ഐപിഎല്‍ 2021: രണ്ടാംഘട്ടത്തിലും കുതിക്കാന്‍ ആര്‍സിബി; എതിരാളികള്‍ കൊല്‍ക്കത്ത
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കം കിട്ടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മികവ് തുടരാനാണ് ഇറങ്ങുന്നത്
അബുദാബി: ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോരാട്ടം. ദുബൈയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കം കിട്ടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മികവ് തുടരാനാണ് ഇറങ്ങുന്നത്. ഏഴ് കളിയിൽ അഞ്ചിലും ജയിച്ച ആര്‍സിബി പോയിന്റ് പട്ടികയിൽ മൂന്നാമതുണ്ട്. ആദ്യഘട്ടത്തിലെ പ്രകടനം ആവർത്തിക്കുന്നതിനൊപ്പം ഐപിഎൽ കിരീടവും വിരാട് കോലിക്ക് അനിവാര്യം. ട്വന്റി 20 നായക പദവി ഒഴിയുന്ന കോലിക്ക് ആദ്യ കിരീട വിജയത്തിലൂടെയേ ഇന്ത്യൻ ടീമിനകത്തും പുറത്തുമുള്ള എതിരാളികൾക്കും വിമർശകർക്കും മറുപടി നൽകാൻ കഴിയൂ.
ദേവ്ദത്ത് പടിക്കൽ, ഗ്ലെൻ മാക്‌സ്‌വെൽ, എ ബി ഡിവിലിയേഴ്‌സ് എന്നിവർ ഒപ്പമുള്ളപ്പോൾ റൺസിനെക്കുറിച്ച് കോലിക്ക് ആശങ്കയില്ല. മുഹമ്മദ് സിറാജും യുസ്‍വേന്ദ്ര ചഹലുമുണ്ടെങ്കിലും ബൗളിംഗ് നിരയാണ് എന്നും ദൗർബല്യം. പരിക്കേറ്റ് പിൻമാറിയ വാഷിംഗ്ടൺ സുന്ദറിന് പകരം ടീമിലെത്തുക ലങ്കൻ സ്‌പിന്നർ വാനിന്ദു ഹസരംഗയാവും.
ഏഴ് കളിയിൽ അഞ്ചിലും തോറ്റ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകമാണ്. ശുഭ്മാൻ ഗില്ലും നായകൻ ഓയിൻ മോർഗനും ഒഴികെയുള്ളവരുടെ മോശം ഫോമാണ് ആദ്യഘട്ടത്തിൽ തിരിച്ചടിയായത്. സുനിൽ നരെയ്‌നും ആന്ദ്രേ റസലും കരീബിയൻ പ്രീമിയർ ലീഗിൽ ഫോം വീണ്ടെടുത്തത് കൊൽക്കത്തയ്‌ക്ക് ആശ്വാസമാവും. പ്രതീക്ഷയായി വരുൺ ചക്രവർത്തിയുടെ സ്‌പിൻ മികവുമുണ്ട്. ടീം വിട്ട പാറ്റ് കമ്മിൻസിന് പകരം ടിം സൗത്തി ടീമിലെത്തിയെങ്കിലും ലോക്കീ ഫെർഗ്യുസനാവും പുതിയ പന്തെറിയുക.
ഐപിഎല്‍ രണ്ടാംഘട്ടത്തിന് ത്രില്ലര്‍ തുടക്കം; 'എല്‍ ക്ലാസിക്കോ'യില്‍ മുംബൈയെ പൊട്ടിച്ച് ചെന്നൈ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona