ഐപിഎല്‍ ചൂട് തിരിച്ചുകൊണ്ടുവരുക എളുപ്പമല്ല; ബിസിസിഐ വലിയ കടമ്പ മറികടക്കണം
കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നടത്താനാണ് ബിസിസിഐ തീരുമാനം.
മുംബൈ: ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും വലിയ വെല്ലുവിളികളാണ് ബിസിസിഐക്ക് മുന്നിലുള്ളത്. വിദേശ താരങ്ങളുടെ പങ്കാളിത്തമായിരിക്കും പ്രധാന പ്രതിസന്ധി.
കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നടത്താനാണ് ബിസിസിഐ തീരുമാനം. ട്വന്റി 20 ലോകകപ്പിന് മുൻപ് സെപ്റ്റംബറിലും ഒക്‌ടോബറിലുമായി മത്സരങ്ങൾ പൂർത്തിയാക്കണം. ഫൈനൽ ഉൾപ്പടെ ബാക്കിയുള്ള 31 മത്സരങ്ങൾക്ക് കിട്ടുക 25 ദിവസം.
ഐപിഎൽ പുനരാരംഭിക്കുന്ന സമയത്ത് തന്നെയാണ് കരീബിയൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കേണ്ടത്. വിൻഡീസ് താരങ്ങൾക്കൊപ്പം മറ്റ് രാജ്യങ്ങളിലെ താരങ്ങളും കരീബിയൻ ലീഗിൽ കളിക്കുന്നുണ്ട്. ഇതോടെ, ഏത് ലീഗിൽ കളിക്കണമെന്ന ആശയക്കുഴപ്പത്തിലാവും താരങ്ങൾ. കളിക്കാരുടെ അഭാവം രണ്ട് ലീഗിനും ഒരുപോലെ പ്രതിസന്ധിയുണ്ടാക്കും.
കരീബിയന്‍ കരുത്ത് ചോരുമോ?
ആന്ദ്രേ റസൽ, ക്രിസ് ഗെയ്ൽ, ഷിമ്രോൺ ഹെറ്റ്മയർ, സുനിൽ നരെയ്ൻ, ജേസൺ ഹോൾഡർ, നിക്കോളാസ് പൂരാൻ, ഡ്വെയിൻ ബ്രാവോഎന്നിവരാണ് ഐപിഎല്ലിലും സിപിഎല്ലിലും കളിക്കുന്ന വിൻഡീസ് താരങ്ങൾ. ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലസി, ആന്‍റിച്ച് നോര്‍ജെ, ഇമ്രാൻ താഹീർ, ക്രിസ് മോറിസ് തുടങ്ങിയവരും ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കീബ് അൽ ഹസനും രണ്ട് ലീഗുകളിലും കളിക്കുന്നുണ്ട്.
കരീബിയൻ പ്രീമിയർ ലീഗിൽ ആകെ 33 മത്സരങ്ങളാണുള്ളത്. ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾക്കായി താരങ്ങളെ വിട്ടുനൽകില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
ആറ് താരങ്ങൾക്കും രണ്ട് സപ്പോർട്ടിംഗ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎല്‍ നിർത്തിവയ്‌ക്കാന്‍ മെയ് നാലിന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. സീസണിൽ 29 മത്സരങ്ങൾ മാത്രമാണ് പൂര്‍ത്തിയായത്. കഴിഞ്ഞ സീസണിലെ മുഴുവന്‍ മത്സരങ്ങളും യുഎഇയില്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ബിസിസിഐക്ക് കഴിഞ്ഞിരുന്നു.
ഐപിഎല്‍ 2021: അവശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍, ബിസിസിഐ തീരുമാനം
മകളുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കില്ലെന്ന് കോലി
ധോണിയുമായുള്ള ബന്ധം എങ്ങനെ? ആരാധകന്റെ ചോദ്യത്തിന് രണ്ട് വാക്കില്‍ ഉത്തരം നല്‍കി കോലി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona