മലയാളി താരം സന്ദീപിനും വരുണ്‍ ചക്രവര്‍ത്തിക്കും കൊവിഡ്; കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം മാറ്റി
ഐപിഎല്ലില്‍ കനത്ത ആശങ്ക. കൊല്‍ക്കത്തയുടെ മലയാളി താരം സന്ദീപ് വാര്യര്‍ക്കും വരുണ്‍ ചക്രവര്‍ത്തിക്കും കൊവിഡ് സ്ഥിരീകരിച്ചു.
അഹമ്മദാബാദ്: ഐപിഎല്‍ പതിനാലാം സീസണ്‍ നടത്തിപ്പിന് കൊവിഡ് ഭീഷണി. രണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ കൊവിഡ് ബാധിതരായതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഇന്നത്തെ മത്സരം മാറ്റിവച്ചു. മലയാളി പേസര്‍ സന്ദീപ് വാര്യര്‍, സ്‌പിന്നര്‍ വരുൺ ചക്രവര്‍ത്തി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മറ്റ് കൊൽക്കത്ത താരങ്ങളുടെ പരിശോധനാഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ട്. ചില പരിശോധനകളുടെ ഭാഗമായി വരുൺ നടത്തിയ ആശുപത്രി സന്ദര്‍ശനത്തിടെ വൈറസ് ബാധയേറ്റെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. അഹമ്മദാബാദില്‍ ഇന്ന് വൈകിട്ട് ഏഴരയ്‌ക്കായിരുന്നു കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം നടക്കേണ്ടിയിരുന്നത്.
ഒരു കളിക്കാരനോ പരിശീലകനോ കൊവിഡ് സ്ഥിരീകരിച്ചാൽ ടീമിലെ മറ്റെല്ലാവരും ആറ് ദിവസം ഐസൊലേഷനിലേക്ക് മാറണമെന്നാണ് ഐപിഎൽ ചട്ടം. ശനിയാഴ്ച ഡൽഹിക്കെതിരെയാണ് കൊൽക്കത്തയുടെ അടുത്ത മത്സരം.