വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുമോ സഞ്ജു; രാജസ്ഥാന്‍ ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ
പഞ്ചാബിനെതിരെ സെഞ്ചുറിയോടെ സീസൺ തുടങ്ങിയ ശേഷം നിറം മങ്ങിയ സഞ്ജുവിൽ നിന്ന് ഒരു മികച്ച ഇന്നിംഗ്സ് ഇന്ന് പ്രതീക്ഷിക്കുന്നുണ്ട് ആരാധകർ.
മുംബൈ: ഐപിഎല്ലിൽ ഇന്ന് സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സും ഓയിന്‍ മോര്‍ഗന്‍റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും നേർക്കുനേർ. നാല് കളികളിൽ നിന്ന് ഓരോ ജയം മാത്രമുള്ള ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്. പഞ്ചാബിനെതിരെ സെഞ്ചുറിയോടെ സീസൺ തുടങ്ങിയ ശേഷം നിറം മങ്ങിയ സഞ്ജുവിൽ നിന്ന് ഒരു മികച്ച ഇന്നിംഗ്സ് ഇന്ന് പ്രതീക്ഷിക്കുന്നുണ്ട് ആരാധകർ.
സഞ്ജുവിന് നിര്‍ണായകം
ടീം തോറ്റെങ്കിലും പഞ്ചാബിനെതിരെ 63 പന്തിൽ 119 റൺസ് നേടിയ സഞ്ജുവിന്‍റെ ഇന്നിംഗ്‌സ് പ്രശംസകൾ ഏറെ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ അടുത്ത മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ജയിച്ചെങ്കിലും സഞ്ജു നേടിയത് നാല് റൺസ് മാത്രമായിരുന്നു. ചെന്നൈക്കെതിരെ അഞ്ച് പന്തിൽ നേടിയത് ഒരു റണ്ണും. കഴിഞ്ഞ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ നന്നായി തുടങ്ങിയെങ്കിലും 18 പന്തിൽ 21 റൺസെടുത്ത് പുറത്തായി. ഇതോടെ സഞ്ജു സീസണിലെ നാല് കളികളിൽ ഇതുവരെ നേടിയത് 145 റൺസ്.
ബാംഗ്ലൂരിനെതിരായ മത്സരത്തിന് ശേഷം രൂക്ഷമായ ഭാഷയിലാണ് സുനിൽ ഗാവസ്‌കർ സഞ്ജുവിനെതിരെ രംഗത്തെത്തിയത്. സ്ഥിരതയില്ലായ്‌മയാണ് സഞ്ജു നേരിടുന്ന പ്രശ്നമെന്നും ഇന്ത്യൻ ടീമിൽ സ്ഥിരം ഇടം കണ്ടെത്താത്തതിന് കാരണവും അതാണെന്നായിരുന്നു ഗാവസ്‌കറുടെ വിമർശനം. ഇന്ന് കൊൽക്കത്തയെ നേരിടാൻ ഇറങ്ങുമ്പോൾ സഞ്ജുവിന് മറുപടി നൽകാനുള്ളത് ഈ വിമർശനങ്ങൾക്ക് കൂടിയാണ്. പ്രമുഖ വിദേശതാരങ്ങളുടെ അഭാവവും ഫോമില്ലായ്മയും ഉയര്‍ത്തുന്ന വെല്ലുവിളിയും മറികടക്കേണ്ടതുണ്ട് മുന്‍ ചാമ്പ്യന്‍മാര്‍ക്ക്.
കൊല്‍ക്കത്തയ്‌ക്കും പ്രതിസന്ധികള്‍
മറുവശത്ത് കൊൽക്കത്തയും പ്രതിസന്ധിയിലാണ്. ആദ്യ കളിയിൽ ഹൈദരാബാദിനെതിരെ 10 റൺസ് ജയം സ്വന്തമാക്കിയ ശേഷം മൂന്ന് മത്സരങ്ങളിലും തോറ്റു. ബാംഗ്ലൂരിനെതിര ബൗളർമാർ വഴങ്ങിയത് 204 റൺസ്. ചെന്നൈക്കെതിരെ വഴങ്ങിയത് 220. ബാറ്റിംഗിൽ ദിനേഷ് കാർത്തികും ശുഭ്മാൻ ഗില്ലും ഇയാൻ മോർഗനും ഫോം കണ്ടെത്താനാകാതെ വലയുന്നു. സ്ഥിരതയാർന്ന പ്രകടനം നടത്തുന്നത് നിതീഷ് റാണ മാത്രം. ഇനിയങ്ങോട്ട് ശേഷിക്കുന്ന മത്സരങ്ങളിൽ ഊർജം പകരാൻ ജയം കൂടിയേ തീരൂ കൊൽക്കത്തയ്‌ക്കും.
രാഹുല്‍, ഗെയ്‌ല്‍ ഫിനിഷിംഗ്; അനായാസം, ആവേശത്തോടെ മുംബൈയെ വീഴ്‌ത്തി പഞ്ചാബ്