ഐപിഎല്‍: ജീവന്‍മരണപ്പോരില്‍ രാജസ്ഥാനെതിരെ മുംബൈക്ക് ടോസ്, ഇരു ടീമിലും മാറ്റം
ക്രുനാല്‍ പാണ്ഡ്യക്ക് പകരം ഇഷാന്‍ കിഷന്‍ തിരിച്ചെത്തിയതാണ് രണ്ടാമത്തെ മാറ്റം. രോഹിത്തിനൊപ്പം ഇഷാന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും.
ഷാര്‍ജ: ഐപിഎല്ലിലെ(IPL 2021) ജീവന്‍മരണപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ(Rajasthan Royals) ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ്(Mumbai Indians) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളോടെയാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. ഓപ്പണര്‍ ക്വിന്‍റണ്‍ ഡീ കോക്കിന് പകരം ജിമ്മി നീഷാം മുംബൈ ടീമിലെത്തി.
ക്രുനാല്‍ പാണ്ഡ്യക്ക് പകരം ഇഷാന്‍ കിഷന്‍ തിരിച്ചെത്തിയതാണ് രണ്ടാമത്തെ മാറ്റം. രോഹിത്തിനൊപ്പം ഇഷാന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ രാജസ്ഥാനും രണ്ട് മാറ്റം വരുത്തി. സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡെക്ക് പകരം ശ്രേയസ് ഗോപാല്‍ രാജസ്ഥാന്‍ ടീമിലെത്തി. പേസര്‍ ആകാശ് സിംഗിന് പകരം കുല്‍ദിപ് യാദവും രാജസ്ഥാന്‍റെ അന്തിമ ഇലവനില്‍ ഇന്ന് കളിക്കുന്നു.
പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇരു ടീമിനും വിജയം അനിവാര്യമാണ്. 12 മത്സരങ്ങള്‍ വീതം കഴിഞ്ഞപ്പോള്‍ 10 പോയന്‍റ് വീതമുള്ള രാജസ്ഥാന്‍ ആറാമതും മുംബൈ ഏഴാമതുമാണ്. മോശം നെറ്റ് റണ്‍റേറ്റും മുംബൈക്ക് തിരിച്ചടിയാണ്. രാജസ്ഥാനെതിരെ വമ്പന്‍ ജയം നേടി റണ്‍റേറ്റ് മെച്ചപ്പെടുത്തുന്നതിനൊപ്പം പ്ലേ ഓഫ് സാധ്യത സജീവമാക്കാനാണ് മുംബൈ ശ്രമിക്കുക.
സണ്‍റൈസേഴ്സ് ഹൈദരാബാദാണ് മുംബൈയുടെ അവസാന മത്സരത്തിലെ എതിരാളികള്‍. രാജസ്ഥാന്‍ റോയല്‍സിനാകട്ടെ ഇന്നത്തെ മത്സരം ജയിച്ചാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് അവസാന മത്സരത്തില്‍ എതിരാളികള്‍.