തീയുണ്ടപോലെ ഒന്നിനെ പുറകെ ഒന്നായി ആറ് യോര്‍ക്കറുകള്‍; നടരാജന് കൈയടിച്ച് ആരാധകര്‍
ഈ ഐപിഎല്ലില്‍ ഇതുവരെ എഴുപതിലേറെ യോര്‍ക്കറുകളാണ് നടരാജന്‍ എറിഞ്ഞത്. നടരാജന്‍റെ യോര്‍ക്കറുകള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ മടങ്ങിയവര്‍ ചില്ലറക്കാരല്ല.
അബുദാബി: ഐപിഎല്ലില്‍ യോര്‍ക്കര്‍ രാജയാണ് ഹൈദരാബാദിന്‍റെ ടി നടരാജന്‍. ഈ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ യോര്‍ക്കറുകള്‍ എറിഞ്ഞ ബൗളര്‍. ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്ർ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ സൂപ്പര്‍മാന്‍ എ ബി ഡിവില്ലിയേഴ്സിനെ വീഴ്ത്തിയ യോര്‍ക്കര്‍ ആരാധകരെ വിസ്മയിപ്പിച്ചതിന് പിന്നാലെ യോര്‍ക്കറുകള്‍കൊണ്ട് മറ്റൊരു വിസ്മയം കൂടി തീര്‍ത്തിരിക്കുകയാണ് നടരാജന്‍.
ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ഇന്നിംഗ്സിലെ അവസാന ഓവര്‍ എറിയാനെത്തിയ നടരാജന്‍ എറിഞ്ഞത് ഒന്നിന് പുറകെ ഒന്നായി ആറ് യോര്‍ക്കറുകളായിരുന്നു. വമ്പനടിക്കാരായ ഷിമ്രോണ്‍ ഹെറ്റ്മെയറും റിഷഭ് പന്തും ക്രീസിലുണ്ടായിട്ടും നടരാജന്‍റെ അവസാന ഓവറില്‍ ഒരു ബൈയും ലെഗ് ബൈയും അടക്കം ഡല്‍ഹിക്ക് നേടാനായത് വെറും ഏഴ് റണ്‍സായിരുന്നു.
ഈ ഐപിഎല്ലില്‍ ഇതുവരെ എഴുപതിലേറെ യോര്‍ക്കറുകളാണ് നടരാജന്‍ എറിഞ്ഞത്. നടരാജന്‍റെ യോര്‍ക്കറുകള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ മടങ്ങിയവര്‍ ചില്ലറക്കാരല്ല, എ ബി ഡിവില്ലിയേഴ്സ്, വിരാട് കോലി, ഷെയ്ന്‍ വാട്സണ്‍, എം എസ് ധോണി, ആന്ദ്രെ റസല്‍ എന്നിവരെല്ലാം നടരാജന്‍റെ യോര്‍ക്കറുകള്‍ക്ക് മുന്നില്‍ ബാറ്റുവെച്ച് കീഴടങ്ങിയവര്‍.
രണ്ടാം സ്ഥാനത്തുള്ളത് സണ്‍റൈസേഴ്സിലെ സഹതാരം ജേസണ്‍ ഹോള്‍ഡറാണ്. 25 യോര്‍ക്കറുകള്‍. മംബൈയുടെ ട്രെന്‍റ് ബോള്‍ട്ട് 22 യോര്‍ക്കറുകള്‍ എറിഞ്ഞപ്പോള്‍ രാജസ്ഥാന്‍റെ കാര്‍ത്തിക് ത്യാഗിയും 22 യോര്‍ക്കറുകള്‍ എറിഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഡ്വയിന്‍ ബ്രാവോ 21 യോര്‍ക്കറുകളുമായി അഞ്ചാം സ്ഥാനത്തുണ്ട്.