ഹൃദയാഘാതം, തമിഴ്നാട് പ്രീമിയര്‍ ലീഗ് താരം മരിച്ചു, ഞെട്ടല്‍ മാറാതെ അശ്വിന്‍
ലെഗ് സ്പിന്നറായിരുന്ന എം പി രാജേഷ് 2018ലാണ് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ലൈക്ക കോവൈ കിംഗ്സിനായി അരങ്ങേറിയത്. ഐ ഡ്രീം കാരൈക്കുടി കാലായ്ക്കെതിരായ മത്സരത്തില്‍ മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി രാജേഷ് തിളങ്ങിയിരുന്നു.
ചെന്നൈ: തമിഴ്‌നാട് പ്രീമിയര്‍ ലീഗ് താരം പ്രശാന്ത് രാജേഷ്(എം പി രാജേഷ്) ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. 35 വയസായിരുന്നു. തമിഴ്നാട് ക്രിക്കറ്റിലെ സജീവ സാന്നിധ്യമായിരുന്ന രാജേഷിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് ഐപിഎല്ലില്‍ കളിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് താരം ആര്‍ അശ്വിന്‍ ഉള്‍പ്പെടെയുള്ളവര്‍.
ലെഗ് സ്പിന്നറായിരുന്ന എം പി രാജേഷ് 2018ലാണ് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ലൈക്ക കോവൈ കിംഗ്സിനായി അരങ്ങേറിയത്. ഐ ഡ്രീം കാരൈക്കുടി കാലായ്ക്കെതിരായ മത്സരത്തില്‍ മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി രാജേഷ് തിളങ്ങിയിരുന്നു. മത്സരം സൂപ്പര്‍ ഓവറില്‍ കോവൈ കിംഗ്സ് ജയിക്കുകയും ചെയ്തു. ഈ മാത്സരത്തില്‍ ഐപിഎല്ലില്‍ ഇപ്പോള്‍ സണ്‍റൈസേഴ്സ് താരമായ ടി നടരാജനും രാജേഷിന്‍റെ ടീമില്‍ കളിച്ചിരുന്നു.
രാജേഷിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ അശ്വിന്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. രാജേഷ് മരിച്ചുവെന്ന വാര്‍ത്ത വിശ്വസിക്കാനാവുന്നില്ലെന്നും മത്സരങ്ങള്‍ക്കുശേഷം നമ്മള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും അശ്വിന്‍ വ്യക്തമാക്കിയിരുന്നു. കോവൈ കിംഗ്സിന് പുറമെ തമിഴ്നാട് അണ്ടര്‍ 19 ടീമിനെതിരായ മത്സരത്തില്‍ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ ഇലവനെയും രാജേഷ് പ്രതിനിധീകരിച്ചിട്ടുണ്ട്.