ഓപ്പണര്‍മാര്‍ മടങ്ങി; തുടക്കം റോയലാവാതെ റോയല്‍ ചലഞ്ചേഴ്‌സ്

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പഞ്ചാബിനായി ആദ്യ ഓവര്‍ എറിഞ്ഞത് ഗ്ലെന്‍ മാക്‌സ്‌വെല്ലാണ്

IPL 2020 RCB vs KXIP Live Updates Bangalore lose Devdutt Padikkal

ഷാര്‍ജ: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഓപ്പണര്‍മാരെ നഷ്‌ടം. ഏഴ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 63-2 എന്ന നിലയിലാണ് ആര്‍സിബി. നായകന്‍ വിരാട് കോലിയും(17*), വാഷിംഗ്‌ടണ്‍ സുന്ദറുമാണ്(1*) ക്രീസില്‍. ദേവ്‌ദത്ത് പടിക്കലും ആരോണ്‍ ഫിഞ്ചും കാര്യമായ സംഭാവന നല്‍കാതെയാണ് വിക്കറ്റ് വലിച്ചെറിഞ്ഞത്. 

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പഞ്ചാബിനായി ആദ്യ ഓവര്‍ എറിഞ്ഞത് ഗ്ലെന്‍ മാക്‌സ്‌വെല്ലാണ്. ക്യാപ്റ്റന്‍റെ വിശ്വാസം കാത്ത മാക്‌സി എട്ട് റണ്‍സേ വഴങ്ങിയുള്ളൂ. 10, 9, 11 എന്നിങ്ങനെയായിരുന്നു പിന്നീടുള്ള ഓവറുകളിലെ റണ്‍സ്. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ബാംഗ്ലൂരിന് ആദ്യ പ്രഹരം നല്‍കി അര്‍ഷ്‌ദീപ്. ദേവ്‌ദത്ത് പടിക്കല്‍ പുരാന്‍റെ കൈകളില്‍ ഭദ്രം. 12 പന്തില്‍ ഒന്നുവീതം ബൗണ്ടറിയും സിക്‌സും സഹിതം 18 റണ്‍സാണ് പടിക്കല്‍ നേടിയത്. ഈ ഓവറില്‍ പിറന്നത് 11 റണ്‍സ്. ആറാം ഓവറില്‍ ബിഷ്‌ണോയിയെ എട്ട് റണ്‍സടിച്ച് ബാംഗ്ലൂര്‍ പവര്‍പ്ലേ പവറാക്കി(57-1). 

എന്നാല്‍ പവര്‍പ്ലേക്ക് ശേഷമുള്ള ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഫിഞ്ചിനെ ബൗള്‍ഡാക്കി മുരുകന്‍ അശ്വിന്‍ അടുത്ത ബ്രേക്ക്‌ത്രൂ സൃഷ്‌ടിച്ചു. 18 പന്തില്‍ 20 റണ്‍സ് മാത്രമാണ് ഫിഞ്ച് സ്വന്തമാക്കിയത്. 

ബാംഗ്ലൂര്‍ ഇലവന്‍: ദേവ്‌ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി(ക്യാപ്റ്റന്‍), എ ബി ഡിവില്ലിയേഴ്‌സ്, വാഷിംഗ്‌ടണ്‍ സുന്ദര്‍, ശിവം ദുബെ, ക്രിസ് മോറിസ്, ഇസുരു ഉഡാന, നവ്‌ദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍

പഞ്ചാബ് ഇലവന്‍: ക്രിസ് ഗെയ്‌ല്‍, കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദീപക് ഹൂഡ, ക്രിസ് ജോര്‍ദന്‍, മുരുകന്‍ അശ്വിന്‍, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിംഗ്

ടോസ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളില്ലാതെയാണ് കോലിപ്പട ഇറങ്ങിയത്. അതേസമയം പഞ്ചാബ് മൂന്ന് മാറ്റങ്ങള്‍ വരുത്തി. സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിന് സീസണിലാദ്യമായി അവസരം നല്‍കിയപ്പോള്‍ ദീപക് ഹൂഡയും മുരുകന്‍ അശ്വിനുമാണ് ഇലവനിലെത്തിയ മറ്റ് താരങ്ങള്‍. സീസണിലെ ആറാം ജയമാണ് ആര്‍സിബിയുടെ ലക്ഷ്യമെങ്കില്‍ ഏഴില്‍ ആറും തോറ്റാണ് പഞ്ചാബിന്‍റെ വരവ്. 

Latest Videos
Follow Us:
Download App:
  • android
  • ios