ഇന്ന് നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനെതിരെ; തോറ്റാല്‍ രാജസ്ഥാന് പ്ലേ ഓഫിന് പുറത്ത്

12 മത്സരങ്ങളില്‍ 10 പോയിന്റുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍. 12 മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുള്ള പഞ്ചാബ് നാലാം സ്ഥാനത്തുണ്ട്. ഇന്ന് ജയിച്ചാല്‍ പഞ്ചാബിന് പ്ലേഓഫിന് തൊട്ടടുത്തെത്താം. 

 

IPL 2020 Rajasthan takes KXIP in must win match in Abu  dhabi

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നിര്‍ണായക പോരാട്ടം. തോറ്റാല്‍ രാജസ്ഥാന്‍ പുറത്താകും. അബുദാബിയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. 12 മത്സരങ്ങളില്‍ 10 പോയിന്റുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍. 12 മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുള്ള പഞ്ചാബ് നാലാം സ്ഥാനത്തുണ്ട്. ഇന്ന് ജയിച്ചാല്‍ പഞ്ചാബിന് പ്ലേഓഫിന് തൊട്ടടുത്തെത്താം. 

സീസണ്‍ തുടക്കം മുതല്‍ മോശം പ്രകടനമായിരുന്നു പഞ്ചാബിന്റേത്. എന്നാല്‍ പാതി പിന്നിട്ടപ്പോള്‍ ടീം ട്രാക്ക് മാറ്റി. അവസാന അഞ്ച് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ച ടീം ആദ്യ നാലിലെത്തി. 41ആം വയസ്സിലും യൂണിവേഴ്‌സ് ബോസ് എന്ന് തെളിയിക്കുന്ന ക്രിസ് ഗെയില്‍ മാത്രമല്ല, ഡെത്ത് ഓവറുകളിലേക്ക് പുതിയ ആയുധങ്ങള്‍ കണ്ടെത്തിയ ബൗളര്‍മാരും പഞ്ചാബിന്റെ തിരിച്ചുവരവിന് വഴിയൊരുക്കി. മായങ്ക് അഗര്‍വാളിന്റെ പരിക്ക് ഭേദമായാല്‍ പഞ്ചാബിന്റെ കരുത്ത് വര്‍ധിക്കും. 

മറുവശത്ത് മുംബൈ ഇന്ത്യന്‍സിന്റെ വമ്പ് തകര്‍ത്ത ആത്മവിശ്വാസം പ്രകടമാണ് രാജസ്ഥാന്‍ ക്യാംപില്‍. ചോദിച്ചുവാങ്ങിയ ഓപ്പണര്‍ സ്ഥാനത്ത് തിളങ്ങുന്ന ബെന്‍ സ്റ്റോക്‌സിലും ഉത്തരവാദിത്തത്തോടെ ബാറ്റുവീശുന്ന സഞ്ജു സാംസണിലും തന്നെയാകും പ്രതീക്ഷകള്‍. എന്നാല്‍ തോറ്റാല്‍ പുറത്താകുമെന്ന ഭീഷണി തലയ്ക്ക് മീതെയുള്ളതിനാല്‍ സമ്മര്‍ദ്ദം കൂടുതല്‍ റോയല്‍സിന് തന്നെയാകും.

സാധ്യത ഇലവന്‍

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: മന്‍ദീപ് സിംഗ്, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദീപക് ഹൂഡ, ക്രിസ് ജോര്‍ദാന്‍, എം അശ്വിന്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി. 

രാജസ്ഥാന്‍ റോയല്‍സ്: റോബിന്‍ ഉത്തപ്പ, ബെന്‍ സ്റ്റോക്‌സ്, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, റിയാന്‍ പരഗ്, രാഹുല്‍ തിവാട്ടിയ, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, ജയദേവ് ഉനദ്ഖട്ട്, കാര്‍ത്തിക് ത്യാഗി. 

Latest Videos
Follow Us:
Download App:
  • android
  • ios