കൂടുതല്‍ ശ്രദ്ധ വേണ്ടിയിക്കുന്നു; ഭാവി പദ്ധതികളെ കുറിച്ച് വ്യക്തമാക്കി രോഹിത് ശര്‍മ
ഐപിഎല്‍ പാതിദൂരം പിന്നിട്ടപ്പോള്‍ മുന്നോട്ടുള്ള പോക്കിനെ കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത്.
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ഫോമിലാണ് മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ കളിക്കുന്ന ടീം ഇതുവരെ കളിച്ച ഏഴെണ്ണത്തില്‍ അഞ്ചിലും ജയിച്ചിരുന്നു. ഇപ്പോള്‍ പത്ത് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. അവസാന മത്സത്തില്‍ ശക്തരായ ഡല്‍ഹി കാപിറ്റല്‍സിനെയാണ് മുംബൈ തോല്‍പ്പിച്ചത്.
ഐപിഎല്‍ പാതിദൂരം പിന്നിട്ടപ്പോള്‍ മുന്നോട്ടുള്ള പോക്കിനെ കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത്. ഇനിയുള്ള മത്സരങ്ങള്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നാണ് രോഹിത് പറയുന്നത്. ''ഇതുവരെ മികച്ച പ്രകടനമാണ് മുംബൈ ഇന്ത്യന്‍സ് പുറത്തെടുത്തത്. ഇനിയുള്ള മത്സരങ്ങള്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായിരിക്കും. എല്ലാ ടീമുകളും മുന്നിലെത്താനുള്ള കഠിന ശ്രമം നടത്തും. അവരെയെല്ലാം പിന്നിലാക്കുകയാണ് ടീമിന്റെ ലക്ഷ്യം.'' രോഹിത് വ്യക്തമാക്കി. ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലിട്ട വീഡിയോയിലാണ് രോഹിത് ടീമിന്റെ മുന്നോട്ടുള്ള സാധ്യതകളെക്കുറിച്ച് പറഞ്ഞത്.
മുംബൈ ഇന്ത്യന്‍സിനായി 150 ഐപിഎല്‍ പോരാട്ടങ്ങളില്‍ കളിച്ചതിന്റെ ആഹ്ലാദവും രോഹിത് പങ്കിട്ടു... ''മഹത്തായ യാത്രയാണ് ഇതെന്ന് രോഹിത് പറഞ്ഞു. ടീമിനൊപ്പം തുടരുന്നതില്‍ വളരെയധികം സന്തുഷ്ടനാണ്. പിന്തുണ നല്‍കുന്ന ടീമംഗങ്ങളയെല്ലാം അഭിനന്ദിക്കുന്നു. ടീം ഒന്നടങ്കമെടുക്കുന്ന തീരുമാനങ്ങള്‍ കൃത്യമായി മൈതാനത്ത് നടപ്പാക്കാന്‍ സാധിക്കുന്നുണ്ട്.
ഇനി വരാനുള്ള ഏഴ് മത്സരങ്ങള്‍ നിര്‍ണായകമാണ്. അതിലാണ് ടീമിന്റെ ശ്രദ്ധ മുഴുവന്‍. ഓരോ മത്സരവും ആസ്വദിച്ചാണ് കളിക്കുന്നത്. ടൂര്‍ണമെന്റിന്റെ കടുപ്പവും കൂടുന്നു. ആസ്വദിച്ച് കളിക്കുകയന്നത് പ്രധാനമാണ്.'' ഹിറ്റ്മാന്‍ പറഞ്ഞുനിര്‍ത്തി.