നോര്‍ജെ ഇഫക്‌ട്! പടിക്കല്‍ ഗോള്‍ഡണ്‍ ഡക്ക്, കോലിയും വീണു; ഡല്‍ഹിക്കെതിരെ തുടക്കം പാളി ആര്‍സിബി

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് സ്വപ്‌നതുല്യ തുടക്കം നേടിയെങ്കിലും കൂറ്റന്‍ സ്‌കോറിലെത്തിയില്ല

IPL 2021 RCB vs DC Royal Challengers Bangalore gets bad start with Golden duck for Devdutt Padikkal

ദുബായ്: ഐപിഎല്ലില്‍(IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) മുന്നോട്ടുവെച്ച 165 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്(Royal Challengers Bangalore) മോശം തുടക്കം. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 29-2 എന്ന നിലയിലാണ് ആര്‍സിബി. നെര്‍ജെ ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ അവസാന പന്തില്‍ ദേവ്‌ദത്ത് പടിക്കലിനെ ഗോള്‍ഡണ്‍ ഡക്കാക്കിയപ്പോള്‍ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ കോലിയേയും(4) മടക്കി. ശ്രീകര്‍ ഭരതും എ ബി ഡിവില്ലിയേഴ്‌സുമാണ് ക്രീസില്‍.  

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് സ്വപ്‌നതുല്യ തുടക്കം നേടിയെങ്കിലും കൂറ്റന്‍ സ്‌കോറിലെത്തിയില്ല. ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 164 റണ്‍സാണെടുത്തത്. 48 റണ്‍സെടുത്ത പൃഥ്വി ഷായാണ് ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ ഷിമ്രോന്‍ ഹെറ്റ്‌മയറുടെ ബാറ്റിംഗ് നിര്‍ണായകമായി. എങ്കിലും അവസാന 30 പന്തില്‍ 36 റണ്‍സേ പിറന്നുള്ളൂ. ഇതാണ് ടീമിനെ കൂറ്റന്‍ സ്‌കോറില്‍ നിന്നകറ്റിയത്. 

അടിച്ചുതകര്‍ത്ത് ധവാന്‍-ഷാ 

സ്വപ്‌ന തുടക്കമാണ് ശിഖര്‍ ധവാന്‍-പൃഥ്വി ഷാ സഖ്യം ഡല്‍ഹിക്ക് നല്‍കിയത്. പവര്‍പ്ലേയില്‍ 55 റണ്‍സ് ചേര്‍ത്ത ഇരുവരും 10 ഓവറില്‍ ടീമിനെ 88 റണ്‍സിലെത്തിച്ചു. 11-ാം ഓവറിലെ ആദ്യ പന്തില്‍ ഹര്‍ഷാല്‍ പട്ടേലാണ് ആര്‍സിബിക്ക് ബ്രേക്ക്‌ത്രൂ നല്‍കിയത്. 35 പന്തില്‍ 43 റണ്‍സെടുത്ത ധവാന്‍ സ്ലോ ബോളില്‍ ക്രിസ്റ്റ്യന്‍റെ കൈകളിലെത്തി. റണ്ണുയര്‍ത്താന്‍ ലക്ഷ്യമിട്ട് നായകന്‍ റിഷഭ് പന്ത് തന്നെ വണ്‍ഡൗണായെത്തി. 

ചഹല്‍ എറിഞ്ഞ 11-ാം ഓവറിലെ ആദ്യ പന്ത് സിക്‌സര്‍ പറത്തി പൃഥ്വി ഷാ ഡല്‍ഹിയെ 100 കടത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഷായെ(31 പന്തില്‍ 48) ഗാര്‍ട്ടണിന്‍റെ കൈകളിലാക്കി ചഹല്‍ പകരംവീട്ടി. സ്ഥാനക്കയറ്റിം കിട്ടിയ റിഷഭിന് ഇന്നിംഗ്‌സ് നിരാശയായി. എട്ട് പന്തില്‍ 10 റണ്‍സെടുത്ത താരത്തെ 13-ാം ഓവറില്‍ ക്രിസ്റ്റ്യന്‍ വിക്കറ്റ് കീപ്പറുടെ അടുക്കലെത്തിച്ചു. 

അവസാന ഓവറുകളില്‍ ഹെറ്റ്‌മയര്‍

ഇതിന് ശേഷം ശ്രേയസ് അയ്യര്‍-ഷിമ്രോന്‍ ഹെറ്റ്‌മയര്‍ സഖ്യം ഡല്‍ഹിയെ മുന്നോട്ട് നയിച്ചു. എന്നാല്‍ ശ്രേയസ് അയ്യര്‍ വെടിക്കെട്ട് മറന്നത് തിരിച്ചടിയായി. 18 പന്തില്‍ അത്ര തന്നെ റണ്‍സെടുത്ത അയ്യരെ 18-ാം ഓവറില്‍ സിറാജ് പുറത്താക്കിയത് നിര്‍ണായകമായി. പിന്നീട് ടീമിന്‍റെ ഭാരം ഒറ്റയ്‌ക്ക് തോളിലേറ്റേണ്ടി വന്ന ഹെറ്റ്‌മയറെ(21 പന്തില്‍ 29) ഇന്നിംഗ്‌സിലെ അവസാന പന്തില്‍ സിറാജ് മടക്കിയപ്പോള്‍ റിപാല്‍ പട്ടേല്‍ ഏഴ് റണ്‍സുമായി പുറത്താകാതെ നിന്നു. 

ടോസ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോലി(Virat Kohli) ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് കോലിപ്പടയും റിഷഭ് പന്തും സംഘവും ഇറങ്ങിയത്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി(ക്യാപ്റ്റന്‍), ദേവ്‌ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, എ ബി ഡിവില്ലിയേഴ്‌സ്, ഷഹ്‌ബാസ് അഹമ്മദ്, ഹര്‍ഷാല്‍ പട്ടേല്‍, ജോര്‍ജ് ഗാര്‍ട്ടണ്‍, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍. 

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ്‍ അയ്യര്‍, റിഷഭ് പന്ത്, റിപാല്‍ പട്ടേല്‍, ഷിമ്രോന്‍ ഹെറ്റ്‌മയര്‍, അക്‌സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കാഗിസോ റബാഡ, ആവേഷ് ഖാന്‍, ആന്‍‌റിച്ച് നോര്‍ജെ. 

മിന്നല്‍പ്പിണറായി ഇഷാന്‍ കിഷന്‍; വെടിക്കെട്ടുമായി സൂര്യകുമാര്‍; ഹൈദരാബാദിനെതിരെ മുംബൈക്ക് കൂറ്റന്‍ സ്കോര്‍

Latest Videos
Follow Us:
Download App:
  • android
  • ios