എവിടെയായിരുന്നു ഇത്രകാലം; 151.03 കി.മീ വേഗതയില്‍ പന്തെറിഞ്ഞ ഉമ്രാന്‍ മാലിക്കിനെ കുറിച്ച് സൂപ്പര്‍താരം
ഉമ്രാന്‍റെ പേസ് കണ്ട് വിസ്‌മയം കൊണ്ടവരില്‍ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റുമുണ്ടായിരുന്നു
ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) ഒരു താരത്തിന്‍റെ അരങ്ങേറ്റം കണ്ട് എവിടെയായിരുന്നു ഇത്രകാലം എന്ന് ചോദിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്(Kolkata Knight Riders) എതിരായ മത്സരത്തില്‍ 151 കി.മീ വേഗതയില്‍ പന്തെറിഞ്ഞ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(Sunrisers Hyderabad) പേസര്‍ ഉമ്രാന്‍ മാലിക്കിനെയാണ്(Umran Malik) ഏവരും പ്രശംസ കൊണ്ടുമൂടുന്നത്. ഉമ്രാന്‍റെ പേസ് കണ്ട് വിസ്‌മയം കൊണ്ടവരില്‍ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റുമുണ്ടായിരുന്നു.
'യുവതാരങ്ങള്‍ മതിപ്പുണ്ടാക്കി. ഉമ്രാന്‍ മാലിക്ക് വന്നപ്പോള്‍ എല്ലാവരും പെട്ടെന്ന് വൗ എന്ന് പറഞ്ഞു. എവിടെയായിരുന്നു ഇയാള്‍. തുടര്‍ച്ചയായി 140 കിമീ വേഗതയില്‍ പന്തെറിയുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ പേരെടുക്കാന്‍ യുവതാരങ്ങള്‍ക്ക് മികച്ച അവസരമാണിത്. ഫ്രാഞ്ചൈസിയില്‍ താരങ്ങള്‍ക്ക് വലിയ ചുമതല ലഭിക്കാന്‍ ഇത് സഹായകമാകും. കുറച്ച് വര്‍ഷങ്ങളായി മികച്ച ഓള്‍റൗണ്ടറെയാണ് ടീം മിസ് ചെയ്തിരുന്നത്. ബാറ്റും ബോളും കൊണ്ട് ഇപ്പോള്‍ മികച്ച പ്രകടനം ജേസന്‍ ഹോള്‍ഡര്‍ പുറത്തെടുത്തു. ഹോള്‍ഡറെയും ടീം നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നു. വിന്‍ഡീസിനെ നയിച്ചിട്ടുള്ള ഹോള്‍ഡറെ ഹൈദരാബാദ് നായകനാക്കുമോ എന്നത് ആകാംക്ഷ സൃഷ്‌ടിക്കുന്നതായും' ബ്രാത്ത്‌വെയ്റ്റ് പറഞ്ഞു.
ഉമ്രാന്‍ മാലിക്കിന്‍റെ പേസിനെ പ്രശസ്‌ത കമന്‍റേറ്റര്‍ ഹര്‍ഷാ ഭോഗ്‌ലെയും പ്രശംസിച്ചു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ ഐപിഎല്‍ അരങ്ങേറ്റത്തില്‍ തന്നെ പേസ് കൊണ്ട് അമ്പരപ്പിക്കുകയായിരുന്നു ഉമ്രാന്‍ മാലിക്. നാല് ഓവര്‍ എറിഞ്ഞ താരം 27 റണ്‍സേ വിട്ടുകൊടുത്തുള്ളൂ. മത്സരത്തില്‍ രണ്ട് പന്തുകള്‍ 150 കി.മീയിലേറെ വേഗത്തില്‍ താരമെറിഞ്ഞു. ഇതിലെ വേഗമേറിയ പന്ത് 151.03 കി.മീ വേഗത തൊട്ടു. ഐപിഎല്‍ പതിനാലാം സീസണിലെ വേഗമേറിയ 10 പന്തുകളിലൊന്നും ഇന്ത്യന്‍ താരങ്ങളിലെ വേഗമേറിയ പന്തും 21 വയസുകാരനായ മാലിക്കിന്‍റെ ഈ ബോളിനാണ്.
കൊവിഡ് ബാധിതനായ പേസര്‍ ടി നടരാജന് പകരമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉമ്രാന്‍ മാലിക്കിനെ പരിമിത കാലത്തേക്ക് ടീമിലെടുത്തത്. ഹൈദരാബാദ് ടീമിനൊപ്പം നെറ്റ് ബൗളറായി കൂടെയുണ്ടായിരുന്ന മാലിക്ക് ഇതുവരെ ജമ്മു കശ്മീരിനായി ഒരു ടി20 മത്സരം മാത്രമാണ് കളിച്ചത്. ആ മത്സരത്തില്‍ നാലു വിക്കറ്റുമെടുത്തു. ഇതാണ് ഫ്രാഞ്ചൈസിയുടെ കണ്ണ് പതിയാന്‍ കാരണം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് തൊട്ടുമുമ്പാണ് നടരാജന് കൊവിഡ് പിടിപെട്ടത്.
കൊല്‍ക്കത്തക്കെതിരെ ഹൈദരാബാദിന്‍റെ ബാറ്റിംഗ് കണ്ട് ഉറങ്ങിപ്പോയെന്ന് സെവാഗ്