ഐപിഎല്‍ 2021: സഞ്ജുവില്‍ പ്രതീക്ഷിച്ച് രാജസ്ഥാന്‍ റോയല്‍സ്; എതിരാളികള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡിയായ ഫാഫ് ഡു പ്ലെസിസ്- റിതുരാജ് ഗെയ്കവാദ് നല്‍കുന്ന തുടക്കമാണ് ചെന്നൈയുടെ കരുത്ത്.
അബുദാബി: ഐപിഎല്ലില്‍ (IPL 2021) സഞ്ജു സാംസണിന്റെ (Sanju Samson) രാജസ്ഥാന്‍ റോയല്‍സ് (Rajasthan Roylas) ഇന്നിറങ്ങും. പ്ലേ ഓഫ് ഉറപ്പിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് (Chennai Super Kings) രാജസ്ഥാന്റെ എതിരാളികള്‍. രാത്രി 7.30ന് അബുദാബിയിലാണ് മത്സരം.
തുടര്‍തോല്‍വികളില്‍ വലയുകയാണ് രാജസ്ഥാന്‍. മറുവശത്ത് ചെന്നൈയാവട്ടെ ജയം ശീലമാക്കിയവര്‍. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡിയായ ഫാഫ് ഡു പ്ലെസിസ്- റിതുരാജ് ഗെയ്കവാദ് നല്‍കുന്ന തുടക്കമാണ് ചെന്നൈയുടെ കരുത്ത്. മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി തുടങ്ങി ബാറ്റിങ് നിരയുടെ ആഴം വാലറ്റത്തോളം വരും.
ഒരു താരത്തില്‍ ആശ്രയിക്കേണ്ട ഗതികേടില്ലെന്നതാണ് ചെന്നൈയുടെ മുന്‍തൂക്കം. ജയിച്ച ഒമ്പത് മത്സരങ്ങളില്‍ ഏഴ് വ്യത്യസ്ത താരങ്ങളാണ് മാന്‍ ഓഫ് ദ മാച്ചായത് എന്നത് ശ്രദ്ധേയം. ക്യാപ്റ്റന്‍ സഞ്ജുവില്‍ മാത്രമാണ് ഹാട്രിക് തോല്‍വി വഴങ്ങിയ രാജസ്ഥാന്റെ പ്രതീക്ഷ. മിക്ക ബാറ്റ്‌സ്മാന്‍മാരും ഫോമൗട്ട്.
ഈ ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായ ക്രിസ് മോറിസില്‍ നിന്ന് ടീമിന് ഗുണം കിട്ടുന്നില്ലെന്നതും നിരാശ. ജോഫ്ര ആര്‍ച്ചറിന് പകരം വയ്ക്കാനൊരു ബൗളറില്ലെന്നത് മറ്റൊരു തിരിച്ചടി. ഒരു തോല്‍വി പോലും പ്ലേ ഓഫിന് പുറത്തേക്ക് വഴികാട്ടുമെന്നതിനാല്‍ സഞ്ജുവിനും സംഘത്തിനും ജയം അനിവാര്യം.
പരസ്പരമേറ്റുമുട്ടിയ 24 മത്സരങ്ങളില്‍ 15ലും ജയിച്ചത് ചെന്നൈ. ഈ സീസണിലെ ആദ്യമത്സരത്തിലും 45 റണ്‍സിന്റെ വമ്പന്‍ ജയം ചെന്നൈക്ക്.