ഐപിഎല്‍ 'എല്‍ ക്ലാസിക്കോ': മുംബൈക്കെതിരെ ഇറങ്ങും മുമ്പ് ചെന്നൈക്ക് ശുഭ വാര്‍ത്ത; സൂപ്പര്‍താരം റെഡി
പരിക്കില്‍ നിന്ന് മോചിതനായ താരം സെലക്ഷന് തയ്യാര്‍ ആണെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥന്‍
ദുബൈ: ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തിലെ ആദ്യ പോരാട്ടത്തിന് തൊട്ടുമുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആശ്വാസ വാര്‍ത്ത. മുംബൈ ഇന്ത്യന്‍സിനെതിരെ ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തില്‍ സ്റ്റാര്‍ ഓപ്പണര്‍ ഫാഫ് ഡുപ്ലസിസ് കളിച്ചേക്കും. പരിക്കില്‍ നിന്ന് മോചിതനായ താരം സെലക്ഷന് ലഭ്യമാണെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കി.
'സിഎസ്‌കെ സ്‌ക്വാഡിലെ എല്ലാ താരങ്ങളും മത്സരത്തിന് തയ്യാറാണ്. ഫാഫ് ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ചു. പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിക്കാന്‍ താരവും തയ്യാറാണ്' എന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒയുടെ വാക്കുകള്‍.
പരിക്കിനെ തുടര്‍ന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഫൈനലടക്കം അവസാന മൂന്ന് മത്സരങ്ങള്‍ ഫാഫ് ഡുപ്ലസിസിന് നഷ്‌ടമായിരുന്നു. മത്സരത്തിന് മുമ്പുള്ള പരിക്ക് അവലോകനത്തിന് ശേഷം ഫാഫിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് കാശി വിശ്വനാഥന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദുബൈയില്‍ വൈകിട്ട് ഇന്ത്യന്‍സമയം ഏഴരയ്‌ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്-മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ പോരാട്ടം.
ഐപിഎല്‍ എല്‍ ക്ലാസിക്കോ രാത്രി
കൊവിഡ് ഇടവേളയ്‌ക്ക് ശേഷം ഐപിഎല്‍ ആവേശം വീണ്ടും ക്രീസിലെത്തുമ്പോള്‍ ഏഴ് കളിയില്‍ പത്ത് പോയിന്റുള്ള ചെന്നൈ രണ്ടും എട്ട് പോയിന്റുള്ള മുംബൈ നാലും സ്ഥാനങ്ങളിലാണ്. ഐപിഎല്ലിലെ നേര്‍ക്കുനേര്‍ പോരാട്ടക്കണക്കില്‍ മുംബൈ ഇന്ത്യന്‍സിനാണ് മേധാവിത്തം. ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടിയപ്പോഴും ജയം രോഹിത് ശര്‍മ്മയുടെ മുംബൈയ്‌ക്കൊപ്പം ആയിരുന്നു.
ഐപിഎല്‍ ഫേവറേറ്റുകളെ പ്രവചിച്ച് സെവാഗ്; ചെന്നൈക്ക് നിരാശ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona