ഐപിഎല്‍: ജീവന്‍മരണപ്പോരില്‍ രാജസ്ഥാനെ എറിഞ്ഞിട്ട് മുംബൈ, നിരാശപ്പെടുത്തി സഞ്ജു

തുടക്കത്തില്‍ എല്ലാം ഭദ്രമായിരുന്നു. ഷാര്‍ജയിലെ സ്ലോ പിച്ചില്‍ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും എവിന്‍ ലൂയിസും തകര്‍ത്തടിച്ചപ്പോള്‍ മൂന്നാം ഓവറില്‍ രാജസ്ഥാന്‍ 27 റണ്‍സിലെത്തി. എന്നാല്‍ 12 റണ്‍സെടുത്ത ജയ്‌സ്വാളിനെ നഥാന്‍ കോള്‍ട്ടര്‍നൈല്‍ മടക്കിയതോടെ രാജസ്ഥാന്‍റെ തകര്‍ച്ചക്ക് തുടക്കമായി.

IPL 2021: Rajasthan Royals set 91 runs target for Mumbai Indians

ഷാര്‍ജ: ഐപിഎല്ലിലെ(IPL 2021) ജീവന്‍മരണപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ(Rajasthan Royals) മുംബൈ ഇന്ത്യന്‍സിന് (Mumbai Indians) 91 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന്‍ ഓപ്പണിംഗ് വിക്കറ്റില്‍ 3.4 ഓവറില്‍ 27 റണ്‍സെടുത്തെങ്കിലും പിന്നീട് കൂട്ടത്തകര്‍ച്ച നേരിട്ടതിനെത്തുടര്‍ന്ന് 20 ഓവറില്‍  ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സിലൊതുങ്ങി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മൂന്ന് റണ്‍സിന് പുറത്തായപ്പോള്‍ 24 റണ്‍സെടുത്ത എവിന്‍ ലൂയിസ് ആണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. നാലു വിക്കറ്റെടുത്ത നഥാന്‍ കോള്‍ട്ടര്‍നൈലും മൂന്ന് വിക്കറ്റെടുത്ത ജിമ്മി നീഷാമുമാണ് രാജസ്ഥാനെ എറിഞ്ഞിട്ടത്. രാജസ്ഥാന്‍ ഇന്നിംഗ്സിലാകെ നാല് ബൗണ്ടറിയും രണ്ട് സിക്സും മാത്രമാണ് പിറന്നത്.

തുടക്കം ഭദ്രം, പിന്നെ കൂട്ടത്തകര്‍ച്ച

തുടക്കത്തില്‍ എല്ലാം ഭദ്രമായിരുന്നു. ഷാര്‍ജയിലെ സ്ലോ പിച്ചില്‍ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും എവിന്‍ ലൂയിസും തകര്‍ത്തടിച്ചപ്പോള്‍ മൂന്നാം ഓവറില്‍ രാജസ്ഥാന്‍ 27 റണ്‍സിലെത്തി. എന്നാല്‍ 12 റണ്‍സെടുത്ത ജയ്‌സ്വാളിനെ നഥാന്‍ കോള്‍ട്ടര്‍നൈല്‍ മടക്കിയതോടെ രാജസ്ഥാന്‍റെ തകര്‍ച്ചക്ക് തുടക്കമായി. എവിന്‍ ലൂയിസും സഞ്ജു സാംസണും ചേര്‍ന്ന് രാജസ്ഥാനെ ആറാം ഓവറില്‍ 41 റണ്‍സിലെത്തിച്ചെങ്കിലും ലൂയിസിനെ വീഴ്ത്തി ബുമ്ര രാജസ്ഥാന് രണ്ടാം പ്രഹരമേല്‍പ്പിച്ചു.

