ഹര്‍ഷല്‍ പട്ടേലിനെ ടി20 ലോകകപ്പ് ടീമിലെടുക്കണമെന്ന് സെവാഗും കാംബ്ലിയും
മുംബൈക്കെതിരായ ഹാട്രിക്ക് പ്രകടനത്തിന് പിന്നാലെ ഹര്‍ഷലിനെ ലോകകപ്പ് ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി.
ദുബായ്: ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സിനെതിരായ(Mumbai Indians) ഹാട്രിക്ക്(Hat-trick) പ്രകടനത്തിലൂടെ ഹര്‍ഷല്‍ പട്ടേല്‍(Harshal Patel) ഇന്ത്യയുടെ ടി20 ലോകകപ്പ്(T20 World Cup) ടീമിലെത്തുമോ. ലോകകപ്പ് ടീമില്‍ അഞ്ച് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയ സെലക്ടര്‍മാര്‍ മൂന്ന് പേസര്‍മാരെ മാത്രമാണ് ടീമിലെടുത്തിരിക്കുന്നത്. ലോകകപ്പിന് മുമ്പ് 15 അംഗ ടീമില്‍ ഇനിയും മാറ്റം വരുത്താന്‍ അവസരമുണ്ടെന്നതിനാല്‍ ഹര്‍ഷലിന് ടീമിലെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
മുംബൈക്കെതിരായ ഹാട്രിക്ക് പ്രകടനത്തിന് പിന്നാലെ ഹര്‍ഷലിനെ ലോകകപ്പ് ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി. ഇത്തവണത്തെ ഐപിഎല്‍ സ്വന്തം പേരിലെഴുതിയ ഹര്‍ഷലിനെ ടി20 ലോകകപ്പ് ടീമിലെടുത്താല്‍ അത് വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് കാംബ്ലിയുടെ വിലയിരുത്തല്‍.
വിനോദ് കാംബ്ലിയുടെ അതേ അഭിപ്രായമാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വിരേന്ദര്‍ സെവാഗിനും. ഹര്‍ഷലും യുസ്വേന്ദ്ര ചാഹലും മുംബൈക്കെതിരെ അസാമാന്യ പ്രകടനമാണ് പുറത്തെടുത്തതെന്നും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാമോ എന്നും സെവാഗ് ചോദിച്ചു.
മനോഹരമായ പ്രകടനമായിരുന്നു ഹര്‍ഷല്‍, ഇന്ത്യന്‍ ടീമിന്‍റെ വാതില്‍ തള്ളിത്തുറക്കാന്‍ ഇതിലും വലിയ പ്രകടനം വേണ്ടല്ലോ എന്നായിരുന്നു മുന്‍ ഇന്ത്യന്‍ പേസറായ ആര്‍ പി സിംഗിന്‍റെ പ്രതികരണം.
മുംബൈ ഇന്നിംഗ്സിലെ പതിനേഴാം ഓവറിലായിരുന്നു ഹര്‍ഷലിന്‍റെ ഹാട്രിക്ക് പിറന്നത്. ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദ്ദിക്കിനെ മനോഹരമായൊരു സ്ലോ ബോളില്‍ ക്യാപ്റ്റന്‍ കോലിയുടെ കൈകളില്‍ എത്തിച്ച ഹര്‍ഷല്‍ അടുത്ത പന്തില്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍റെ ലെഗ് സ്റ്റംപ് പിഴുതു. ഹാട്രിക്ക് പന്തില്‍ രാഹുല്‍ ചാഹറിനെ മറ്റൊരു സ്ലോ യോര്‍ക്കറില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയ പട്ടേല്‍ ഹാട്രിക്ക് തികച്ചതിനൊപ്പം മുംബൈയുടെ തോല്‍വി ഉറപ്പാക്കുകയും ചെയ്തിരുന്നു.
സീസണില്‍ 10 കളികളില്‍ 23 വിക്കറ്റ് നേടിയ ഹര്‍ഷലിനാണ് വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും. ഇന്ത്യയില്‍ നടന്ന ആദ്യ ഘട്ടത്തില്‍ തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയ ഹര്‍ഷലിനെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ പോരാട്ടത്തില്‍ ഒരോവറില്‍ രവീന്ദ്ര ജഡേജ 37 റണ്‍സടിച്ചിരുന്നു. അതിനുശേഷം നിറം മങ്ങിയ ഹര്‍ഷല്‍ ഇന്നലെ മുംബൈക്കെതിരായ മത്സരത്തിലൂടെ ശക്തമായി തിരിച്ചുവന്നു.