ഐപിഎല്‍: മുംബൈക്കെതിരെ പൊരുതി ജയിച്ച് ഡല്‍ഹി പ്ലേ ഓഫില്‍
മുംബൈ ഇന്നിംഗ്സിന്‍റെ തനിയാവര്‍ത്തനമായിരുന്നു ഡല്‍ഹിയുടെ ചേസിംഗും. തുടക്കത്തിലെ ഓപ്പണര്‍മാരായ ശീഖര്‍ ധവാനെയും(8), പൃഥ്വി ഷായെയും(6) സ്റ്റീവ് സ്മിത്തിനെയും(9)നഷ്ടമായ ഡല്‍ഹി 30-3ലേക്ക് കൂപ്പുകുത്തിയെങ്കിലും ക്യാപ്റ്റന്‍ റിഷഭ് പന്തും(22 പന്തില്‍ 26) ശ്രേയസ് അയ്യരും ചേര്‍ന്ന് 50 കടത്തി.
ഷാര്‍ജ: ഷാര്‍ജയിലെ സ്ലോ പിച്ചില്‍ മുംബൈ ഇന്ത്യന്‍സ്(Mumbai Indians) ഉയര്‍ത്തിയ 130 റണ്‍സിന്‍റെ വിജയലക്ഷ്യം കടുത്ത പോരാട്ടത്തിനൊടുവില്‍ എത്തിപ്പിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) ചെന്നൈ സൂപ്പര്‍ കിംഗ്സിന് പിന്നാലെ പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമായി. മുംബൈ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിന് മുന്നില്‍ 93-6 എന്ന സ്കോറില്‍ തോല്‍വി മുന്നില്‍ക്കണ്ടെങ്കിലും ശ്രേയസ് അയ്യരുടെയും(Shreyas Iyer) ആര്‍ അശ്വിന്‍റെയും (R.Ashwin) പോരാട്ടത്തിലൂടെ ഡല്‍ഹി വിജയം കൈപ്പിടിയിലൊതുക്കി. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 129-8, ഡല്‍ഹി ക്യാപിറ്റല്‍സ് 19.1 ഓവറില്‍ 132-6.
തകര്‍ച്ചയോടെ തുടങ്ങി, പിടിച്ചു നിന്ന് ഡല്‍ഹി
മുംബൈ ഇന്നിംഗ്സിന്‍റെ തനിയാവര്‍ത്തനമായിരുന്നു ഡല്‍ഹിയുടെ ചേസിംഗും. തുടക്കത്തിലെ ഓപ്പണര്‍മാരായ ശീഖര്‍ ധവാനെയും(8), പൃഥ്വി ഷായെയും(6) സ്റ്റീവ് സ്മിത്തിനെയും(9)നഷ്ടമായ ഡല്‍ഹി 30-3ലേക്ക് കൂപ്പുകുത്തിയെങ്കിലും ക്യാപ്റ്റന്‍ റിഷഭ് പന്തും(22 പന്തില്‍ 26) ശ്രേയസ് അയ്യരും ചേര്‍ന്ന് 50 കടത്തി. എന്നാല്‍ ടീം സ്കോര്‍ അര്‍ധസെഞ്ചുരി പിന്നിട്ടതിന് പിന്നാലെ സിക്സിന് ശ്രമിച്ച റിഷഭ് പന്ത് പുറത്തായതോടെ മുംബൈ വീണ്ടും പിടിമുറുക്കി.
റിഷഭ് പന്തിന് പിന്നാലെ അക്സര്‍ പട്ടേലും(9) മടങ്ങിയെങ്കിലും ഷിമ്രോണ്‍ ഹെറ്റ്മെയര്‍ എട്ട് പന്തില്‍ നേടിയ 15 റണ്‍സ് മത്സരത്തില്‍ നിര്‍ണായകമായി. സ്കോര്‍ 100 കടക്കും മുമ്പെ ഹെറ്റ്മെയറിനെ ബുമ്ര മടക്കിയെങ്കിലും അശ്വിനെ കൂട്ടുപിടിച്ച് ശ്രേയസ് അയ്യര്‍ ഡല്‍ഹിയെ വിജയവര കടത്തി. അവസാന ഓവറില്‍ ക്രുനാല്‍ പാണ്ഡ്യയുടെ പന്ത് സിക്സിന് പറത്തിയാണ് അശ്വിന്‍ ഡല്‍ഹിക്ക് പ്ലേ ഓഫ് ബര്‍ത്ത് സമ്മാനിച്ചത്.
