'തല' എന്നാ സുമ്മാവാ...ടി20 ക്യാപ്റ്റന്‍സിയില്‍ ധോണിക്ക് റെക്കോര്‍ഡ്, നേട്ടത്തിലെത്തുന്ന ആദ്യ നായകന്‍
ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്ക് പുറമെ റൈസിംഗ് പുനെ സൂപ്പര്‍ജയ്‌ന്‍റ്‌സിനേയും രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനേയും ടി20 ഫോര്‍മാറ്റില്‍ ധോണി നയിച്ചിട്ടുണ്ട്
ദുബായ്: ടി20യില്‍(T20) ക്യാപ്‌റ്റനായി 300 മത്സരങ്ങള്‍ തികയ്‌ക്കുന്ന ആദ്യ താരമെന്ന നേട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) നായകന്‍ എം എസ് ധോണി(MS Dhoni). ഐപിഎല്‍ പതിനാലാം സീസണിലെ(IPL 2021) ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ(Kolkata Knight Riders) കളത്തിലിറങ്ങിയപ്പോഴാണ് റെക്കോര്‍ഡ് ധോണിയുടെ പേരിലായത്. ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്ക് പുറമെ റൈസിംഗ് പുനെ സൂപ്പര്‍ജയ്‌ന്‍റ്‌സിനേയും(Rising Pune Supergiant) രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനേയും(Team India) ടി20 ഫോര്‍മാറ്റില്‍ ധോണി നയിച്ചിട്ടുണ്ട്.
ധോണിയും വിന്‍ഡീസ് മുന്‍ നായകന്‍ ഡാരന്‍ സമിയും മാത്രമാണ് ടി20യില്‍ 200ലധികം മത്സരങ്ങളില്‍ നായകന്‍മാരായിട്ടുള്ളത്. 208 ടി20കളിലാണ് സമി നായകന്‍റെ തൊപ്പിയണിഞ്ഞത്. ധോണിയേപ്പോലെ ഫ്രാഞ്ചൈസി ക്രിക്കറ്റിലും പേരെടുത്ത നായകനാണ് സമി.
ടീം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ധോണി 2017 ജനുവരിയില്‍ പടിയിറങ്ങിയിരുന്നു. 2007 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ധോണി 72 മത്സരങ്ങളില്‍ ദേശീയ ക്യാപ്റ്റനായി. ഇതില്‍ 41 മത്സരങ്ങളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 28 എണ്ണം തോല്‍ക്കുകയും ഒരെണ്ണം സമനിലയിലാവുകയും രണ്ട് മത്സരങ്ങളില്‍ ഫലമില്ലാതാവുകയും ചെയ്തു.
റണ്ണൊഴുക്കിന്‍റെ ഋതു; ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിച്ച് റുതുരാജ് ഗെയ്‌ക്‌വാദ്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 213 മത്സരങ്ങളില്‍ നയിച്ചപ്പോള്‍ ധോണിക്ക് 130 വിജയങ്ങള്‍ നേടാനായി. 81 മത്സരങ്ങളിലാണ് ധോണിപ്പട തോല്‍വിയറിഞ്ഞത്. മൂന്ന് കിരീടത്തിലേക്ക് ടീമിനെ നയിക്കുകയും ചെയ്തു. റൈസിംഗ് പുനെ സൂപ്പര്‍ജയ്‌ന്‍റ്‌സിനെ 14 കളികളില്‍ നയിച്ചപ്പോള്‍ അഞ്ച് ജയവും ഒന്‍പത് തോല്‍വിയുമായിരുന്നു ഫലം. കഴിഞ്ഞ 299 ടി20കളില്‍ 59.79 ആണ് ധോണിയുടെ വിജയശരാശരി.
കൂടുതല്‍ രാജ്യാന്തര ടി20കളില്‍ ക്യാപ്റ്റനായ താരവും എം എസ് ധോണിയാണ്. ഇക്കാര്യത്തില്‍ ഇംഗ്ലണ്ടിന്‍റെ ഓയിന്‍ മോര്‍ഗനാണ് രണ്ടാമത്. ഇരുവരും ഫ്രാഞ്ചൈസി ക്യാപ്‌റ്റന്‍മാരായി മുഖാമുഖം വന്ന പോരാട്ടമാണ് ഐപിഎല്‍ പതിനാലാം സീസണിലെ ചെന്നൈ-കൊല്‍ക്കത്ത ഫൈനല്‍.
ഐപിഎല്‍ ഫൈനല്‍: പവര്‍ പ്ലേയില്‍ ചെന്നൈ സൂപ്പര്‍, കൊല്‍ക്കത്തക്കെതിരെ മികച്ച തുടക്കം