ധോണി ഒരിക്കലും റെയ്നയെ മാറ്റില്ലെന്ന് സെവാഗ്
കൊല്‍ക്കത്തക്കെതിരായ മത്സരത്തിന് പിന്നാലെ സണ്‍റൈസേഴ്സിനെതിരായ മത്സരത്തിലും സുരേഷ് റെയ്ന നിരാശപ്പെടുത്തിയതിന് പിന്നാലെ റെയ്നയെ മാറ്റണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു. സീസണില്‍ ഇതുവരെ കളിച്ച 11 മത്സരങ്ങളില്‍ 157 റണ്‍സ് മാത്രമാണ് റെയ്ന നേടയിത്.
ദുബായ്: ഐപിഎല്ലില്‍(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്സ്(Chennai Super Kings-CSK) വിജയക്കുതിപ്പ് തുടരുകയാണെങ്കിലും ചെന്നൈ ബാറ്റിംഗ് നിരയിലെ രണ്ടുപേരുടെ പ്രകടനം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ചെന്നൈയുടെ നായകന്‍ കൂടിയായ എം എസ് ധോണി(MS Dhoni)യുടെയും 'ചിന്നത്തല' ആയ സുരേഷ് റെയ്നയുടെയും(Suresh Raina).
കൊല്‍ക്കത്തക്കെതിരായ മത്സരത്തിന് പിന്നാലെ സണ്‍റൈസേഴ്സിനെതിരായ മത്സരത്തിലും സുരേഷ് റെയ്ന നിരാശപ്പെടുത്തിയതിന് പിന്നാലെ റെയ്നയെ മാറ്റണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു. സീസണില്‍ ഇതുവരെ കളിച്ച 11 മത്സരങ്ങളില്‍ 157 റണ്‍സ് മാത്രമാണ് റെയ്ന നേടയിത്. ധോണിയാകട്ടെ 11 കളികളില്‍ 66 റണ്‍സും. ഹൈദരാബാദിനെതിരെ സിക്സടിച്ച് ടീമിനെ വിജയിച്ചിപ്പിച്ചതിന് പിന്നാലെ ധോണിക്കെതിരായ വിമര്‍ശനങ്ങള്‍ കുറഞ്ഞെങ്കിലും റെയ്ന ഇപ്പോഴും വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ്.
എന്നാല്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സുരേഷ് റെയ്നയെ എം എസ് ധോണി മാറ്റില്ലെന്ന് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ബാറ്റിംഗ് ഓര്‍ഡറില്‍ റെയ്നയെ എവിടെ ഇറക്കണമെന്ന കാര്യത്തില്‍ ധോണിക്ക് എന്തെങ്കിലും സംശയങ്ങള്‍ ഉള്ളതായി തനിക്ക് തോന്നുന്നില്ലെന്നും സെവാഗ് പറഞ്ഞു.
റെയ്ന മികച്ച പ്രകടനമല്ല പുറത്തെടുക്കുന്നത് എന്ന് ഏറ്റവും നന്നായി അറിയാവുന്ന ആള്‍ ധോണി തന്നെയായിരിക്കും. പക്ഷെ എന്നാലും അദ്ദേഹം മറ്റാരെയെങ്കിലും വെച്ച് റെയ്നയെ മാറ്റാന്‍ തയാറാവില്ല. കാരണം ടീമിന്‍റെ ബാറ്റിംഗ് കരുത്തിനെക്കുറിച്ച് ധോണിക്ക് അത്രമാത്രം വിശ്വാസമുണ്ട്. ഷര്‍്ദുല്‍ ഠാക്കൂര്‍ വരെ ബാറ്റ് ചെയ്യാന്‍ കഴിയുന്നവരാണ് ചെന്നൈ ബാറ്റിംഗ് നിരയിലുള്ളത്.
പ്ലേ ഓഫിന് മുമ്പ് റെയ്ന കുറച്ച് റണ്‍സടിച്ച് ഫോമിലാവേണ്ടതുണ്ട്. അതിനായാണ് ഹൈദരാബാദിനെതിരെ റെയ്നയെ നേരത്തെ ഇറക്കിയത്. കാരണം പ്ലേ ഓഫില്‍ റെയ്നയെ പോലെ പരിചയസമ്പന്നനായ ഒരു കളിക്കാരന്‍റെ സാന്നിധ്യം ധോണിക്ക് ആവശ്യമുണ്ട്. റെയ്നക്ക് തിളങ്ങാന്‍ ഒറ്റ മത്സരം മതി. അത് അധികം വൈകാതെ ഉണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം ടി20 ക്രിക്കറ്റ് റെയ്ന അത്രമേല്‍ ഇഷ്ടപ്പെടുന്നു. അതുവരെ അദ്ദേഹം റണ്‍സടിക്കുന്നതിനേക്കാള്‍ കൂടുതല്‍ പന്തുകള്‍ കളിക്കാനാണ് ശ്രമിക്കേണ്ടതെന്നും സെവാഗ് പറഞ്ഞു. പ്ലേ ഓഫ് ഉറപ്പിച്ച ചെന്നൈ നാളെ അബുദാബിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.