രാഹുല്‍ മുതല്‍ ദേവ്ദത്ത് പടിക്കല്‍ വരെ; കോലി മാറുമ്പോള്‍ ആരാകും ബാംഗ്ലൂരിന്‍റെ അടുത്ത നായകന്‍
പ്രധാനമായും രണ്ട് സാധ്യതകളാണ് ആണ് ബാംഗ്ലൂരിന് മുന്നിലുള്ളത്. ഒന്നോ രണ്ടോ സീസണിലേക്കായി ഒരു ഇടക്കാല നായകനെ നിയമിക്കുക. അല്ലെങ്കില്‍ ദീര്‍ഘകാല പദ്ധതിയു ടെ ഭാഗമായി ഒരു യുവനായകനെ കണ്ടെത്തുക, അദ്ദേഹത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നൽകാന്‍ ശക്തനായ പരിശീലകനുണ്ടാവുക.
ബാംഗ്ലൂര്‍: ഐപിഎല്‍(IPL 2021) സീസണിനൊടുവിൽ വിരാട് കോലി(Virat Kohli) മാറുമ്പോള്‍, ആരാകും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ(Royal Challengers Banglore) പുതിയ നായകന്‍ ?(Captain).ഐപിഎൽ ക്യാപ്റ്റന്‍സിയേക്കാള്‍ ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വിരാട് കോലി പ്രാധാന്യം നൽകുമ്പോള്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഒരു പുതിയ നായകനെ വേണം. കോലി കുറെക്കാലം കൂടി തലപ്പത്ത് ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാകാം ഒരു പിന്‍ഗാമിയെ വളര്‍ത്തിക്കൊണ്ടുവരാന്‍ ബാംഗ്ലൂരിന് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ പഞ്ചാബ് കിംഗ്സ് നായകനായ കെ എൽ രാഹുല്‍(KL Rahul) മുതൽ ദേവ്‍ദത്ത് പടിക്കലിന്‍റെ(Devdutt Padikkal) വരെ പേരുകൾ ബാംഗ്ലൂരിന്‍റെ നായകസ്ഥാനത്തേക്ക് ഉയരുന്നുണ്ട്.
അടുത്ത സീസണില്‍ മെഗാ താരലേലത്തിലൂടെ സമ്പൂര്‍ണ അഴിച്ചുപണിയിലേക്ക് പോവുകയാണ് ടീമുകള്‍. അതുകൊണ്ടുതന്നെ പ്രധാനമായും രണ്ട് സാധ്യതകളാണ് ആണ് ബാംഗ്ലൂരിന് മുന്നിലുള്ളത്. ഒന്നോ രണ്ടോ സീസണിലേക്കായി ഒരു ഇടക്കാല നായകനെ നിയമിക്കുക. അല്ലെങ്കില്‍ ദീര്‍ഘകാല പദ്ധതിയു ടെ ഭാഗമായി ഒരു യുവനായകനെ കണ്ടെത്തുക, അദ്ദേഹത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നൽകാന്‍ ശക്തനായ പരിശീലകനുണ്ടാവുക.
നിലവിലെ ടീമിൽ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആര്‍ക്കെല്ലാം സാധ്യതകളുണ്ട് എന്ന് നോക്കാം. എ ബി ഡിവിലിയേഴ്സ് ആണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ബാംഗ്ലൂര്‍ പരിഗണിക്കാവുന്ന ഒരു കളിക്കാരന്‍. ആര്‍സിബിയുടെ വിശ്വസ്ത താരമാണ് എബിഡി. ദക്ഷിണാഫ്രിക്കന്‍ നായകനായി പരിചയവുമുണ്ട്. എന്നാൽ അടുത്ത ഐപിഎല്ലാകുമ്പോള്‍ 38 ആകുന്ന ഡിവില്ലിയേഴ്സിന് മുന്നിലുള്ള പ്രധാന വെല്ലുവിളി പ്രായമാണ്.
ഗ്ലെന്‍ മാക്സ്‍വെല്‍ ആണ് പരിഗണിക്കാവുന്ന രണ്ടാമത്തെ താരം. പൊതുവേ ക്യാപ്റ്റന്‍ പദവിയിലേക്കൊന്നും പറഞ്ഞുകേള്‍ക്കാറില്ല ഓസ്ട്രേലിയന്‍ താരത്തിന്‍റെ പേര്. എന്നാൽ 2017ൽ മാക്സ്‍വെല്‍ നയിച്ചപ്പോള്‍ അവസാന മത്സരം വരെ പ്ലേ ഓഫ് സാധ്യത ഉണ്ടായിരുന്നു പഞ്ചാബിനെന്നത് ബാംഗ്ലൂര്‍ ടീം മാനേജ്മെന്‍റ് കണക്കിലെടുത്തേക്കും. പക്ഷേ മാക്സ്‍വെല്‍ ഇപ്പോള്‍ ഫോമിലാണെങ്കിലും ഏത് മൂഡിലാകും അടുത്തസീസണിൽ വരികയെന്നത് പ്രവചിക്കാനാകില്ല.
