മോര്‍ഗനെ മാറ്റി ഷാക്കിബിനെ കൊല്‍ക്കത്തയുടെ നായകനാക്കണമെന്ന് ആകാശ് ചോപ്ര

ഷാക്കിബാവുമ്പോള്‍ ബാറ്റ് ചെയ്യുന്നതിനൊപ്പം ഏതാനും ഓവറുകള്‍ പന്തെറിയുകയും ചെയ്യുമെന്നാണ് തന്‍റെ ചിന്തയെന്നും ആകാശ് ചോപ്ര പറഞ്ഞു.

IPL 2021: Make Shakib Al Hasan as Captain for remaining matches, Aakash Chopra asks KKR

ദുബായ്: ഐപിഎല്ലില്‍(IPL 2021) മോശം ഫോം തുടരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്( Kolkata Knight Riders) നായകന്‍ ഓയിന്‍ മോര്‍ഗനെ(Eoin Morgan) മാറ്റി ഓള്‍ റൗണ്ടറായ ഷാക്കിബ് അല്‍ ഹസനെ (Shakib Al Hasan)ക്യാപ്റ്റനാക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര(Aakash Chopra). മോര്‍ഗനെതിരെ തനിക്ക് വിരോധമൊന്നുമില്ലെന്നും പക്ഷെ അദ്ദേഹം റണ്‍സടിക്കുന്നില്ലെങ്കില്‍ മറ്റു വഴികള്‍ ആലോചിക്കണമെന്നും ആകാശ് ചോപ്ര പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ക്കും ഇതുപോലെ റണ്‍ വരള്‍ച്ച സംഭവിക്കാം. അതുകൊണ്ടുതന്നെ മോര്‍ഗന് പകരം ഷാക്കിബിനിനെ നായകനാക്കുന്നത് കൊല്‍ക്കത്തക്ക് ഗുണം ചെയ്യും. ഷാക്കിബാവുമ്പോള്‍ ബാറ്റ് ചെയ്യുന്നതിനൊപ്പം ഏതാനും ഓവറുകള്‍ പന്തെറിയുകയും ചെയ്യുമെന്നാണ് തന്‍റെ ചിന്തയെന്നും ആകാശ് ചോപ്ര പറഞ്ഞു.

പഞ്ചാബ് കിംഗ്സിനെതിരെ ഇന്നലെ നടന്ന മത്സരത്തിലും ഷാക്കിബ് അൽ ഹസ്സനെ കൊൽക്കത്ത ടീമിലെടുക്കാത്തതിൽ പരിശീലകന്‍ ബ്രെണ്ടം മക്കല്ലത്തെ ആകാശ് ചോപ്ര പരോക്ഷമായി വിമര്‍ശിച്ചിരുന്നു. ഷാക്കീബ് ഒരു ന്യൂസീലന്‍ഡുകാരന്‍ ആയിരുന്നെങ്കില്‍ എന്നാണ് ആകാശ് ട്വിറ്ററില്‍ കുറിച്ചത്. നാട്ടുകാരനായ ടിം സീഫെര്‍ട്ടിനെ മക്കല്ലം ടീമിൽ ഉള്‍പ്പെടുത്തിയതിനോടായിരുന്നു ചോപ്രയുടെ പ്രതികരണം.

സീസണിൽ മൂന്ന് കളിയിൽ മാത്രമേ ഷാക്കിബിന് അവസരം നൽകിയുള്ളൂ. ബംഗ്ലാദേശിനായി 88 ട്വന്‍റി 20യിൽ 1763 റൺസും 106 വിക്കറ്റും വീഴ്ത്തിയിട്ടുള്ള ഷാക്കിബ് ഐസിസി റാങ്കിംഗിലെ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍, ടിം സീഫര്‍ട്ട് തുടങ്ങി മൂന്ന് ന്യൂസീലന്‍ഡ് താരങ്ങള്‍ കൊൽക്കത്ത ടീമില്‍ കളിക്കുന്നുണ്ട്.

അടുത്തിടെ ബംഗ്ലാദേശിലെ സ്പിന്‍ ട്രാക്കില്‍ നടന്ന ഓസ്ട്രേലിയക്കും ന്യൂസിന്‍ഡിനുമെതിരെ നടന്ന ടി20 പരമ്പരകളില്‍ ബാറ്റിംഗിലും ബൗളിംഗിലും ഷാക്കിബ് തിളങ്ങിയിരുന്നു. എന്നാല്‍ യുഎഇയിലെ സ്ലോ പിച്ചുകളില്‍ ഷാക്കിബിന് ഇതുവരെ പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കാന്‍ കൊല്‍ക്കത്ത പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം തയാറായിട്ടില്ല.

Latest Videos
Follow Us:
Download App:
  • android
  • ios