തകര്‍പ്പന്‍ ബൗളിങ്ങുമായി രാജസ്ഥാന്‍; ഡല്‍ഹിക്കെതിരെ സഞ്ജുവിനും സംഘത്തിനും 148 റണ്‍സ് വിജയലക്ഷ്യം

ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് (51) അര്‍ധ സെഞ്ചുറി നേടി. മൂന്ന് വിക്കറ്റ് നേടിയ ജയ്‌ദേവ് ഉനദ്ഘടിന്റെ ബൗളിങ് പ്രകടനമാണ് ഡല്‍ഹിയെ നിയന്ത്രിച്ചു നിര്‍ത്തിയത്.

IPL 2021, Rajasthan Royals need 148 runs to win vs Delhi Capitals

മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 148 റണ്‍സ് വിജയലക്ഷ്യം. എട്ട് വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് (51) അര്‍ധ സെഞ്ചുറി നേടി. മൂന്ന് വിക്കറ്റ് നേടിയ ജയ്‌ദേവ് ഉനദ്ഘടിന്റെ ബൗളിങ് പ്രകടനമാണ് ഡല്‍ഹിയെ നിയന്ത്രിച്ചു നിര്‍ത്തിയത്. മുസ്തഫിസുര്‍ റഹ്‌മാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ക്രിസ് മോറിസിന് ഒരു വിക്കറ്റുണ്ട്. ലൈവ് സ്‌കോര്‍.

IPL 2021, Rajasthan Royals need 148 runs to win vs Delhi Capitals

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്ക് ആദ്യ ഏഴ് ഓവറുകള്‍ക്കിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി. ശിഖര്‍ ധവാന്‍ (2), പൃഥ്വി ഷാ (9), മൂന്നാമന്‍ അജിന്‍ക്യ രഹാനെ (8), മാര്‍കസ് സ്റ്റോയിനിസ് (0) എന്നിവരാണ് പവലിയനില്‍ തിരിച്ചെത്തിയത്. രണ്ടാം ഓവറിലെ അവസാന പന്തിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ഉനദ്ഘട്ടിന്റെ സ്ലോവറില്‍ വലിയ ഷോട്ടിന് മുതിര്‍ന്ന പൃഥ്വിക്ക് പിഴച്ചു. ബാക്ക്‌വേര്‍ഡ് പോയിന്റില്‍ ഡേവിഡ് മില്ലര്‍ക്ക് ക്യാച്ച്. അടുത്ത ഓവറിന്റെ ആദ്യ പന്തിലും ഉനദ്ഘട് വിക്കറ്റ് സ്വന്തമാക്കി. ഇത്തവണ ശിഖര്‍ ധവാനാണ് ഇരയാത്. സഞ്ജുവിന്റെ തകര്‍പ്പന്‍ ക്യാച്ചാണ് ധവാനെ കുടുക്കിയത്. സ്‌കൂപ്പ് ചെയ്യാനുള്ള ശ്രമം പാളിപ്പോയി. വലത്തോട്ട് ഡൈവ് ചെയ്ത സഞ്ജു അസാമാന്യ മെയ്‌വഴക്കത്തോടെ പന്ത് കയ്യിലൊതുക്കി.  

മൂന്നാം ഓവര്‍ എറിയാനെത്തിയ ഉനദ്ഘട് രഹാനെയേയും കുടുക്കി. ഇത്തവണയും സ്ലോവറാണ് വില്ലനായത്. റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് രഹാനെ മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ സ്റ്റോയിനിസിന് റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. മുസ്തഫിസുര്‍ റഹ്‌മാന്‍ സ്ലോവറില്‍ ബാറ്റുവച്ച സ്‌റ്റോയിനിസ് ഷോര്‍ട്ട് എക്‌സ്ട്രാ കവറില്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ പന്തും പവലിയനില്‍ തിരിച്ചെത്തി. റിയാന്‍ പരാഗിന്റെ നേരിടുള്ള ഏറില്‍ റണ്ണൗട്ടാവുകയായിരുന്നു പന്ത്. ലളിത് യാദവ് (20) മോറിസിന്റെ പന്തില്‍ മിഡ് ഓണില്‍ രാഹുല്‍ തെവാട്ടിയക്ക് ക്യാച്ച് നല്‍കി. ടോം കറന്‍ (21) മുസ്തഫിസുറിന്റെ പന്തില്‍ ബൗള്‍ഡായപ്പോള്‍ ആര്‍ അശ്വിന്‍ (7) റണ്ണൗട്ടായി. ക്രിസ് വോക്‌സ് (15), കഗിസോ റബാദ (9) എന്നിവര്‍ പുറത്താവാതെ നിന്നു.

IPL 2021, Rajasthan Royals need 148 runs to win vs Delhi Capitals

നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇരു ടീമുകളും ഇറങ്ങിയത്. പരിക്കേറ്റ് സീസണ്‍ നഷ്ടമായ ബെന്‍ സ്റ്റോക്‌സിന് പകരം ഡേവിഡ് മില്ലര്‍ ടീമിലെത്തി. ശ്രേയാസ് ഗോപാലിന് പകരം ജയ്‌ദേവ് ഉനദ്ഘടിനേയും ഉള്‍പ്പെടുത്തി. ഡല്‍ഹിയില്‍ ഷിംറോണ്‍ ഹെറ്റ്മയേര്‍ക്ക് പകരം കഗിസോ റബാദ ടീമിലെത്തി. ഓള്‍റൗണ്ടറായ ലളിത് യാദവ് ഡല്‍ഹിക്കായി അരങ്ങേറി. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ചിരുന്നു ഡല്‍ഹി. രാജസ്ഥാന്‍ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനോട് തോറ്റിരുന്നു. സീസണിലെ ആദ്യ സെഞ്ചുറി നേടിയ സഞ്ജു സാംസണിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. സ്‌റ്റോക്‌സിന്റെ അഭാവം എങ്ങനെ നികത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, അജിന്‍ക്യ രഹാനെ, മാര്‍കസ് സ്റ്റോയിനിസ്, ക്രിസ് വോക്‌സ്, ആര്‍ അശ്വിന്‍, ലളിത് യാദവ്, കഗിസോ റബാദ, ടോം കറന്‍, ആവേശ് ഖാന്‍.

രാജസ്ഥാന്‍ റോയല്‍സ്: മനന്‍ വോഹ്‌റ, സഞ്ജു സാംസണ്‍, ഡേവിഡ് മില്ലര്‍, ജോസ് ബട്‌ലര്‍, ശിവം ദുബെ, റിയാന്‍ പരാഗ്, രാഹുല്‍ തിവാട്ടിയ, ക്രിസ് മോറിസ്, ചേതന്‍ സക്കറിയ, ജയ്‌ദേവ് ഉനദ്ഘട്, മുസ്തഫിസുര്‍ റഹ്‌മാന്‍.

Latest Videos
Follow Us:
Download App:
  • android
  • ios