ധവാന്റെ ഫോം അത്ഭുതപ്പെടുത്തുന്നു; പുകഴ്ത്തി ആകാശ് ചോപ്ര
കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ താരം 47 പന്തില്‍ 69 റണ്‍സ് നേടിയിരുന്നു. അതിനു പിന്നാലെയാണ് ചോപ്രയുടെ വാക്കുകള്‍.
ദില്ലി: ഡല്‍ഹി കാപിറ്റല്‍സ് താരം ശിഖര്‍ ധവാനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ താരം 47 പന്തില്‍ 69 റണ്‍സ് നേടിയിരുന്നു. അതിനു പിന്നാലെയാണ് ചോപ്രയുടെ വാക്കുകള്‍. നിലവില്‍ 380 റണ്‍സ് നേടിയിട്ടുള്ള ധവാനാണ് ഓറഞ്ച് ക്യാപ്പിന് ഉടമ.
ഐപിഎല്ലില്‍ ധവാന്റെ ഫോം അത്ഭുതപ്പെടുത്തുന്നതാണെന്നാണ് ചോപ്ര പറയുന്നത്. ''കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ധവാന്‍. ഇതിന് മുമ്പ് ഒരു സീസണിലും പുറത്തെടുക്കാത്ത പ്രകടനമാണ് അദ്ദേഹം ഈ ഐപിഎല്‍ സീസണില്‍ കാണിക്കുന്നത്. സഹ ഓപ്പണര്‍ പൃഥ്വി ഷാ ക്രീസിലുണ്ടെങ്കില്‍ സാധാരണ ഗതിയില്‍ ഇന്നിങ്‌സ് മുന്നോട്ട് പോവേണ്ടിവരും. ഇനി പൃഥ്വി പുറത്തായാല്‍ ധവാന്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കും. മാത്രമല്ല, സ്റ്റീവ് സ്മിത്തിനെ സിംഗിളെടുത്ത് കളിക്കാനും ഫോമിലാക്കാനും സഹായിപ്പിക്കും. മാത്രമല്ല, ധവാന്‍ ഇന്നിങ്‌സ് പൂര്‍ത്തിയാക്കാന്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. എപ്പോഴും പുറത്താവാതിരിക്കാന്‍ ശ്രമിക്കും.
എത്ര ഭംഗിയായിട്ടാണ് ധവാന്‍ ബാറ്റ് ചെയ്യുന്നത്. ധവാന്‍ 2.0 വേര്‍ഷനാണ് ഇപ്പോള്‍ കാണുന്നത്. കഴിഞ്ഞ ഐപിഎല്‍ മുതലാണ് ധവാനെ ഇങ്ങനെ കാണാന്‍ തുടങ്ങിയത്. സ്‌ട്രൈക്ക് റേറ്റ് സ്ഥിരതയോടെ നിലനിര്‍ത്താനും ധവാന് സാധിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങള്‍ക്ക് ലഭിക്കുന്ന ഓറഞ്ച് ക്യാപ്് ഇപ്പോല്‍ ധവാന്റെ തലയിലാണ്. മറ്റൊരാളും ഈ സീസണില്‍ ഓറഞ്ച് ക്യാപ്പിന് അര്‍ഹരാണെന്ന് തോന്നുന്നില്ല.'' ചോപ്ര പറഞ്ഞുനിര്‍ത്തി.
ഐപിഎല്ലില്‍ ഡല്‍ഹിക്ക് മികച്ച തുടക്കം നല്‍കാന്‍ സഹായിക്കുന്നത് ധവാന്‍- പൃഥ്വി കൂട്ടുകെട്ടാണ്. നിലവില്‍ ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥിരാംഗമല്ല ധവാന്‍. ഈ പ്രകടത്തോടെ തിരിച്ചെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്.