ഫുട്ബോള്‍ മാതൃകയില്‍ ക്രിക്കറ്റും; വരുന്നു ഐപിഎല്ലില്‍ ചരിത്ര പരിഷ്‌കാരം
അവസാന ദിവസം ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദിനെയും രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസിനെയുമാണ് നേരിടേണ്ടത്
ദുബായ്: ഫുട്ബോള്‍ ലീഗുകള്‍ക്ക് സമാനമായി ഐപിഎല്ലില്‍ വമ്പന്‍ പരിഷ്‌കാരത്തിന് ബിസിസിഐ(BCCI). ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) അവസാന രണ്ട് ലീഗ് മത്സരങ്ങൾ ഒരേസമയം നടത്തും. അവസാന ദിവസം ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദിനെയും രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസിനെയുമാണ് നേരിടേണ്ടത്.
എന്തിന് പുതിയ പരിഷ്‌കാരം?
പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിക്കുന്നതിൽ നിർണായക മത്സരങ്ങളായതിനാൽ ഫുട്ബോളിലെപ്പോലെ രണ്ട് മത്സരവും ഒരേസമയം നടത്താൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. വ്യത്യസ്ത സമയം കളി നടക്കുകയാണെങ്കിൽ രണ്ടാമത് കളിക്കുന്നവർക്ക് മുൻതൂക്കം ഉണ്ടാവുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനം. ഫുട്ബോളില്‍ ഏറെനാളായി ഈ രീതി പിന്തുടരുന്നുണ്ട്.
ആരൊക്കെ ഉറപ്പിക്കും പ്ലേ ഓഫ്
പ്ലേ ഓഫ് ഉറപ്പിക്കാന്‍ ടീമുകള്‍ക്ക് ഏറെ നിര്‍ണായകമാണ് വരും മത്സരങ്ങള്‍. ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ 16 പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഡൽഹി ക്യാപിറ്റല്‍സുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 12 പോയിന്‍റുമായി മൂന്നാം സ്ഥാനത്തും 10 പോയിന്‍റുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നാലാം സ്ഥാനത്തുമാണ്. മുംബൈ ഇന്ത്യന്‍സിനും 10 പോയിന്റുണ്ടെങ്കിലും റൺറേറ്റിൽ പിന്നിലായതിനാൽ ടീം അഞ്ചാം സ്ഥാനത്താണ്.
പുതിയ ടീമുകള്‍ ഒക്‌ടോബർ 25ന്
ഐപിഎല്ലിലെ പുതിയ രണ്ട് ടീമുകളെ ഒക്‌ടോബർ 25ന് പ്രഖ്യാപിക്കും. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് പിന്നാലെയാവും പുതിയ ടീമുകളുടെ പ്രഖ്യാപനം ഉണ്ടാവുക. ഗോയങ്ക ഗ്രൂപ്പ് ലക്‌നൗ ഫ്രാഞ്ചൈസിയും ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പിന്തുണയുള്ള അദാനി ഗ്രൂപ്പ് അഹമ്മദാബാദ് ഫ്രാഞ്ചൈസിയും സ്വന്തമാക്കുമെന്നാണ് സൂചന. ഫ്രാഞ്ചൈസി ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് ഒക്‌ടോബര്‍ 10 വരെ അപേക്ഷ നൽകാം. നേരത്തേ ഒക്‌ടോബർ അഞ്ചായിരുന്നു അവസാന തീയതി.
കൂടുതല്‍ ഐപിഎല്‍ വാര്‍ത്തകള്‍
അശ്വിനോട് മോര്‍ഗന്‍ ചൂടായതില്‍ ഒരു തെറ്റുമില്ലെന്ന് വോണ്‍
റിഷഭ് പന്തിന്‍റെ റെക്കോര്‍ഡ് ബുക്കില്‍ മറ്റൊരു പൊന്‍തൂവല്‍; മറികടന്നത് സെവാഗിനെ!
ഇതിഹാസത്തിന് സഞ്ജുവിനെ വലിയ വിശ്വാസം, റണ്‍സടിച്ചുകൂട്ടുമ്പോള്‍ സന്തോഷം അദ്ദേഹത്തിന്: മുന്‍താരം
ഐപിഎല്‍ 2021: അശ്വിന്‍- മോര്‍ഗന്‍ വാക്കുതര്‍ക്കം; പന്തിന്‍റെ പക്വതയോടെയുള്ള പ്രതികരണമിങ്ങനെ