എന്ത് ബുമ്ര, എന്തൊരു സിക്‌സറുകള്‍; ഇത് എബിഡി സ്റ്റൈല്‍ ഗെയ്‌ക്‌വാദ്- വീഡിയോ
മുംബൈയുടെ പേസ് വീരന്‍ ജസ്‌പ്രീത് ബുമ്രയെ പോലും അനായാസം നേരിട്ടായിരുന്നു ഗെയ്‌ക്‌വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ്
ദുബൈ: ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഹീറോ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദാണ്. മുംബൈ ഇന്ത്യന്‍സിനെതിരെ പവര്‍പ്ലേയില്‍ 24 റണ്‍സിന് നാല് വിക്കറ്റ് നഷ്‌ടമായ ശേഷം ധോണിപ്പടയ്‌ക്ക് മാന്യമായ സ്‌കോര്‍(156/6) സമ്മാനിച്ചത് 20 ഓവറും ബാറ്റ് ചെയ്ത് 58 പന്തില്‍ പുറത്താകാതെ 88 റണ്‍സ് നേടിയ ഗെയ്‌ക്‌വാദാണ്.
മുംബൈയുടെ പേസ് വീരന്‍ ജസ്‌പ്രീത് ബുമ്രയെ പോലും അനായാസം നേരിട്ടായിരുന്നു ഗെയ്‌ക്‌വാദിന്‍റെ ബാറ്റിംഗ്. അതും ഡെത്ത് ഓവറുകളില്‍. ഗെയ്‌ക്‌വാദിന്‍റെ ഇന്നിംഗ്‌സില്‍ പാറിപ്പറന്ന നാല് സിക്‌സില്‍ രണ്ടെണ്ണം ബുമ്രക്കെതിരെയായിരുന്നു. ചെന്നൈ ഇന്നിംഗ്‌സിലെ 17, 20 ഓവറുകളിലായിരുന്നു ഈ സിക്‌സറുകള്‍. ഓഫ് സ്റ്റംപിന് പുറത്ത് ബുമ്ര തന്ത്രപൂര്‍വമെറിഞ്ഞ സ്ലോ ബോള്‍ കവറിന് മുകളിലൂടെ പറത്തിയായിരുന്നു ആദ്യ സിക്‌സര്‍. രണ്ടാമത്തേതാവട്ടെ ഇന്നിംഗ്‌സിന്‍റെ അവസാന പന്തില്‍ ഡീപ് സ്‌ക്വയറിലേക്ക് എബിഡി സ്റ്റൈല്‍ ഷോട്ടും.
ബുമ്രക്കെതിരെ ഗെയ്‌ക്‌വാദ് പറത്തിയ ഇരു സിക്‌സറുകളുടെ വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
മുംബൈ ഇന്ത്യൻസിനെതിരെ വമ്പന്‍ തിരിച്ചുവരവിനൊടുവിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് വിജയിച്ചത്. ഇരുപത് റൺസിനായിരുന്നു ധോണിപ്പടയുടെ വിജയം. ചെന്നൈയുടെ 156 റൺസ് പിന്തുടർന്ന മുംബൈയ്‌ക്ക് 136 റൺസിൽ എത്താനേ കഴിഞ്ഞുള്ളൂ. തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായി ചെന്നൈ ബാറ്റിംഗിന്‍റെ നെടുന്തൂണായി മാറിയ റുതുരാജ് ഗെയ്‌ക്‌വാദാണ് കളിയിലെ താരം.