ഇന്ത്യന്‍ താരങ്ങളിലേക്ക് വന്നാൽ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനെ ബാംഗ്ലൂര്‍ ടീമിൽ നിലനിര്‍ത്തിയേക്കും. എന്നാൽ അനിൽ കുംബ്ലെ ബാംഗ്ലൂര്‍ നായകനായി തിളങ്ങിയിട്ടുണ്ടെങ്കിലും ബൗളര്‍മാരെ പൊതുവെ നായകപദവിയിലേക്ക് പരിഗണിക്കാറില്ല എന്നതാണ് ഐപിഎല്‍ ചരിത്രം.
ശക്തമായ സാധ്യതയുള്ളയൊരു താരം ദേവ് ദത്ത് പടിക്കൽ ആണ്. ആര്‍സിബിയുടെ ഭാവിമുഖം. റിക്കി പോണ്ടിംഗ് എന്ന ശക്തനായ പരിശീലകന്‍ കടിഞ്ഞാണേറ്റെടുക്കുകയും ശ്രേയസ് അയ്യരും റിഷഭ് പന്തും നായകനാവുകയും ചെയ്യുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് പരീക്ഷണം ദേവ്ദത്തിന്‍റെ കാര്യത്തിൽ ആവര്‍ത്തിച്ചേക്കാം. എന്തായാലും ഇപ്പോഴത്തെ പോക്കനുസരിച്ചെങ്കില്‍ ദേവ്ദത്ത് ബാംഗ്ലൂര്‍ നായകനാകാതെ ടീം വിട്ടാല്‍ അത് അത്ഭുതമാകും.
ഇനി താരലേലത്തിലൂടെ പുറത്തുനിന്നൊരു നായകനെ കൊണ്ടുവന്നാൽ ആരെയൊക്കെ പരിഗണിക്കുമെന്ന് നോക്കാം. ആദ്യ പരിഗണന കെ എൽ രാഹുലിനാകും. കര്‍ണാടകക്കാരനായ രാഹുലിനെ പഞ്ചാബ് കിംഗ്സ് നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് ഉറപ്പാണ്.എന്നാൽ രാഹുലും ആര്‍സിബിയും തമ്മിൽ ധാരണ രൂപപ്പെടുകയും, പഞ്ചാബ് വിടണമെന്ന് രാഹുൽ ശഠിക്കുകയും ചെയ്താൽ ഹോം കമിംഗ് സാധ്യമാകും. രാഹുലിനെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനാക്കാന്‍ വാദിച്ച കോലിക്കും എതിര്‍പ്പുണ്ടാകാന്‍ വഴിയില്ല.
കര്‍ണാടകത്തിൽ വേരുകളുള്ള ശ്രേയസ് അയ്യര്‍ ആര്‍സിബിക്ക് പരിഗണിക്കാവുന്ന മറ്റൊരു സാധ്യതയാണ്. സ്ഥിരത പുലര്‍ത്തുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്‍, ഐപിഎല്‍ ഫൈനലിലെത്തിയ നായകന്‍ എന്നത് ശ്രേയസിന് അനുകൂല ഘടകങ്ങളാണ്. ഡല്‍ഹി നായകപദവിയിലേക്ക് മടക്കം ഉറപ്പില്ലെങ്കില്‍, ശ്രേയസ് ആര്‍സിബി പോലൊരു ടീമിലേക്ക് മാറാന്‍ താത്പര്യപ്പെട്ടേക്കും.
മുംബൈ ഇന്ത്യന്‍സ് ബാറ്റ്സ്മാന്‍ സൂര്യകുമാര്‍ യാദവിനും നേരിയ സാധ്യതയുണ്ട്. രഞ്ജി ട്രോഫി നായകനായുള്ള പരിചയസമ്പത്ത്, ഇന്ത്യന്‍ ടീമംഗം എന്നതൊക്കെ അനുകൂലഘടകമാകാം. ക്യാപ്റ്റനായശേഷം സഞ്ജു സാംസന്‍റെ ബാറ്റിംഗ് മെച്ചപ്പെട്ടു എന്നത് നല്ലതെങ്കിലും ആര്‍സിബിക്ക് പരിഗണിക്കുമോയെന്ന് ഉറപ്പില്ല.
താരലേലത്തിൽ ഉള്‍പ്പെടുത്തണമെന്ന് വാശിപിടിച്ച ഹാര്‍ദിക് പണ്ഡ്യക്ക് മുന്നിൽ മുംബൈ ഇന്ത്യന്‍സ് ഉടമകള്‍ വഴങ്ങാതിരുന്ന കീഴ്വഴക്കമുണ്ട് നമുക്കുമുന്നിൽ. അതുകൊണ്ടുതന്നെ രാഹുലിന്‍റെയും ശ്രേയസിന്‍റെയും സൂര്യകുമാറിന്‍റെയും ഒക്കെ കാര്യത്തിലും നിലവിലെ ടീം ഉടമകളുടെ നിലപാട് നിര്‍ണായകമാകും. വിദേശതാരങ്ങളിലേക്ക് വന്നാൽ കൈറൺ പൊള്ളാര്‍ഡ്, കെയിന്‍ വില്ല്യംസൺ , ജോസ് ബട്‍ലര്‍ തുടങ്ങിയവരുടെ പേരുകളൊക്കെ ഉയര്‍ന്നുവന്നേക്കാം. എങ്കിലും ഇന്ത്യന്‍ നായകനുതന്നെയാണ് നിലവില്‍ സാധ്യത.