദും(60 പന്തില്‍ 101*), രവീന്ദ്ര ജഡേജയും(15 പന്തില്‍ 32*) പുറത്താകാതെ നിന്നു. ഇന്നിംഗ്‌സിലെ അവസാന മുസ്‌തഫിസൂറിനെ സിക്‌സ് പറത്തിയാണ് ഗെയ്‌ക്‌വാദ് കന്നി ഐപിഎല്‍ സെഞ്ചുറി തികച്ചത്. ഈ ഓവറില്‍ 22 റണ്‍സ് ഗെയ്‌ക്‌വാദ്-ജഡേജ സഖ്യം ചേര്‍ത്തതാണ് ചെന്നൈയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്.
ഫാഫ് ഡുപ്ലസിസ്(25), സുരേഷ് റെയ്‌ന(3), മൊയീന്‍ അലി(21), അമ്പാട്ടി റായുഡു(2) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍. എം എസ് ധോണിക്ക് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നില്ല. രാജസ്ഥാനായി രാഹുല്‍ തെവാട്ടിയ മൂന്നും ചേതന്‍ സക്കരിയ ഒന്നും വിക്കറ്റ് നേടി.