ഐപിഎല്‍: ബാംഗ്ലൂരിനെയും വീഴ്ത്തി സൂപ്പര്‍ കിംഗ്സായി ചെന്നൈ 'തല'പ്പത്ത്
ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്‌വാദും ഫാഫ് ഡൂപ്ലെസിയും നല്‍കിയ തകര്‍പ്പന്‍ തുടക്കമാണ് ചെന്നൈയുടെ വിജയം അനായാസമാക്കിയത്. പവര്‍ പ്ലേയില്‍ ചെന്നൈയെ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സിലെത്തിച്ച ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 8.2 ഓവറില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്.
ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (Royal Challengers Banglore) ആറ് വിക്കറ്റിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയവുമായി പ്ലേ ഓഫ് സാധ്യകള്‍ സജീവമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് (Chennai Super Kings).ആദ്യം ബാറ്റ് ചെയ്ക് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പന്തുകളും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി ചെന്നൈ മറികടന്നു. ജയത്തോടെ 14 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയ ചെന്നൈ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. തോറ്റെങ്കിലും 10 പോയന്‍റുള്ള ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്താണ്. സ്കോര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 156-6, ചെന്നൈ സൂപ്പര്‍ കിംഗ്സ് 18.2 ഓവറില്‍ 157-4.
തകര്‍ത്തടിച്ച് തുടക്കം
ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്‌വാദും ഫാഫ് ഡൂപ്ലെസിയും നല്‍കിയ തകര്‍പ്പന്‍ തുടക്കമാണ് ചെന്നൈയുടെ വിജയം അനായാസമാക്കിയത്. പവര്‍ പ്ലേയില്‍ ചെന്നൈയെ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സിലെത്തിച്ച ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 8.2 ഓവറില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. 26 പന്തില്‍ 38 റണ്‍സെടുത്ത ഗെയ്‌ക്‌വാദിനെ ചാഹലിന്‍റെ പന്തില്‍ കോലി പറന്നു പിടിക്കുകയായിരുന്നു.
തൊട്ടു പിന്നാലെ 26 പന്തില്‍ 31 റണ്‍സെടുത്ത ഫാഫ് ഡൂപ്ലെസിയെ മാക്സ്‌വെല്‍ നവദീപ് സെയ്നിയുടെ കൈകളിലെത്തിച്ചപ്പോള്‍ ബാംഗ്ലൂരിന് പ്രതീക്ഷയായെങ്കിലും അംബാട്ടി റായുഡുവും(22 പന്തില്‍ 32), മൊയീന്‍ അലിയും(18 പന്തില്‍ 23) ചേര്‍ന്ന് 47 റണ്‍സ് കൂട്ടുകെട്ടിലൂടെ ബാംഗ്ലൂരിന്‍റെ പ്രതീക്ഷകള്‍ തല്ലിക്കൊഴിച്ചു. ഇരുവരും മടങ്ങിയശേഷം സുരേഷ് റെയ്നയും(10 പന്തില്‍ 17*), എം എസ് ധോണിയും(9 പന്തില്‍ 11*) ചേര്‍ന്ന് അനായാസം ചെന്നൈയെ വിജയവര കടത്തി.
നല്ല തുടക്കം നഷ്ടമാക്കി ബാംഗ്ലൂര്‍
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങി ബാംഗ്ലൂരിന് ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയിട്ടും വമ്പന്‍ സ്കോര്‍ നേടാനാവാതെ പോയതാണ് തിരിച്ചടിയായത്. ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 11.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 100 റണ്‍സ് പിന്നിട്ട ബാംഗ്ലൂരിന് പിന്നീടുള്ള ഒമ്പതോവറില്‍ 55 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
50 പന്തില്‍ 70 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. വിരാട് കോലി 41 പന്തില്‍ 53 റണ്‍സെടുത്തു. ചെന്നൈക്കായി ഡ്വയിന്‍ ബ്രാവോ നാലോവറില്‍ 24 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.പതിനൊന്നാം ഓവറില്‍ 100 പിന്നിട്ട ബാംഗ്ലൂരിന് പതിനാലാം ഓവറില്‍ 111ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ വിരാട് കോലിയെ നഷ്ടമായി. പിന്നീടെത്തിയ എ ബി ഡിവില്ലിയേഴ്സ്(11 പന്തില്‍ 12), ഗ്ലെന്‍ മാക്സ്‌വെല്‍(11), ടിം ഡേവിഡ്(1) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ഒരുഘട്ടത്തില്‍ 200 റണ്‍സ് ലക്ഷ്യമിട്ട ബാംഗ്ലൂര്‍ 156ല്‍ ഒതുങ്ങി. ആദ്യ 10 ഓവറില്‍ 11 ബൗണ്ടറികള്‍ നേടിയ ബാംഗ്ലൂരിന് അവസാന 10 ഓവറില്‍ ആകെ നേടാനായത് അഞ്ച് ബൗണ്ടറികള്‍ മാത്രം.