ഉമ്രാന്‍ മാലിക്കിന്‍റെ പേസ് കോലിയ്ക്കും ബോധിച്ചു, അവനില്‍ ഒരു കണ്ണുവെച്ചോളുവെന്ന് ഉപദേശം

മികച്ച ഫാസ്റ്റ് ബൗളർമാർ വള‌ന്നുവരുന്നത് ഇന്ത്യൻക്രിക്കറ്റിന് നല്ലസൂചനയാണെന്നും ബാംഗ്ലൂർ നായകൻ കൂടിയായ കോലി പറഞ്ഞു. ബാംഗ്ലൂരിനെതിരെ ഒരോവറിൽ തന്നെ മണിക്കൂറിൽ 151,152,153 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞാണ് ഉമ്രാൻ മാലിക് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്.

IPL 2021: Need to Track Umran Malik's Progress says Virat Kohli

ദുബായ്: ഐപിഎൽ(IPL 2021) പതിനാലാം സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ സൺറൈസേഴ്സ്(Sunrisers Hyderabad) താരം ഉമ്രാൻ മാലിക്കിനെ (Umran Malik) അഭിനന്ദിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി(Virat Kohli). ഓരോ തവണയും പുതിയ പ്രതിഭകൾ ഉണ്ടാകും. ഏറ്റവും മികച്ച പ്രകടനത്തിലേക്ക് എത്തിക്കാൻ ഉമ്രാന്‍റെ പുരോഗതി കൃത്യമായി ശ്രദ്ധചെലുത്തണമെന്നും കോലി പറഞ്ഞു.

മികച്ച ഫാസ്റ്റ് ബൗളർമാർ വള‌ന്നുവരുന്നത് ഇന്ത്യൻക്രിക്കറ്റിന് നല്ലസൂചനയാണെന്നും ബാംഗ്ലൂർ നായകൻ കൂടിയായ കോലി പറഞ്ഞു. ബാംഗ്ലൂരിനെതിരെ ഒരോവറിൽ തന്നെ മണിക്കൂറിൽ 151,152,153 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞാണ് ഉമ്രാൻ മാലിക് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണും ഉമ്രാനെ അഭിനന്ദിച്ച് രംഗത്തെത്തി.

ബാംഗ്ലൂരിനെതിരായ മത്സരത്തിലെ ഒൻപതാം ഓവറിലെ നാലാം പന്തിലാണ് ഉമ്രാൻ മാലിക് നേട്ടം സ്വന്തമാക്കിയത്. മണിക്കൂറിൽ 153 കിലോമീറ്റർ വേഗത്തിലാണ് ജമ്മു കശ്മീർ പേസർ ദേവ്ദത്ത് പടിക്കലിനെതിരെ പന്തെറിഞ്ഞത്. ഇരുപത്തിയൊന്നുകാരനായ ഉമ്രാൻ മാലിക് ആദ്യ പന്തിൽ 146 കിലോ മീറ്റർ വേഗം കണ്ടെത്തി.

പിന്നീട് 151, 152, 153 എന്നിങ്ങനെയായിരുന്നു ഉമ്രാൻ കണ്ടെത്തിയ വേഗം. പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വഖാർ യുനിസിന്‍റെ ബൗളിംഗ് ആക്ഷനുള്ള ഉമ്രാൻ മാലിക് കെ.എസ്.ഭരത്തിനെ പുറത്താക്കി ആദ്യ ഐപിഎൽ വിക്കറ്റും സ്വന്തമാക്കി. പരിക്കേറ്റ ടി.നടരാജന് പകരമാണ് നെറ്റ് ബൗളറായ ഉമ്രാൻ ഹൈദരാബാദ് ടീമിലെത്തിയത്. ഇന്ത്യൻ ഓൾറൗണ്ടർ ഇ‌ർഫാൻ പഠാന് കീഴിൽ പരിശീലനം നടത്തുന്ന താരമാണ് ഉമ്രാൻ മാലിക്ക്.

ഉമ്രാന്‍ മാലിക്കിനെപ്പോലെ ഇനിയും ബൗളര്‍മാരുണ്ടോ എന്നായിരുന്നു മത്സരശേഷം ഇര്‍ഫാന്‍ പത്താനോട് കമന്‍റേറ്ററായ ഹര്‍ഷ ബോഗ്‌ലെയുടെ ചോദ്യം.

Latest Videos
Follow Us:
Download App:
  • android
  • ios