തെറ്റുപറ്റിയത് ഞങ്ങള്‍ക്കാണ്, മുംബൈക്കെതിരായ തോല്‍വിക്ക് പിച്ചിനെയോ ടോസിനെയോ കുറ്റം പറയാനില്ലെന്ന് സംഗക്കാര
പവര്‍ പ്ലേ കഴിഞ്ഞപ്പോള്‍ 42-1 എന്ന സ്കോറിലായിരുന്നു ഞങ്ങള്‍. 12-13 ഓവര്‍ വരെ കൂടുതല്‍ വിക്കറ്റ് കളയാതെ പരമാവധി രണ്ടോ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കളിക്കുകയും അതിനുശേഷം ഏതെങ്കിലും ഒന്നോ രണ്ടോ ബൗളര്‍മാരെ ലക്ഷ്യമിട്ട് ആക്രമിക്കുകയും ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ഗെയിം പ്ലാന്‍. പക്ഷെ പവര്‍ പ്ലേക്ക് ശേഷം ഞങ്ങള്‍ക്ക് ഒരുപാട് വിക്കറ്റുകള്‍ നഷ്ടമായി.
ഷാര്‍ജ: ഐപിഎല്ലിലെ(IPL 2021)നിര്‍ണായക പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോട്(Mumbai Indians) കനത്ത തോല്‍വി വഴങ്ങിയതിന് പിച്ചിനെയോ ടോസിനെയോ കുറ്റം പറയാനില്ലെന്നും തെറ്റു പറ്റിയത് തന്‍റെ ടീമിന് തന്നെയാണെന്നും രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് കുമാര്‍ സംഗക്കാര(Kumar Sangakkara). മുംബൈക്കെതിരെ മികച്ച തുടക്കം ലഭിച്ചതിനുശേഷം തകര്‍ന്നടിഞ്ഞത് അപ്രതീക്ഷിതമായിരുന്നുവെന്നും സംഗക്കാര പറഞ്ഞു.
പവര്‍ പ്ലേ കഴിഞ്ഞപ്പോള്‍ 42-1 എന്ന സ്കോറിലായിരുന്നു ഞങ്ങള്‍. 12-13 ഓവര്‍ വരെ കൂടുതല്‍ വിക്കറ്റ് കളയാതെ പരമാവധി രണ്ടോ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കളിക്കുകയും അതിനുശേഷം ഏതെങ്കിലും ഒന്നോ രണ്ടോ ബൗളര്‍മാരെ ലക്ഷ്യമിട്ട് ആക്രമിക്കുകയും ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ഗെയിം പ്ലാന്‍. പക്ഷെ പവര്‍ പ്ലേക്ക് ശേഷം ഞങ്ങള്‍ക്ക് ഒരുപാട് വിക്കറ്റുകള്‍ നഷ്ടമായി.
ജിമ്മി നീഷാമും നേഥന്‍ കോള്‍ട്ടര്‍നൈലും നല്ല രീതിയില്‍ പന്തെറിഞ്ഞുവെന്നതും ഷാര്‍ജയില്‍ മുമ്പ് കളിക്കാതിരുന്നതിന്‍റെ പരിചയക്കുറവുണ്ടായിരുന്നു എന്നതും പിച്ച് സ്ലോ ആയിരുന്നു എന്നതുമെല്ലാം കണക്കിലെടുത്താലും കൂടുതല്‍ തെറ്റ് സംഭവിച്ചത് ഞങ്ങളുടെ ഭാഗത്തു നിന്നു തന്നെയാണ്. സ്കോര്‍ ബോര്‍ഡില്‍ 90 റണ്‍സ് മാത്രമുള്ളപ്പോള്‍ കൂടുതലായി ഒന്നും ചെയ്യാനില്ല. അല്ലെങ്കില്‍ അസാധാരണമായ പവര്‍ പ്ലേ സംഭവിക്കണം.
ഷാര്‍ജയിലെ പിച്ച് ബാറ്ററുടെ കഴിവിനെയും, മനോഭാവവത്തെയും പൊരുത്തപ്പെടാനുള്ള മിടുക്കിനെയും എല്ലാം വെല്ലുവിളിക്കുന്നതാണ്. ഇത്തരം പിച്ചുകളില്‍ വല്ലപ്പോഴുമൊക്കെ കളിക്കുന്നത് അതുകൊണ്ടുതന്നെ നല്ല കാര്യമാണ്. ഷാര്‍ജയിലേത് മികച്ച ടി20 പിച്ചായിരുന്നില്ല. പക്ഷെ ബാറ്ററെ വെല്ലുവിളിക്കുന്ന പിച്ചായിരുന്നു. അതുമൊരു അനുഭവമായി കണക്കാക്കണം. ടി20 ലോകകപ്പ് ആവുമ്പോഴേക്കും ഈ പിച്ചിന്‍റെ സ്വഭാവം എങ്ങനെയായിരിക്കുമെന്ന് കാത്തിരുന്ന് കാണണമെന്നും സംഗ പറഞ്ഞു.
അതിവേഗം റണ്‍ പിന്തുടര്‍ന്ന മുംബൈയുടെ സമീപനം അത്ഭുതപ്പെടുത്തിയിരുന്നില്ലെന്നും സംഗ പറഞ്ഞു. ഞങ്ങളായിരുന്നെങ്കിലും അതു തന്നെ ചെയ്യുമായിരുന്നു. കാരണം പവര്‍ പ്ലേ ആണ് റണ്‍സടിക്കാന്‍ ഏറ്റവും എളുപ്പമുള്ള സമയം. ഞങ്ങള്‍ പവര്‍ പ്ലേയില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞതുമില്ല. അതുകൊണ്ടുതന്നെ ഇത്രയും ചെറിയ ടോട്ടല്‍ പ്രതിരോധിക്കുമ്പോള്‍ പവര്‍ പ്ലേയില്‍ ഇത്രയും മികച്ച തുടക്കം ലഭിച്ചാല്‍ പിന്നെ കാര്യങ്ങളെല്ലാം എളുപ്പമാവുമെന്നും സംഗ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.