സ്ലോ പിച്ചില്‍ ഇഴഞ്ഞു നീങ്ങി മുംബൈ
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 26 പന്തില്‍ 33 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്കോറര്‍. ഡല്‍ഹിക്കായി നാലോവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ആവേശ് ഖാനും 21 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത അക്സര്‍ പട്ടേലും ബൗളിംഗില്‍ തിളങ്ങി.
രണ്ടാം ഓവറിലെ മുംബൈക്ക് തിരിച്ചടിയേറ്റു. ഏഴ് റണ്‍സെടുത്ത ക്യാപ്റ്റന് രോഹിത് ശര്‍മയെ തുടക്കത്തിലെ നഷ്ടമായതോടെ മുംബൈയുടെ സ്കോറിംഗ് മന്ദഗതിയിലായി. കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമായില്ലെങ്കിലും പവര്‍ പ്ലേയില്‍ മുംബൈക്ക് നേടാനായത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് മാത്രം.
അക്സര്‍ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു
പവര്‍ പ്ലേക്ക് പിന്നാലെ നിലയുറപ്പിച്ചെന്ന് കരുതിയ ക്വിന്‍റണ്‍ ഡീ കോക്കിനെ(18 പന്തില്‍ 19) ആന്‍റിച്ച് നോര്‍ട്യയുടെ കൈകളിലെത്തിച്ച് അക്സര്‍ പട്ടേല്‍ മുംബൈയുടെ തകര്‍ച്ചക്ക് വഴിമരുന്നിട്ടു. അശ്വിനെതിരെ രണ്ട് ബൗണ്ടറികളും റബാഡക്കെതിരെ സിക്സും നേടി സൂര്യകുമാര്‍ യാദവ് ഒരറ്റത്ത് പോരാട്ടം തുടര്‍ന്നു. എന്നാല്‍ സൂര്യകുമാറിനെ (26 പന്തില്‍ 33)വീഴ്ത്തി അക്സര്‍ പട്ടേല്‍ രണ്ടാം പ്രഹരം ഏല്‍പ്പിച്ചതോടെ മുംബൈ കിതച്ചു. പിന്നാലെ സൗരഭ് തിവാരി(18 പന്തില്‍ 15), കീറോണ്‍ പൊള്ളാര്‍ഡ്(6) എന്നിവരും വീണതോടെ മുംബൈ 87-5ലേക്ക് കൂപ്പുകുത്തി.
100 കടത്തിയത് പാണ്ഡ്യ ബ്രദേഴ്സ്
അവസാന ഓവറുകളില്‍ ആഞ്ഞടിക്കാനായില്ലെങ്കിലും ഹര്‍ദ്ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് മുംബൈയെ 100 കടത്തിയത്. മുംബൈ ഇന്നിംഗ്സില്‍ ആകെ പിറന്നത് എട്ട് ബൗണ്ടറികളും രണ്ട് സിക്സുകളും മാത്രമാണ്. ആന്‍റിക്ക് നോര്‍ട്യയും ആവേശ് ഖാനും എറിഞ്ഞ പതിനഞ്ചാമത്തെയും പതിനാറാമത്തെയും ഓവറില്‍ മുംബൈ നേടിയത് ഒരു റണ്‍സ് മാത്രം.
പതിനെട്ടാം ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ യോര്‍ക്കറില്‍ ക്ലീന്‍ ബൗള്‍ഡാക്കി ആവേശ് ഖാന്‍ മംബൈയുടെ അവസാന പ്രതീക്ഷയും എറിഞ്ഞിട്ടു. അതേ ഓവറില്‍ കോള്‍ട്ടര്‍നൈലിനെയും മടക്കി ആവേശ് ഖാന്‍ മുംബൈയുടെ ആവേശം തണുപ്പിച്ചു. അവസാന ഓവറില്‍ അശ്വിനെതിരെ 13 റണ്‍സ് നേടാനായാതാണ് മുംബൈയെ 129ല്‍ എത്തിച്ചത്. അവസാന പന്ത് സിക്സിന് പറത്തി ക്രുനാല്‍ പാണ്ഡ്യ(13) മുംബൈ ഇന്നിംഗ്സിന് അല്‍പം മാന്യത നല്‍കി.