കോലിയുടെ കട്ട സപ്പോര്‍ട്ട്, മലയാളി താരം പടിക്കലിന്‍റെ സെഞ്ചുറി; രാജസ്ഥാനെതിരെ ബാംഗ്ലൂരിന് 10 വിക്കറ്റ് ജയം

പടിക്കല്‍ - കോലി (47 പന്തില്‍ പുറത്താവാതെ 72) സഖ്യത്തിന്റെ കരുത്തില്‍ രാജസ്ഥാനെതിരെ ബാംഗ്ലൂര്‍ 10 വിക്കറ്റിന്റെ സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്.

IPL 2021, Devdutt Padikkal Century helps RCB to win vs RR

മുംബൈ: ഐപിഎല്ലില്‍ 14-ാം സീസണിലെ രണ്ടാം സെഞ്ചുറിയുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍. രാജസ്ഥാന്‍ റോയല്‍സിനെതിരെ 52 പന്തില്‍ പുറത്താവാതെ 101 റണ്‍സാണ് താരം അടിച്ചെടുത്തത്. പടിക്കല്‍ - കോലി (47 പന്തില്‍ പുറത്താവാതെ 72) സഖ്യത്തിന്റെ കരുത്തില്‍ രാജസ്ഥാനെതിരെ ബാംഗ്ലൂര്‍ 10 വിക്കറ്റിന്റെ സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂര്‍ 16.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു. തോല്‍വി അറിയാതെ ബാംഗ്ലൂരിന്റെ തുടര്‍ച്ചയായ നാലാം ജയമാണിത്. ഇതോടെ എട്ട് പോയിന്റുമായി ബാംഗ്ലൂര്‍ ഒന്നാമതെത്തി. മൂന്നില്‍ നാലിലും തോറ്റ രാജസ്ഥാന്‍ രണ്ട് പോയിന്റുമായി അവസാന സ്ഥാനത്താണ്. ലൈവ് സകോര്‍. 

രണ്ടാം സെഞ്ചുറിയും മലയാളിയുടെ വക

IPL 2021, Devdutt Padikkal Century helps RCB to win vs RR

സീസണിലെ ആദ്യ സെഞ്ചുറി സഞ്ജു സാംസണിന്റെ വകയായിരുന്നു. പിന്നാലെ ദേവ്ദത്തും സെഞ്ചുറി സ്വന്താമാക്കി. അതും സഞ്ജുവിന്റെ തന്നെ രാജസ്ഥാന്‍ റോയല്‍സിനെതിരെ. ആറ് സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. കോലിയുടെ കടുത്ത പിന്തുണ കൂടിയായപ്പോള്‍ ബാംഗ്ലൂര്‍ അനായാസം വിജയത്തിലേക്ക് നടന്നുകയറി. കൊവിഡില്‍ നിന്ന് മുക്തനാവാത്തത് കാരണം പടിക്കലിന് ആദ്യ മത്സരം നഷ്ടമായിരുന്നു. പിന്നാലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സെഞ്ചുറിയോടെ താരം തിരിച്ചെത്തുകയായിരുന്നു. മറുവശത്ത് പുറത്താകാതെ നിന്നതോടെ ബാംഗ്ലൂര്‍ അനായാസ വിജയം സ്വന്തമാക്കി. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. 

സിറാജിന് തുടക്കമിട്ടു

IPL 2021, Devdutt Padikkal Century helps RCB to win vs RR

മൂന്നാം ഓവറിന്റെ മൂന്നാം പന്തിലാണ് ബട്‌ലര്‍ മടങ്ങുന്നത്. 14 റണ്‍സ് മാത്രമാണ് അപ്പോള്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. ആദ്യ ഓവറില്‍ സിറാജിനെതിരെ രണ്ട് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തിലായിരുന്നു ബട്‌ലര്‍. എന്നാല്‍ സിറാജ് തന്നെ താരത്തിന്റെ വിക്കറ്റ് തെറിപ്പിച്ചു. പിറകോട്ട് മാറി കവറിലൂടെ കളിക്കാനുള്ള ശ്രമത്തില്‍ ബട്‌ലര്‍ മടങ്ങി. പിന്നാലെ കെയ്ല്‍ ജാമിസണും വിക്കറ്റ് നേട്ടത്തില്‍ പങ്കാളിയായി. തന്റെ രണ്ടാം ഓവറില്‍ വോഹ്‌റയെ ജാമിസണ്‍ മടക്കുകയായിരുന്നു. ജാമിസണിനെ ലോങ്ഓണിലൂടെ കളിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. മിഡ് ഓണില്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണിന് ക്യാച്ച്. മൂന്നാം ഓവര്‍ എറിയാനെത്തിയപ്പോഴും സിറാജ് വിക്കറ്റ് വീഴ്ത്തി. ഇത്തവണ ഡേവിഡ് മില്ലറാണ് പവലിയനില്‍ തിരിച്ചെത്തിയത്. സിറാജിന്റെ യോര്‍ക്കറില്‍ വിക്കറ്റിന്് മുന്നില്‍ കുടുങ്ങുകയായിരുന്നു മില്ലര്‍. 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു

