'തല'യെടുത്ത ഗൂഗ്ലി; ബിഷ്‌ണോയിക്ക് മുന്നില്‍ ധോണിയുടെ നാണംകെട്ട പുറത്താകല്‍- വീഡിയോ

വെറും 42 റണ്‍സിന് നാല് വിക്കറ്റ് നഷ്‌ടമായ ചെന്നൈക്കായി ധോണിയില്‍ നിന്ന് ഗംഭീര ഇന്നിംഗ്‌സാണ് ആരാധകര്‍ പ്രതീക്ഷിച്ചത്

IPL 2021 CSK vs PBKS Watch MS Dhoni out on Ravi Bishnoi terrific Googly

ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) നായകന്‍ എം എസ് ധോണിയുടെ(MS Dhoni) വിന്‍റേജ് ബാറ്റിംഗ് പ്രകടനം ഇതുവരെ ആരാധകര്‍ കണ്ടിട്ടില്ല. പഞ്ചാബ് കിംഗ്‌സിനെതിരായ(Punjab Kings) മത്സരത്തിലും ധോണിയുടെ ബാറ്റ് പാഴായി. സ്‌പിന്നര്‍ രവി ബിഷ്‌ണോയിയുടെ(Ravi Bishnoi) ഒന്നാന്തരം ഗൂഗ്ലിയിലായിരുന്നു ധോണിയുടെ പുറത്താകല്‍. 

വെറും 42 റണ്‍സിന് നാല് വിക്കറ്റ് നഷ്‌ടമായ ചെന്നൈക്കായി ധോണിയില്‍ നിന്ന് ഗംഭീര ഇന്നിംഗ്‌സാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. 12-ാം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറിയും പിന്നീട് സ്‌ട്രൈക്ക് ഫാഫ് ഡുപ്ലസിക്ക് കൈമാറിയും കളിച്ച ധോണി ഈ പ്രതീക്ഷ നല്‍കി. എന്നാല്‍ ആറാം പന്തില്‍ ഫ്രണ്ട് ഫൂട്ടില്‍ ആഞ്ഞ് പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച ധോണിക്ക് ബിഷ്‌ണോയിയുടെ ഗൂഗ്ലിയില്‍ പിഴച്ചു. പന്ത് ഇന്‍സൈഡ് എഡ്‌ജായി ധോണിയുടെ സ്റ്റംപുകള്‍ തെറിപ്പിച്ചു. 

കാണാം ധോണിയുടെ പുറത്താകല്‍

ഇതോടെ ചെന്നൈ 61-5 എന്ന കൂട്ടത്തകര്‍ച്ചയിലായി. പഞ്ചാബ് കിംഗ്‌സിനെതിരെ 15 പന്തില്‍ 12 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്. ഈ സീസണില്‍ കനത്ത നിരാശ നല്‍കുന്ന ധോണി 14 മത്സരങ്ങളില്‍ വെറും 96 റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂ. 18 റണ്‍സാണ് ഉയര്‍ന്ന സ്‌കോറെങ്കില്‍ ബാറ്റിംഗ് ശരാശരി 13.71 ഉം സ്‌ട്രൈക്ക് റേറ്റ് 95.04 ഉം ആണ്. ഒന്‍പത് ഫോറുകള്‍ നേടിയപ്പോള്‍ കൂറ്റനടിക്കാരനായ ധോണിയുടെ പേരില്‍ വെറും രണ്ട് സിക്‌സുകളേയുള്ളൂ. ഐപിഎല്‍ കരിയറില്‍ 218 കളിയില്‍ 23 അര്‍ധസെഞ്ചുറിയോടെ 4728 റണ്‍സ് നേടിയ താരമാണ് ധോണി എന്നോര്‍ക്കണം. 

വന്‍ സ്‌കോറില്ലാതെ ചെന്നൈ

മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 134 റണ്‍സേ നേടിയൂള്ളൂ. 61 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്‌ടമായ ചെന്നൈയെ ഓപ്പണര്‍ ഫാഫ് ഡുപ്ലസിന്‍റെ ഗംഭീര അര്‍ധ സെഞ്ചുറിയാണ്(55 പന്തില്‍ 76) കാത്തത്. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയുടെ ബാറ്റിഗും(17 പന്തില്‍ 15) സിഎസ്‌കെയ്‌ക്ക് തുണയായി. 

പഞ്ചാബിനായി അര്‍ഷ്‌ദീപ് സിംഗും ക്രിസ് ജോര്‍ദാനും രണ്ട് വീതവും മുഹമ്മദ് ഷമിയും രവി ബിഷ്‌ണോയിയും ഓരോ വിക്കറ്റും നേടി. 

'ധോണിയില്ലാതെ സിഎസ്‌കെയില്ല'; ചെന്നൈയില്‍ തുടരുമെന്ന 'തല'യുടെ പ്രഖ്യാപനത്തോട് മുന്‍താരങ്ങള്‍    

Latest Videos
Follow Us:
Download App:
  • android
  • ios