ഐപിഎല്‍ 2021: 'കൊല്‍ക്കത്തയുടെ ക്യാപ്റ്റനായി മോര്‍ഗന്‍ വേണ്ട'; പകരം നായകനെ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം
ഇതിനിടെ മോര്‍ഗനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.
ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) മോശം ഫോമിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ (Eion Morgan). ഈ സീസണില്‍ 11 ഇന്നിംഗ്‌സില്‍ നിന്ന് 109 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. 10.98 മാത്രമാണ് ശരാശരി. മോര്‍ഗനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പറയുമ്പോഴും പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ പിന്തുണ മോര്‍ഗനുണ്ട്. മോര്‍ഗന്‍ ഫോം വീണ്ടെടുക്കുമെന്നും ആത്മവിശ്വാസത്തോടെ കളിക്കുമെന്ന് ഉറപ്പുള്ളതായും മക്കല്ലം പറയുന്നു.
ഇതിനിടെ മോര്‍ഗനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. പകരം ക്യാപ്റ്റനാക്കേണ്ട താരത്തെ കുറിച്ചും ചോപ്ര പറയുന്നുണ്ട്. ചോപ്രയുടെ വാക്കുകള്‍.. ''മോര്‍ഗന് പകരം ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനെ കൊല്‍ക്കത്തയുടെ ക്യാപ്റ്റനാക്കണം. എനിക്ക് മോര്‍ഗനോട് യാതൊരു വിധത്തിലുള്ള വിരോധവുമില്ല. എങ്കിലും ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ ഷാക്കിബ് ക്യാപ്റ്റനാവണമെന്നാണ് ഞാന്‍ ആഗ്രഹഹിക്കുന്നത്. കാരണം മോര്‍ഗന്‍ മോശം ഫോമിലാണ്. അടുത്തകാലത്ത് അദ്ദേഹത്തിന് രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല. ചില ഓവറുകളെറിഞ്ഞ് കൊല്‍ക്കത്തയെ സഹായിയിക്കാനും ഷാക്കിബിനാവും.'' ചോപ്ര വ്യക്തമാക്കി.
കഴിഞ്ഞ സീസണിലാണ് മോര്‍ഗന്‍ കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കന്നത്. പാതിവഴിയില്‍ ദിനേശ് കാര്‍ത്തിക് സ്ഥാനമൊഴിഞ്ഞപ്പോഴാണ് മോര്‍ഗന്‍ ക്യാപ്റ്റനാകുന്നത്. ക്യാപ്റ്റനെ നിലയില്‍ മോര്‍ഗന്‍ ഭേദപ്പെട്ട നിലയില്‍ കൊല്‍ക്കത്തയെ നയിക്കുമ്പോഴും റണ്‍സ് കണ്ടെത്താത്തത് കൊല്‍ക്കത്തയെ വിഷമിപ്പിക്കുന്നു.
നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. 12 മത്സരങ്ങളില്‍ 10 പോയിന്റാണ് അവര്‍ക്കുള്ളത്. അതുകൊണ്ടുതന്നെ മറ്റു ടീമുകള്‍ക്ക് കൊല്‍ക്കത്തയെ മറികടക്കാനുമാവും.