IPL 2021, Devdutt Padikkal Century helps RCB to win vs RR

രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഇത്തവണ പ്രതീക്ഷയോടെ തുടങ്ങിയ ശേഷമാണ് സഞ്ജു പവലിയനില്‍ തിരിച്ചെത്തിയത്. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ ശേഷം 4, 1 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോറുകള്‍ ഇന്ന് നേടിയത് 21 റണ്‍സും. രണ്ട് ഫോറും ഒരു സിക്‌സും നേടി ആത്മവിശ്വാസത്തിലായിരുന്നു സഞ്ജു. എന്നാല്‍ വാഷിംഗ്ടണ്‍ സുന്ദറിനെ സിക്‌സടിച്ച ശേഷമുള്ള അടുത്ത പന്തില്‍ താരം പുറത്തായി. ഗ്ലെന്‍ മാക്‌സവെല്ലിന് ക്യാച്ച്. 

ദുബെ- തിവാട്ടിയ ഫോമില്‍

IPL 2021, Devdutt Padikkal Century helps RCB to win vs RR

നിര്‍ണായക സമയത്ത് ശിവം ദുബെ ഫോമിലേക്ക് തിരിച്ചെത്തിയെന്നുള്ളത് രാജസ്ഥാന് ആശ്വാസമായി. 32 പന്തുകള്‍ നേരിട്ട് ദുബെ രണ്ട് സിക്‌സും അഞ്ച് ഫോറും കണ്ടെത്തി. റിയാന്‍ പരാഗിനൊപ്പം (16 പന്തില്‍ 25) കൂട്ടിച്ചേര്‍ത്ത 66 റണ്‍സ് രാജസ്ഥാന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി. പരാഗ് മടങ്ങിയെങ്കിലും തെവാട്ടിയയും നിര്‍ണായക സന്ദര്‍ഭത്തില്‍ ഫോമിലെത്തി. ദുബെ- തിവാട്ടിയ സഖ്യം 24 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ദുബെ കെയ്ന്‍ റിച്ചാര്‍ഡസണിന്റെ പന്തില്‍ പുറത്തായി. തിവാട്ടിയ അല്‍പനേരം കൂടി പിടിച്ചുനിന്നു. ക്രിസ് മോറിസിനൊപ്പം 37 റണ്‍സ് ചേര്‍ത്താണ് തിവാട്ടിയ മടങ്ങിയത്. സിറാജിനെതിരെ പുള്‍ ഷോട്ടിന് ശ്രമിക്കുമ്പോള്‍ ഷഹബാസിന് ക്യാച്ച് നല്‍കുകയായിരുന്നു. താരം മടങ്ങുമ്പോള്‍ ഏഴിന് 170 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. ഇതേ സ്‌കോറില്‍ മോറിസ് (10), ചേതന്‍ സക്‌റിയ (0) എന്നിവരും മടങ്ങി. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ ശ്രേയാസ് ഗോപാല്‍ (4 പന്തില്‍ പുറത്താവാതെ 7) സിക്‌സ് നേടിയതോടെയാണ് സ്്‌കോര്‍ 175 കടന്നത്. മുസ്തഫിസുര്‍ (0) പുറത്താവാത നിന്നു. 

ഇരുടീമിലും മാറ്റങ്ങള്‍

അവസാന മത്സരം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റം വരുത്തിയാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. രജത് പടിധാറിന് പകരം കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ ടീമിലെത്തി. രാജസ്ഥാനും ഒരു മാറ്റം വരുത്തി. ജയ്ദേവ് ഉനദ്ഘടിന് പകരം ശ്രേയാസ് ഗോപാല്‍ ടീമിലെത്തി. മൂന്ന് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള സഞ്ജു സാസണും സംഘവും പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ഇതുവരെ തോല്‍വി അറിയാത്ത ടീമാണ് ബാംഗ്ലൂര്‍. മൂന്ന് മത്സരങ്ങളില്‍ ആറ് പോയിന്റുമായി രണ്ടാമതാണ് കോലിപ്പട.

Latest Videos
Follow Us:
Download App:
  • android
  • ios