നീഷാമിന്‍റെ ഇരട്ടപ്രഹത്തില്‍ പകച്ച് രാജസ്ഥാന്‍, നിരാശപ്പെടുത്തി സ‍ഞ്ജു

സ്ലോ പിച്ചില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കാതിരുന്ന സഞ്ജു ജിമ്മി നീഷാമിനെതിരെ ബൗണ്ടറിയടിക്കാനുള്ള ശ്രമത്തില്‍ പോയന്‍റില്‍ ജയന്ത് യാദവിന്‍റെ കൈകളിലൊതുങ്ങി. ആറ് പന്തില്‍ മൂന്ന് റണ്‍സായിരുന്നു സഞ്ജുവിന്‍റെ സമ്പാദ്യം. സഞ്ജുവിന് പിന്നാലെ കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ ശിവം ദുബെയെ ക്ലീന്‍ ബൗള്‍ഡാക്കി നീഷാം ഇരട്ടപ്രഹരമേല്‍പ്പിച്ചു.

പിന്നീടെത്തി ഗ്ലെന്‍ ഫിലിപ്സിനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. ഫിലിപ്സിനെ(4) കോള്‍ട്ടര്‍നൈല്‍ മടക്കി. രാഹുല്‍ തെവാട്ടിയയും ഡേവിഡ് മില്ലറും ചേര്‍ന്ന് രാജസ്ഥാനെ കരകയറ്റുമെന്ന് കരുതിയെങ്കിലും തിവാട്ടിയയെ(12) നീഷാമും മില്ലറെ(15) കോള്‍ട്ടര്‍നൈലും മടക്കിയതോടെ രാജസ്ഥാന്‍റെ പോരാട്ടം തീര്‍ന്നു. മുംബൈക്കായി നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത കോള്‍ട്ടര്‍നൈല്‍ നാലും നാലോവറില്‍ 12 റണ്‍സ് വിട്ടുകൊടുത്ത ജിമ്മി നീഷാം മൂന്നും നാലോവറില്‍ 14 റണ്‍സ് വഴങ്ങി ബുമ്ര രണ്ടും വിക്കറ്റെടുത്തു.

കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളോടെയാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. ഓപ്പണര്‍ ക്വിന്‍റണ്‍ ഡീ കോക്കിന് പകരം ജിമ്മി നീഷാം മുംബൈ ടീമിലെത്തി. ക്രുനാല്‍ പാണ്ഡ്യക്ക് പകരം ഇഷാന്‍ കിഷന്‍ തിരിച്ചെത്തിയതാണ് രണ്ടാമത്തെ മാറ്റം.  ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ രാജസ്ഥാനും രണ്ട് മാറ്റം വരുത്തി. സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡെക്ക് പകരം ശ്രേയസ് ഗോപാല്‍ രാജസ്ഥാന്‍ ടീമിലെത്തി. പേസര്‍ ആകാശ് സിംഗിന് പകരം കുല്‍ദിപ് യാദവും രാജസ്ഥാന്‍റെ അന്തിമ ഇലവനില്‍ ഇന്ന് കളിക്കുന്നു.

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇരു ടീമിനും വിജയം അനിവാര്യമാണ്. 12 മത്സരങ്ങള്‍ വീതം കഴിഞ്ഞപ്പോള്‍ 10 പോയന്‍റ് വീതമുള്ള രാജസ്ഥാന്‍ ആറാമതും മുംബൈ ഏഴാമതുമാണ്. മോശം നെറ്റ് റണ്‍റേറ്റും മുംബൈക്ക് തിരിച്ചടിയാണ്. രാജസ്ഥാനെതിരെ വമ്പന്‍ ജയം നേടി റണ്‍റേറ്റ് മെച്ചപ്പെടുത്തുന്നതിനൊപ്പം പ്ലേ ഓഫ് സാധ്യത സജീവമാക്കാനാണ് മുംബൈ ശ്രമിക്കുക. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് മുംബൈയുടെ അവസാന മത്സരത്തിലെ എതിരാളികള്‍. രാജസ്ഥാന്‍ റോയല്‍സിനാകട്ടെ ഇന്നത്തെ മത്സരം ജയിച്ചാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് അവസാന മത്സരത്തില്‍ എതിരാളികള്‍.

Latest Videos
Follow Us:
Download App:
  • android
  • ios