ഐപിഎല്‍ 2021: 'എന്റെ ഭാര്യയെ വെറുതെ വിടൂ'; കേണപേക്ഷിച്ച് ഡാന്‍ ക്രിസ്റ്റ്യന്‍; നീരസം പ്രകടമാക്കി മാക്‌സ്‌വെല്‍
ഐപിഎല്ലിന്റെ രണ്ട് പാദത്തിലും മികച്ച പ്രകടനമാായിരുന്നു ആര്‍സിബിയുടേത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ (Glenn Maxwell) ബാറ്റിംഗ് മികവ് ആര്‍സിബിയെ ഏറെ സഹായിച്ചിരുന്നു.
ദുബായ്: ഐപിഎല്ലില്‍ (IPL 2021) ഒരിക്കല്‍കൂടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) കിരീടമില്ലാതെ മടങ്ങുന്നു. ആദ്യ പ്ലേഓഫില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് (Kolkata Knight Riders) നാല് വിക്കറ്റിനോട് തോറ്റതോടെയാണ് കൊല്‍ക്കത്ത (KKR) ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായയത്. വിരാട് കോലി (Virat Kohli) ആര്‍സിബിയുടെ (RCB) ക്യാപ്റ്റനായുള്ള അവസാന സീസണ്‍ കൂടിയായിരുന്നിത്.
ഐപിഎല്ലിന്റെ രണ്ട് പാദത്തിലും മികച്ച പ്രകടനമാായിരുന്നു ആര്‍സിബിയുടേത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ (Glenn Maxwell) ബാറ്റിംഗ് മികവ് ആര്‍സിബിയെ ഏറെ സഹായിച്ചിരുന്നു. എന്നാല്‍ കൊല്‍ക്കത്തയ്‌ക്കെതിരെ അത്ര നല്ല പ്രകടനായിരുന്നില്ല ഓസ്‌ട്രേലിയന്‍ താരത്തിന്റേത്. 18 പന്തില്‍ 15 റണ്‍സെടുത്ത് താരം പുറത്തായി. ഇതോടെ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളും ഉയര്‍ന്നു.
ഐപിഎല്‍ 2021: ആര്‍സിബിയുടെ തോല്‍വിക്കിടയിലും ഹര്‍ഷലിന് നേട്ടം; ടി20 ഇതിഹാസത്തിന്റെ റെക്കോഡിനൊപ്പം
അതിനെതിരെ പ്രതികരിക്കുകയാണ് മാക്‌സി. ട്വിറ്ററിലാണ് കടുത്ത ഭാഷയില്‍ മാക്‌സി തന്റെ വിയോജിപ്പ് പ്രകടമാക്കിയത്. മാക്‌സിയുടെ ട്വീറ്റ് ഇങ്ങനെ... ''ആര്‍സിബിയെ സംബന്ധിച്ചിടത്തോളം മികച്ച സീസണായിരുന്നു ഇത്. എന്നാല്‍ ഞങ്ങള്‍ കരുതിയടത്ത് സീസണ്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അതൊരുക്കിലും ഈ സീസണിലെ കുറവായിട്ട് ഞാന്‍ കാണുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില പരിഹാസങ്ങള്‍ വളരെയധികം വേദനിപ്പിക്കുന്നതാണ്. ഞങ്ങളും മനുഷ്യരാണ്. എല്ലാ മത്സരങ്ങളിലും ഞങ്ങളുടെ കഴിവിന്റെ പരമാവധി നല്‍കാനാണ് ശ്രമിക്കുന്നത്. ഇത്തരം അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക. എല്ലാവരും നല്ലവരായിരിക്കൂ.
സ്‌നേഹവും അഭിനന്ദനങ്ങളും അറിച്ച യഥാര്‍ത്ഥ ആരാധകരോട് കടപ്പാടുണ്ട്. എന്നാല്‍ മറ്റുചിലരുണ്ട്, അവര്‍ സമൂഹ മാധ്യമങ്ങളില്‍ അനാവശ്യം പറഞ്ഞുപരത്തുകയാണ്. നിങ്ങള്‍ അവരെപോലെ ആവാതിരിക്കാന്‍ ശ്രമിക്കുക.''
മറ്റൊരു ട്വീറ്റില്‍ പറയുന്നതിങ്ങനെ... ''എന്റെ സുഹൃത്തുക്കളേയൊ സഹതാരങ്ങളേയൊ നിങ്ങള്‍ മോശമായി സംസാരിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും നിങ്ങളെ ബ്ലോക്ക് ചെയ്യും. അതിലൊരു ഉപാധിയുമില്ല.'' മാക്‌സ്‌വെല്‍ കുറിച്ചിട്ടു.
ഓസ്‌ട്രേലിയന്‍ ടീമിലും ആര്‍സിബിയും മാക്‌സ്‌വെല്ലിന്റെ സഹതാരമായ ഡാന്‍ ക്രിസ്റ്റിയനും ഇന്നലെ നല്ല ദിവസമായിരുന്നില്ല. 1.4 ഓവറുകള്‍ മാത്രമെറിഞ്ഞ താരം 29 റണ്‍സാണ് വിട്ടുകൊടുത്തത്. ബാറ്റ് ചെയ്തപ്പോള്‍ എട്ട് പന്തില്‍ ഒമ്പത് റണ്‍സാണ് താരം നേടിയത്. ക്രിസ്റ്റ്യനേയും ചില ആരാധകര്‍ വെറുതെ വിട്ടില്ല. അദ്ദേഹത്തിന്റെ ഭാര്യയുടെ ഇന്‍സ്റ്റ്ഗ്രാം അക്കൗണ്ടിലായിരുന്നു ആക്രമണം.
അതിന്റെ നീരസം അദ്ദേഹം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ വ്യക്തമാക്കുകയും ചെയ്തു. ക്രിസ്റ്റിയന്റെ വാക്കുകളിങ്ങനെ... ''എന്റെ പങ്കാളിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുടെ കമന്റ് സെക്ഷന്‍ നോക്കൂ. ശരിയാണ് ഇന്ന് എനിക്ക് നല്ല ദിവസമായിരുന്നില്ല. സ്‌പോര്‍ട്‌സില്‍ അങ്ങനെയാണ്. എന്നാല്‍ എന്റെ ഭാര്യയെ വെറുതെ വിടൂ.'' അദ്ദേഹം കുറിച്ചിട്ടു.