ഐപിഎല്‍: പൊരുതിയത് ഡൂപ്ലെസി മാത്രം, ചെന്നൈക്കെതിരെ പഞ്ചാബിന് 135 റണ്‍സ് വിജയലക്ഷ്യം
നാലാം ഓവറില്‍ തന്നെ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. അര്‍ഷദീപിന്‍റെ ബൗണ്‍സര്‍ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ റുതുരാജ് ഗെയ്‌ക്‌വാദ് ഷാറൂഖ് ഖാന് ക്യാച്ച് നല്‍കി മടങ്ങി. 14 പന്തില്‍ 12 റണ്‍സായിരുന്നു ഗെയ്‌ക്‌വാദിന്‍റെ സംഭാവന. തൊട്ടുപിന്നാലെ മൊയീന്‍ അലി(0) വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കി മടങ്ങി. റോബിന്‍ ഉത്തപ്പയും(2), അംബാട്ടി റായുഡുവും(4) നിലയുറപ്പിക്കാതെ മടങ്ങിയതോടെ ചെന്നൈ 42-4ലേക്ക് കൂപ്പുകുത്തി.
ദുബായ്: ഐപിഎല്ലില്‍ (IPL 2021) മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ (Chennai Super Kings) മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് (Punjab Kings) 135 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ്, ഓപ്പണര്‍ ഫാഫ് ഡൂപ്ലെസിയുടെ(Faf du Plessis) അര്‍ധസെഞ്ചുറി മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ധോണി (MS Dhoni) ഉള്‍പ്പെടെയുള്ള ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിരയില്‍ ഡൂപ്ലെസിക്കൊപ്പം രവീന്ദ്ര ജഡേജ(15) നടത്തിയ പോരാട്ടമാണ് ചെന്നൈയെ 100 കടത്തിയത്. നാല് ബാറ്റര്‍മാര്‍ മാത്രമാണ് ചെന്നൈ നിരയില്‍ രണ്ടക്കം കടന്നത്. പഞ്ചാബിനായി അര്‍ഷദീപ് സിംഗും ക്രിസ് ജോര്‍ദാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തകര്‍ച്ചയോടെ തുടക്കം
നാലാം ഓവറില്‍ തന്നെ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. അര്‍ഷദീപിന്‍റെ ബൗണ്‍സര്‍ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ റുതുരാജ് ഗെയ്‌ക്‌വാദ് ഷാറൂഖ് ഖാന് ക്യാച്ച് നല്‍കി മടങ്ങി. 14 പന്തില്‍ 12 റണ്‍സായിരുന്നു ഗെയ്‌ക്‌വാദിന്‍റെ സംഭാവന. തൊട്ടുപിന്നാലെ മൊയീന്‍ അലി(0) വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കി മടങ്ങി. റോബിന്‍ ഉത്തപ്പയും(2), അംബാട്ടി റായുഡുവും(4) നിലയുറപ്പിക്കാതെ മടങ്ങിയതോടെ ചെന്നൈ 42-4ലേക്ക് കൂപ്പുകുത്തി.
നിരാശപ്പെടുത്തി വിണ്ടും ധോണി
ഫാഫ് ഡൂപ്ലെസിക്കൊപ്പം ചെന്നൈ ടോട്ടല്‍ 50 കടത്തിയെങ്കിലും ചെന്നൈ നായകന്‍ എം എസ് ധോണി ബാറ്റിംഗില്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. 15 പന്തില്‍ രണ്ട് ബൗണ്ടറികളടക്കം 12 റണ്‍സെടുത്ത ധോണിയെ രവി ബിഷ്ണോയി ബൗള്‍ഡാക്കി. 62-5 വിക്കറ്റ് നഷ്ടമായ ചെന്നൈയെ അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയും ഫാഫ് ഡൂപ്ലെസിയും ചേര്‍ന്ന് 100 കടത്തി. 46 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഡൂപ്ലെസി 55 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും പറത്തി 76 റണ്‍സെടുത്ത് അവസാന ഓവറിലാണ് പുറത്തായത്. ആദ്യ മൂന്നോവറില്‍ ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത മുഹമ്മദ് ഷമിക്കെതിരെ അവസാന ഓവറില്‍ 16 റണ്‍സടിച്ചാണ് ചെന്നൈ 134 റണ്‍സിലെത്തിയത്.
പഞ്ചാബിനായിഅര്‍ഷദീപ് സിംഗ് 35 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ക്രിസ് ജോര്‍ദാന്‍ 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ഷമിയും ബിഷ്ണോയിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ചെന്നൈ ഡല്‍ഹി കാപിറ്റല്‍സിനെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തിയാണ് ഇറങ്ങിയത്. പഞ്ചാബ് ഒരു മാറ്റം വരുത്തി. നിക്കോളാസ് പുരാന് പകരം ക്രിസ് ജോര്‍ദാന്‍ ടീമിലെത്തി.
പഞ്ചാബ് കിംഗ്‌സ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, എയ്ഡന്‍ മാര്‍ക്രം, സര്‍ഫറാസ് ഖാന്‍, ഷാറൂഖ് ഖാന്‍, മൊയ്‌സസ് ഹെന്റിക്വസ്, ക്രിസ് ജോര്‍ദാന്‍, ഹര്‍പ്രീത് ബ്രാര്‍, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, അര്‍ഷദീപ് സിംഗ്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്, റോബിന്‍ ഉത്തപ്പ, മൊയീന്‍ അലി, അമ്പാട്ടി റായൂഡു, എം എസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ഷാര്‍ദുള്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, ജോഷ് ഹേസല്‍വുഡ്.