മികച്ച തുടക്കം മുതലാക്കാനാവാതെ മുംബൈ, കൊല്‍ക്കത്തക്ക് 156 റണ്‍സ് വിജയലക്ഷ്യം
. ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ ഒരു സിക്സ് അടക്കം 11 റണ്‍സടിച്ച മുംബൈ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ 16 റണ്‍സടിച്ച് ആറോവറില്‍ 56 റണ്‍സുമായി പവര്‍ പ്ലേ പവറാക്കി.
അബുദാബി: ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സിനെതിരെ (Mumbai Indians) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് (Kolkata Knight Riders) 156 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ക്വിന്‍റണ്‍ ഡീ കോക്കിന്‍റെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ മികച്ച തുടക്കമിട്ടെങ്കിലും സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ക്രുനാല്‍ പാണ്ഡ്യയും കീറോണ്‍ പൊള്ളാര്‍ഡും നിരാശപ്പെടുത്തി.
തകര്‍പ്പന്‍ തുടക്കം നഷ്ടമാക്കി മധ്യനിര
ടോസ് നേടി ക്രീസിലിറങ്ങിയ മുംബൈക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്വിന്‍റണ്‍ ഡീ കോക്കും ആദ്യ രണ്ടോവറില്‍ കരുതലോടെയാണ് തുടങ്ങിയത്. നിതീഷ് റാണയാണ് കൊല്‍ക്കത്തക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. സുനില്‍ നരെയ്ന്‍ എറിഞ്ഞ നാലാം ഓവറില്‍ രോഹിത്തും ഡീ കോക്കും ഓരോ ബൗണ്ടറി നേടി വെടിക്കെട്ടിന് തിരികൊളുത്തി. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ നാലാം ഓവറില്‍ രണ്ട് ബൗണ്ടറി നേടി രോഹിത് മുംബൈയെ ടോപ് ഗിയറിലാക്കി. ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ ഒരു സിക്സ് അടക്കം 11 റണ്‍സടിച്ച മുംബൈ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ 16 റണ്‍സടിച്ച് ആറോവറില്‍ 56 റണ്‍സുമായി പവര്‍ പ്ലേ പവറാക്കി.
പവര്‍പ്ലേക്ക് പിന്നാലെ രോഹിത്തിന് സ്കോറിംഗ് വേഗം കൂട്ടാനാവാതെ പോയതോടെ മുംബൈ കിതച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്-ഡീകോക്ക് സഖ്യം 9.2 ഓവറില്‍ 78 റണ്‍സടിച്ചു. പത്താം ഓവറില്‍ നരെയ്നെ സിക്സിന് പറത്താനുള്ള ശ്രമത്തില്‍ രോഹിത് ബൗണ്ടറിയില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ കൈകളിലൊതുങ്ങി. 30 പന്തില്‍ 33 റണ്‍സായിരുന്നു രോഹിത്തിന്‍റെ നേട്ടം.
നിരാശപ്പെടുത്തി സൂര്യകുമാറും ഇഷാന്‍ കിഷനും
പതിവുഫോമിലേക്ക് ഉയരാവാനാതെ പോയ സൂര്യകുമാര്‍ യാദവ്(10 പന്തില്‍ 5) മടങ്ങിയതോടെ മുംബൈ സമ്മര്‍ദ്ദത്തിലായി. അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ റണ്‍നിരക്ക് കൂട്ടാനുള്ള ശ്രമത്തില്‍ ഡീ കോക്കും(42 പന്തില്‍ 55), റസലിനെ സിക്സടിച്ച് പ്രതീക്ഷ നല്‍കിയതിന് പിന്നാലെ ഇഷാന്‍ കിഷനും(13 പന്തില്‍ 14) മടങ്ങിയതോടെ മുംബൈയില്‍ നിന്ന് വമ്പന്‍ സ്കോര്‍ അകന്നു. കീറോണ്‍ പൊള്ളാര്‍ഡ്(15 പന്തില്‍ 21) തകര്‍ത്തടിക്കാന്‍ ശ്രമിച്ചെങ്കിലും അവസാന ഓവറില്‍ പൊള്ളാര്‍ഡ് റണ്ണൗട്ടായത് മുംബൈക്ക് തിരിച്ചടിയായി, ലോക്കി ഫെര്‍ഗൂസന്‍റെ അവസാന ഓവറില്‍ പൊള്ളാര്‍ഡും ക്രുനാല്‍ പാണ്ഡ്യയും(9 പന്തില്‍ 12) വീണതോടെ മുംബൈ ടോട്ടല്‍ റണ്‍സിലൊതുങ്ങി.
കൊല്‍ക്കത്തക്കായി ലോക്കി ഫെര്‍ഗൂസനും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സുനില്‍ നരെയ്ന്‍ ഒരു വിക്കറ്റെടുത്തു.