ഐപിഎല്‍ 2021: ഒന്നാംസ്ഥാനം ഉറപ്പിക്കാന്‍ ഡല്‍ഹി കാപിറ്റല്‍സ്; മറുവശത്ത് കോലിപ്പട

കരുത്തരായ ചെന്നൈയെ മറികടന്നാണ് ഡല്‍ഹി (DC) വരുന്നതെങ്കില്‍, ഹൈദരാബാദിനോട് തോറ്റാണ് കോലിപ്പടയെത്തുന്നത് (RCB). ഡല്‍ഹിയോളം സന്തുലിതമായ ടീം ഈ ഐപിഎല്ലില്‍ മറ്റൊന്നില്ല.

IPL 2021 Delhi Capitals takes RCB today in Dubai

ദുബായ്: ഐപിഎല്‍ (IPL 2021) പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ ഡല്‍ഹി കാപിറ്റല്‍സ് (Delhi Capitals) ഇന്നിറങ്ങും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് (Royal Challengers Bangalore) ഡല്‍ഹിയുടെ എതിരാളി. വൈകിട്ട് 7.30നാണ് മത്സരം. പ്ലേഓഫ് ഉറപ്പിച്ച ബാംഗ്ലൂരിനും
ഡല്‍ഹിക്കും അവസാന മത്സരത്തില്‍ കൂടി ജയിച്ച് ആത്മവിശ്വാസം കൂട്ടുകയാണ് ലക്ഷ്യം.

കരുത്തരായ ചെന്നൈയെ മറികടന്നാണ് ഡല്‍ഹി (DC) വരുന്നതെങ്കില്‍, ഹൈദരാബാദിനോട് തോറ്റാണ് കോലിപ്പടയെത്തുന്നത് (RCB). ഡല്‍ഹിയോളം സന്തുലിതമായ ടീം ഈ ഐപിഎല്ലില്‍ മറ്റൊന്നില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും മാറ്റം വേണ്ടി വന്നാല്‍ പോലും ഉലയാത്ത പ്രതിഭാധാരാളിത്തമുണ്ട് റിഷഭ് പന്തിന്റെ (Rishabh Pant) സംഘത്തില്‍.

ശിഖര്‍ ധവാനും (Shikhar Dhawan) പൃഥ്വി ഷോയും (Prithvi Shaw) നല്‍കുന്ന തുടക്കവും കഗിസോ റബാഡയും (Kangiso Rabada) ആന്റിച്ച് നോര്‍ക്കിയയും ആവേശ് ഖാനുമടങ്ങുന്ന പേസ് ആക്രമണവും ടീമിന്റെ കരുത്ത്. അശ്വിനും അക്‌സര്‍ പട്ടേലും സാഹചര്യത്തിനനുസരിച്ച് മികവ് പുലര്‍ത്തുന്നു. ശ്രേയസ് അയ്യരും പന്തും ഷിംറോണ്‍ ഹെറ്റ്മയറും കൂടിച്ചേരുമ്പോള്‍ ഏത് റണ്‍മലയും ഡല്‍ഹിക്ക് എളുപ്പമാവും. 

ക്വാളിഫയര്‍ പ്രതീക്ഷയവസാനിച്ച ബാംഗ്ലൂരിന് പ്ലേഓഫിന് മുമ്പ് മേല്‍ക്കൈ നേടാന്‍ വിജയം അനിവാര്യം. ദേവ്ദത്ത് പടിക്കലിനെ ഏറെ
ആശ്രയിക്കേണ്ടിവരുന്നതാണ് ബാറ്റിങ്ങില്‍ ബാംഗ്ലൂരിന്റെ സമ്മര്‍ദ്ദം. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ മിന്നും ഫോമാണ് മറ്റൊരു ആശ്വാസം. സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലുള്ള ഹര്‍ഷല്‍ പട്ടേലിനൊപ്പം മുഹമ്മദ് സിറാജും യുസ്‌വേന്ദ്ര ചഹലും ചേരുമ്പോള്‍ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ് ശക്തം.

ഡാന്‍ ക്രിസ്റ്റ്യനും ജോര്‍ജ് ഗാര്‍ട്ടനും തുടര്‍ന്നേക്കും. പരസ്പരമുള്ള 27 പോരാട്ടങ്ങളില്‍ 16 ജയവുമായി ബാംഗ്ലൂരാണ് മുന്നില്‍.10 കളികളില്‍ ഡല്‍ഹിയും ജയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios