ഐപിഎൽ: ഓസ്ട്രേലിയൻ താരങ്ങൾ മാലദ്വീപിലേക്ക് തിരിച്ചു; ഹസി ഇന്ത്യയിൽ തുടരും
ഐപിഎല്ലിന്റെ ഭാഗമായിരുന്നവർക്ക് പ്രത്യേക ഇളവ് നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടില്ലെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡും കളിക്കാരുടെ അസോസിയേഷനും അറിയിച്ചു.
മുംബൈ: ഐപിഎല്ലിന്റെ ഭാഗമായിരുന്ന ഓസ്ട്രേലിയൻ കളിക്കാരും പരിശീലകരും സപ്പോർട്ട് സ്റ്റാഫും മാച്ച്
ഒഫീഷ്യൽസും കമന്റേറ്റർമാരുമടങ്ങുന്ന സംഘം മാലദ്വീപിലേക്ക് തിരിച്ചു. ഇന്ത്യയിൽ നിന്ന് നേരിട്ട് ഓസ്ട്രേലിയയിലേക്ക് പോകാൻ വിലക്കുള്ളതിനാൽ മാലദ്വീപിലേക്കാണ് ഓസ്ട്രേലിയൻ സംഘം പോയത്. യാത്രാവിലക്ക് നീങ്ങുന്നതുവരെ സംഘം മാലദ്വീപിൽ തുടരും. ഇതിനുശേഷമാവും എല്ലാവരും ഓസ്ട്രേലിയയിലേക്ക് പോകുക.
വിലക്ക് ലംഘിച്ച് ഇന്ത്യയിൽ നിന്ന് നേരിട്ട് ഓസ്ട്രേലിയയിലെത്തുന്നവരെ ജയിലിലടക്കുമെന്ന് ഓസ്ട്രേലിയൻ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഐപിഎല്ലിന്റെ ഭാഗമായിരുന്നവർക്ക് പ്രത്യേക ഇളവ് നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടില്ലെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡും കളിക്കാരുടെ അസോസിയേഷനും അറിയിച്ചു. ഇതാണ് വിലക്ക് നീങ്ങുന്നതുവരെ ഓസ്ട്രേലിയൻ സംഘത്തിന് മാലദ്വീപിൽ തുടരേണ്ട സാഹചര്യം ഒരുക്കിയത്.
അതേസമയം, ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ചെന്നൈ സൂപ്പർ കിംഗ്സ് ടീം ബാറ്റിംഗ് പരിശീലകൻ മൈക് ഹസി ഇന്ത്യയിൽ തുടരും. ഹസിക്ക് നേരിയ രോഗലക്ഷണങ്ങൾ മാത്രമാമാണുള്ളതെന്നും അദ്ദേഹം ചെന്നൈ സൂപ്പർ കിംഗ്സിന്റെ പരിചരണത്തിലാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. ഐപിഎൽ നിർത്തിവെച്ച് രണ്ട് ദിവസത്തിനുള്ളഇൽ കളിക്കാരെ മാലദ്വീപിലേക്ക് അയച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനോട് ക്രിക്കറ്റ് ഓസ്ട്രേലിയ നന്ദി പറഞ്ഞു.
കൊൽക്കത്ത ടീമിലെ വരുൺ ചക്രവർത്തിക്കും മലയാളി താരം സന്ദീപ് വാര്യർക്കുമാണ് ടൂർണമെന്റിനിടെ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടുപിന്നാലെ ചെന്നൈയുടെ ബൗളിംഗ് പരിശീലകനായ ലക്ഷ്മിപതി ബാലാജിക്കും ടീമിന്റെ സിഇഒ ആയ കാശി വിശ്വനാഥനും ടീം ബസിന്റെ ജീവനക്കാനും തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചു.
ഇതിന് പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെ വൃദ്ധിമാൻ സാഹക്കും ഡൽഹി ക്യാപിറ്റൽസിലെ അമിത് മിശ്രക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ടൂർണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കാൻ ബിസിസിഐ തീരുമാനിച്ചത്. ഇന്ന് ചെന്നൈ ടീമിന്റെ ബാറ്റിംഗ് പരിശീലകൻ മൈക് ഹസിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.