ഗെയ്‌ക്‌വാദ് ഷോ, സൂപ്പര്‍ സെഞ്ചുറി; ചെന്നൈക്കെതിരെ രാജസ്ഥാന് 190 റണ്‍സ് വിജയലക്ഷ്യം
ഇന്നിംഗ്‌സിലെ അവസാന പന്തില്‍ സിക്‌സുമായി ഗെയ്‌വാദിന്‍റെ മാസ് സെഞ്ചുറി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മികച്ച സ്‌കോര്‍.
അബുദാബി: ഐപിഎല്ലില്‍(IPL 2021) റുതുരാജ് ഗെയ്‌വാദിന്‍റെ(Ruturaj Gaikwad) ഗംഭീര സെഞ്ചുറിയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ(Rajasthan Royals) ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്(Chennai Super Kings) മികച്ച സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ നാല് വിക്കറ്റിന് 189 റണ്‍സെടുത്തു. ഗെയ്‌ക്‌വാദും(60 പന്തില്‍ 101*), ജഡേജയും(15 പന്തില്‍ 32*) പുറത്താകാതെ നിന്നു. രാജസ്ഥാനായി രാഹുല്‍ തെവാട്ടിയ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
ചെന്നൈയുടേത് ഗംഭീര തുടക്കം
പതിവുപോലെ റുതുരാജ് ഗെയ്‌ക്‌വാദും ഫാഫ് ഡുപ്ലസിസും ചെന്നൈയുടെ തുടക്കം ഗംഭീരമാക്കി. ടൂര്‍ണമെന്‍റില്‍ തകര്‍പ്പന്‍ ഫോമിലുള്ള ഇരുവരും പവര്‍പ്ലേയില്‍ 44 റണ്‍സ് ചേര്‍ത്തു. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ഏഴാം ഓവര്‍ വരെ രാജസ്ഥാന്‍ കാത്തിരിക്കേണ്ടിവന്നു. 19 പന്തില്‍ 25 റണ്‍സെടുത്ത ഫാഫ് ഡുപ്ലസിയെ തെവാട്ടിയ സഞ്ജുവിന്‍റെ കൈകളിലെത്തിച്ചു. ഒരോവറിന്റെ ഇടവേളയില്‍ മൂന്നാമന്‍ സുരേഷ് റെയ്‌നയെയും(5 പന്തില്‍ 3) തെവാട്ടിയ മടക്കി. സിക്‌സറിന് ശ്രമിച്ച റെയ്‌ന ബൗണ്ടറിയില്‍ ദുബെയുടെ കൈകളില്‍ കുരുങ്ങുകയായിരുന്നു.
എന്നാല്‍ തന്‍റെ മനോഹര ബാറ്റിംഗ് തുടര്‍ന്ന റുതുരാജ്, മൊയീന്‍ അലിയെ കൂട്ടുപിടിച്ച് 14-ാം ഓവറില്‍ ചെന്നൈയെ 100 കടത്തി. ഇതേ ഓവറില്‍ റുതുരാജ് അര്‍ധ സെഞ്ചുറി തികച്ചു. തൊട്ടടുത്ത ഓവറില്‍ തെവാട്ടിയയെ രണ്ട് സിക്‌സുകള്‍ക്ക് പറത്തി ഗെയ്‌ക്‌വാദ് സൂചന നല്‍കി. എന്നാല്‍ നാലാം പന്തില്‍ അലിയെ(17 പന്തില്‍ 21) സ്റ്റംപ് ചെയ്ത് സഞ്ജു ഈ കൂട്ടുകെട്ട് പൊളിച്ചു. 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ചെന്നൈ സ്‌കോര്‍ 116-3.
സെഞ്ചുറി ഗെയ്‌ക്‌വാദ്, മിന്നല്‍ ജഡേജ
17-ാം ഓവറില്‍ സക്കരിയയുടെ പന്തില്‍ അമ്പാട്ടി റായുഡു(2) പുറത്തായി. അവിടുന്നങ്ങോട്ട് സിക്‌സുകളും ഫോറുകളുമായി കത്തിക്കയറുകയായിരുന്നു ഗെയ്‌ക്‌വാദ്. സീസണില്‍ റണ്‍സമ്പാദ്യം 500 താരം പിന്നിടുകയും ചെയ്‌തു. ഒപ്പം ചേര്‍ന്ന രവീന്ദ്ര ജഡേജയും വേഗം റണ്‍സ് കണ്ടെത്തിയതോടെ ചെന്നൈ മികച്ച സ്‌കോറിലെത്തി. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ സിക്‌സര്‍ നേടി ഗെയ്‌ക്‌വാദ് കന്നി ഐപിഎല്‍ സെഞ്ചുറി തികച്ചു. അവസാന അഞ്ച് ഓവറില്‍ 73 റണ്‍സ് ചെന്നൈ അടിച്ചെടുത്തത് കരുത്തായി.
വമ്പന്‍ മാറ്റങ്ങളുമായി ടീമുകള്‍
ഇരു ടീമും പ്ലേയിംഗ് ഇലവനില്‍ വലിയ മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ജീവന്‍മരണ പോരില്‍ രാജസ്ഥാന്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തി. ഇവരില്‍ ഗ്ലെന്‍ ഫിലിപ്‌സും മായങ്ക് മര്‍ക്കാണ്ഡെയും ആകാശ് സിംഗും റോയല്‍സിനായി കന്നി മത്സരമാണ് കളിക്കുന്നത്. ചെന്നൈയാവട്ടെ ഡ്വെയ്‌ന്‍ ബ്രാവോയ്‌ക്ക് പകരം സാം കറനും ദീപക് ചഹാറിന് പകരം കെ എം ആസിഫിനും അവസരം നല്‍കി.
രാജസ്ഥാന്‍ റോയല്‍സ്: എവിന്‍ ലൂയിസ്, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍(നായകന്‍), ശിവം ദുബെ, ഗ്ലെന്‍ ഫിലിപ്‌സ്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, ആകാശ് സിംഗ്, മായങ്ക് മര്‍ക്കാണ്ഡെ, ചേതന്‍ സക്കരിയ, മുസ്‌തഫീസൂര്‍ റഹ്‌മാന്‍.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ഫാഫ് ഡുപ്ലസിസ്, മൊയീന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, എം എസ് ധോണി(നായകന്‍), രവീന്ദ്ര ജഡേജ, സാം കറന്‍, ഷര്‍ദുല്‍ ഠാക്കൂര്‍, കെ എം ആസിഫ്, ജോഷ് ഹേസല്‍വുഡ്.
നേര്‍ക്കുനേര്‍ കണക്ക്
ഇരു ടീമുകളും തമ്മിലുള്ള പോരാട്ടങ്ങളുടെ ചരിത്രം രാജസ്ഥാന്‍ റോയല്‍സിന് ശുഭകരമല്ല. പരസ്‌പരം ഏറ്റുമുട്ടിയ 24 മത്സരങ്ങളില്‍ 15ലും ജയിച്ചത് ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്. ഈ സീസണിലെ ആദ്യ മത്സരത്തിലും 45 റണ്‍സിന്റെ വമ്പന്‍ ജയം ചെന്നൈക്കൊപ്പമായിരുന്നു.
ഐപിഎല്‍: മുംബൈക്കെതിരെ പൊരുതി ജയിച്ച് ഡല്‍ഹി പ്ലേ ഓഫില്‍