ഇനിയും ഉമ്രാന്‍ മാലിക്കുമാര്‍ വരും, ഭോഗ്‌ലെയോട് പത്താന്‍; കശ്‌മീര്‍ ഇന്ത്യയുടെ പേസ് ഫാക്‌ടറി?

നേരത്തെ, ഉമ്രാന്‍ മാലിക്കിന്‍റെ പേസിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റേയും ടീം ഇന്ത്യയുടേയും നായകനായ വിരാട് കോലി പ്രശംസിച്ചിരുന്നു

IPL 2021 Irfan Pathan and Harsha Bhogle discussion on Umran Malik caught attention by fans

ദുബായ്: ഐപിഎല്‍ പതിനാലാം സീസണിലെ(IPL 2021) ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(Sunrisers Hyderabad) പേസര്‍ ഉമ്രാന്‍ മാലിക്കിനെ(Umran Malik) കുറിച്ച് കമന്‍റേറ്റര്‍ ഹര്‍ഷാ ഭോഗ്‌ലെയും(Harsha Bhogle) ഇന്ത്യന്‍ മുന്‍താരം ഇര്‍ഫാന്‍ പത്താനും(Irfan Pathan) നടത്തിയ ട്വിറ്റര്‍ ചര്‍ച്ച ശ്രദ്ധേയം. ഉമ്രാനെ പോലെ അതിവേഗ പന്തുകളെറിയുന്ന പേസര്‍മാര്‍ ഇനിയും ജമ്മു ആന്‍ഡ് കശ്‌മീരിലുണ്ടോ എന്നായിരുന്നു ട്വിറ്ററില്‍ ഭോഗ്‌ലെയുടെ ചോദ്യം. നമ്മള്‍ ഉപരിതലം കുഴിച്ചുതുടങ്ങിയിട്ടേയുള്ളൂ, ഇനിയുമേറെ പ്രതിഭകളെ അവിടെനിന്ന് കണ്ടെത്താനുണ്ട് എന്നായിരുന്നു ഭോഗ്‌ലെയ്‌ക്ക് പത്താന്‍റെ മറുപടി. 

ഉമ്രാന് കയ്യടിച്ച് കോലിയും 

നേരത്തെ, ഉമ്രാന്‍ മാലിക്കിന്‍റെ പേസിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റേയും ടീം ഇന്ത്യയുടേയും നായകനായ വിരാട് കോലി പ്രശംസിച്ചിരുന്നു. 'ഐപിഎല്‍ എല്ലാ വര്‍ഷവും മികച്ച താരങ്ങളെ അവതരിപ്പിക്കാറുണ്ട്. ഒരു ഇന്ത്യന്‍ താരം 150 കി.മീ വേഗതയില്‍ പന്തെറിയുന്നത് കാണുന്നത് സന്തോഷമാണ്. താരത്തിന്‍റെ പുരോഗതി വിലയിരുത്തണമെന്നും' ആര്‍സിബി-സണ്‍റൈസേഴ്‌സ് മത്സരത്തിന് ശേഷം കോലി പറഞ്ഞു. 

പേസ് ബൗളിംഗ് നിര കരുത്തുറ്റതാണ് എന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് ശുഭ സൂചനയാണ്. ഉമ്രാന്‍ മാലിക്കിനെ പോലുള്ള പ്രതിഭകളെ കാണുമ്പോള്‍ ഐപിഎല്ലില്‍ കാഴ്‌ചവെക്കുന്ന പ്രകടനം പരമാവധി പുറത്തെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട് എന്നും കോലി കൂട്ടിച്ചേര്‍ത്തു. 

153 കി.മീ വേഗം! 

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ തന്നെ തീപാറും പേസ് കൊണ്ട് 21 വയസ് മാത്രമുള്ള ഉമ്രാന്‍ മാലിക്ക് അമ്പരപ്പിച്ചിരുന്നു. കെകെആറിനെതിരെ എറിഞ്ഞ 151.03 കി.മീ വേഗമുള്ള പന്ത് ഈ സീസണില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ വേഗമേറിയ ബോളായിരുന്നു. എന്നാല്‍ സണ്‍റൈസേഴ്‌സിനെതിരെ തന്‍റെ രണ്ടാം മത്സരത്തില്‍ 153 കി.മീ വേഗം കണ്ടെത്തി സീസണില്‍ ഇതുവരെയുള്ള വേഗമേറിയ പന്തിന്‍റെ റെക്കോര്‍ഡ് കീശയിലാക്കി. 

മത്സരത്തിന്‍റെ ഒമ്പതാം ഓവറിലായിരുന്നു ഉമ്രാന്‍ മാലിക്കിന്‍റെ വേഗമേറിയ പന്ത് പിറന്നത്. ഓവറിലെ ആദ്യ പന്ത് 147 കി.മീ വേഗത്തിലായിരുന്നു. രണ്ടാം പന്താകട്ടെ 151 കിലോമീറ്റര്‍ വേഗത്തിലും. 152 കിലോമീറ്റര്‍ വേഗത്തിലെറിഞ്ഞ മൂന്നാം പന്തിനുശേഷമാണ് ഉമ്രാന്‍ മാലിക്ക് നാലാം പന്ത് 153 കിലോമീറ്റര്‍ വേഗത്തിലെറിഞ്ഞ് റെക്കോര്‍ഡിട്ടത്. മലയാളി താരം ദേവ്ദത്ത് പടിക്കലിന് നേരെയെറിഞ്ഞ ഫുള്‍ടോസായിരുന്നു 153 കിലോമീറ്റര്‍ വേഗം രേഖപ്പെടുത്തിയത്.

ഇനി പട്ടിക ഉമ്രാന്‍ ഭരിക്കും 

152.75 കിലോമീറ്റര്‍ വേഗത്തിലെറിഞ്ഞ കൊല്‍ക്കത്തയുടെ ലോക്കി ഫെര്‍ഗൂസനെയാണ് ഉമ്രാന്‍ മാലിക്ക് മറികടന്നത്. 152.74 കിലോമീറ്റര്‍ വേഗത്തിലെറിഞ്ഞ ഫെര്‍ഗൂസന്‍ തന്നെയാണ് മൂന്നാം സ്ഥാനത്തും. നാലും(151.71), അഞ്ചും(151.71), ആറും(151.37) സ്ഥാനങ്ങളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ആന്‍റിച്ച് നോര്‍ട്യയാണ്. ഏഴും(151.33), എട്ടും(151.20) സ്ഥാനങ്ങളില്‍ വീണ്ടും ഫെര്‍ഗൂസന്‍ വരുമ്പോള്‍ ഒമ്പതാം സ്ഥാനത്ത്(151.03) വീണ്ടും ഉമ്രാന്‍ മാലിക്കാണ്.

ഉമ്രാന്‍ മാലിക്കിന്‍റെ പേസ് കോലിയ്ക്കും ബോധിച്ചു, അവനില്‍ ഒരു കണ്ണുവെച്ചോളുവെന്ന് ഉപദേശം

Latest Videos
Follow Us:
Download App:
  • android
  • ios