റിഷഭ് പന്തിന്‍റെ റെക്കോര്‍ഡ് ബുക്കില്‍ മറ്റൊരു പൊന്‍തൂവല്‍; മറികടന്നത് സെവാഗിനെ!
ഇന്ത്യന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗിന്‍റെ ഐപിഎല്‍ റെക്കോര്‍ഡ് മറികടക്കാന്‍ റിഷഭിനായി
ഷാര്‍ജ: ഐപിഎല്ലില്‍(IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്(Kolkata Knight Riders) എതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനായി(Delhi Capitals) കഴിഞ്ഞ മത്സരത്തില്‍ റിഷഭ് പന്ത്(Rishabh Pant) 39 റണ്‍സ് നേടിയിരുന്നു. ഇതോടെ ഇന്ത്യന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗിന്‍റെ(Virender Sehwag) ഐപിഎല്‍ റെക്കോര്‍ഡ് മറികടക്കാന്‍ റിഷഭിനായി.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടത്തിലാണ് റിഷഭ് പന്ത് ഇടംപിടിച്ചത്. വെടിക്കെട്ട് ഓപ്പണറായ സെവാഗ് 85 ഇന്നിംഗ്‌സുകളില്‍ 2382 റണ്‍സ് നേടിയെങ്കില്‍ റിഷഭിന്‍റെ സമ്പാദ്യം 75 ഇന്നിംഗ്‌സുകളില്‍ നിന്ന് 2390ലെത്തി. ക്യാപിറ്റല്‍സിനായി കരിയറില്‍ ഒരു സെഞ്ചുറിയും 14 ഫിഫ്റ്റിയും പന്തിന്‍റെ പേരിലുണ്ട്. അതേസമയം ഡല്‍ഹി കരിയറില്‍ ഒരു സെഞ്ചുറിയും 17 അര്‍ധ സെഞ്ചുറികളുമാണ് വീരു നേടിയത്. 82 ഇന്നിംഗ്‌സില്‍ 2291 റണ്‍സുമായി ശ്രേയസ് അയ്യരാണ് പട്ടികയില്‍ മൂന്നാമത്. നാലാമതുള്ള ശിഖര്‍ ധവാന് 58 ഇന്നിംഗ്‌സില്‍ 1933 റണ്‍സുണ്ട്.
റിഷഭ് പന്ത് മികച്ചുനിന്നെങ്കിലും മത്സരം ഡല്‍ഹി ക്യാപിറ്റല്‍സ് തോറ്റിരുന്നു. മൂന്ന് വിക്കറ്റിനാണ് ഡല്‍ഹിയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തകര്‍ത്തത്. ഡല്‍ഹി മുന്നോട്ടുവെച്ച 128 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ കൊല്‍ക്കത്ത നേടി. സുനില്‍ നരെയ്‌ന്‍(10 പന്തില്‍ 21) വെടിക്കെട്ടിന് പുറമെ ശുഭ്‌മാന്‍ ഗില്‍(30), നിതീഷ് റാണ(36) എന്നിവരുടെ സമയോചിത ഇടപെടലും കൊല്‍ക്കത്തയെ കാത്തു.
'യുഎഇയിലെ ടി20 ലോകകപ്പില്‍ തന്നെ അവനെ ക്യാപ്റ്റനാക്കണം'; വാദമുന്നയിച്ച് സുനില്‍ ഗവാസ്‌കര്‍
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 127 റണ്‍സേ നേടിയുള്ളൂ. സ്റ്റീവ് സ്‌മിത്തും റിഷഭ് പന്തും 39 റണ്‍സ് വീതം നേടി. ധവാന്‍ 24 റണ്‍സെടുത്തു. കെകെആറിനായി ഫെര്‍ഗൂസണും നരെയ്‌നും അയ്യരും രണ്ട് വീതം വിക്കറ്റും സൗത്തി ഒന്നും നേടി. ബൗളിംഗിലും ബാറ്റിംഗിലും തിളങ്ങിയ നരെയ്‌നാണ് കളിയിലെ താരം.
ഇതിഹാസത്തിന് സഞ്ജുവിനെ വലിയ വിശ്വാസം, റണ്‍സടിച്ചുകൂട്ടുമ്പോള്‍ സന്തോഷം അദ്ദേഹത്തിന്: മുന്‍താരം