ക്യാപ്റ്റന്‍സി ഒഴിയുന്നത് കോലിയുടെ ആവേശം കുറയ്‌ക്കുമോ? മറുപടിയുമായി അഗാര്‍ക്കറും പാര്‍ഥീവും
ഇന്ത്യന്‍ ടി20 ടീമിന്‍റെയും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റേയും ക്യാപ്റ്റന്‍സി ഒഴിയുമെന്ന് കോലി പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു.
അബുദാബി: ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് വിരാട് കോലി(Virat Kohli) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore) നായകസ്ഥാനത്തുനിന്ന് ഈ സീസണിനൊടുവില്‍ വിട ചൊല്ലുമെന്ന് പിന്നാലെ കോലി പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായി. നായകസ്ഥാനം ഒഴിയുന്നതോടെ കോലിയുടെ കളിക്കളത്തില്‍ കോലിയുടെ ആവേശം ചോരുമോ. ഈ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഇന്ത്യന്‍ മുന്‍ പേസര്‍ അജിത് അഗാര്‍ക്കറും(Ajit Agarkar) വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലും(Parthiv Patel).
ജോലിഭാരം ചൂണ്ടിക്കാട്ടി പാര്‍ഥീവ്
കോലിയുടെ കരിയറിനിടെ നമ്മള്‍ കണ്ടിട്ടുള്ളത്, എം എസ് ധോണിക്ക് കീഴില്‍ കളിക്കുമ്പോളും കോലി ക്യാപ്‌റ്റാനായിരിക്കുമ്പോഴും അദേഹത്തിന്‍റെ ഊര്‍ജവും അത്യുത്സാഹവും ഒരുപോലെയായിരുന്നു. ക്യാപ്റ്റന്‍ ആകാതെ വെറും താരമായി ടീമില്‍ നില്‍ക്കുമ്പോള്‍ കോലിയില്‍ എന്തെങ്കിലും മാറ്റമുണ്ടാകും എന്ന് തോന്നുന്നില്ല. എന്നാല്‍ കോലിയുടെ പ്രഖ്യാപനം വന്ന സമയം ചെറിയ സര്‍പ്രൈസുണ്ടാക്കുന്നു എന്നുമാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ അഗാര്‍ക്കറുടെ പ്രതികരണം.
ഇതിഹാസങ്ങളേക്കാള്‍ പ്രതിഭാശാലി; ശുഭ്‌മാന്‍ ഗില്ലിനെ പ്രശംസ കൊണ്ടുമൂടി വീരേന്ദര്‍ സെവാഗ്
അതേസമയം കോലിയുടെ ജോലിഭാരം ചൂണ്ടിക്കാട്ടുകയാണ് ആര്‍സിബിയില്‍ സഹതാരം കൂടിയായിരുന്ന പാര്‍ഥീവ് പട്ടേല്‍. ക്യാപ്റ്റന്‍സി ഒഴിയുന്നത് കോലിക്ക് ആശ്വാസമായേക്കാം. ബയോബബിളിലെ ജീവിതം എളുപ്പമല്ല. ചെയ്തുകൊണ്ടിരിക്കുന്ന ജോലിഭാരത്തെക്കുറിച്ചും അതിന്‍റെ തീവ്രതയെക്കുറിച്ചും കോലി സംസാരിച്ചിട്ടുണ്ട്. എല്ലാ പരിശീലന സെഷനിലും മത്സര സെഷനിലും ജിം സെഷനിലും പൂർണ്ണ തീവ്രത കോലി കാട്ടാറുണ്ട്. അതാണ് അദ്ദേഹം ചിന്തിച്ചിരുന്നതെന്ന് എനിക്ക് ഉറപ്പുണ്ട് എന്നാണ് പാര്‍ഥീവിന്‍റെ വാക്കുകള്‍.
യുഎഇയില്‍ അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നാണ് വിരാട് കോലി അടുത്തിടെ പ്രഖ്യാപിച്ചത്. ജോലിഭാരം കണക്കിലെടുത്താണ് ടി20 നായകസ്ഥാനം ഒഴിയുന്നതെന്നും ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും കോലി വ്യക്തമാക്കിയിരുന്നു. ഈ സീസണൊടുവില്‍ ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് കോലി മാറുമെന്ന് വീഡിയോയിലൂടെ കഴിഞ്ഞ 19-ാം തിയതി ഫ്രാഞ്ചൈസി അറിയിക്കുകയായിരുന്നു.
കോലിയെ പിന്തുണച്ച് സ്റ്റെയ്‌ന്‍
'തുടക്കം മുതല്‍ ആര്‍സിബിക്കൊപ്പമുള്ള താരമാണ് വിരാട് കോലി. ഈ സമയത്ത് ബാറ്റിംഗില്‍ ശ്രദ്ധിക്കാന്‍ സഹായകമാകും എന്നതിനാല്‍ കോലി ക്യാപ്റ്റന്‍സി ഒഴിയുന്നത് മികച്ച തീരുമാനമാണ്. കോലിയുടെ ക്യാപ്റ്റന്‍സിയില്‍ നമുക്ക് സംശയം കാണില്ല. കോലി മികച്ച നായകനാണെന്ന് അദേഹത്തിന്‍റെ റെക്കോര്‍ഡുകള്‍ തെളിവാണ്. കോലിയുടെ മികച്ച പ്രകടനം ഐപിഎല്ലിലും ടി20 ലോകകപ്പിലും പ്രതീക്ഷിക്കുന്നതായും' സ്റ്റെയ്‌ന്‍ പറഞ്ഞു.
എന്നാല്‍ ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ മത്സരം കോലിക്ക് കനത്ത നിരാശയായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ഒന്‍പത് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങി. ഓപ്പണറായി ഇറങ്ങിയ കോലിക്ക് നാല് പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് നേടാനായത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 19 ഓവറില്‍ 92 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ കൊല്‍ക്കത്ത വെറും 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona