തന്റെ മികച്ച പ്രകടനത്തിന് പിന്നിലെ രഹസ്യ ശക്തിയാരെന്ന് വെളിപ്പെടുത്തി ക്വിന്റണ്‍ ഡി കോക്ക്
മികച്ച പ്രകടനം പുറത്തെടുക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് ഡി കോക്ക്. മുംബൈ കോച്ചും മുന്‍ ശ്രീലങ്കന്‍ താരവുമായ മഹേല ജയവര്‍ധനെയുടെ ഉപദേശങ്ങള്‍ ഏറെ സഹായിച്ചുവെന്നാണ് ഡികോക്ക് പറയുന്നത്.
ദുബായ്: സീസണ്‍ തുടക്കത്തില്‍ മോശം പ്രകടനമായിരുന്നെങ്കിലും പിന്നീട് കത്തിക്കയറിയ താരമാണ് മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്. ഇതുവരെ 322 റണ്‍സ് നേടിയ ഡി്‌കോക്ക് തന്നെയാണ് ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. സഹഓപ്പണറായ രോഹിത് ശര്‍മ തളരുമ്പോഴും ടീമിനെ പലപ്പോഴും മികച്ച സ്‌കോറിലേക്ക് നയിക്കുന്നത് ഡികോക്കിന്റെ പ്രകടനമാണ്.
ഇപ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് ഡി കോക്ക്. മുംബൈ കോച്ചും മുന്‍ ശ്രീലങ്കന്‍ താരവുമായ മഹേല ജയവര്‍ധനെയുടെ ഉപദേശങ്ങള്‍ ഏറെ സഹായിച്ചുവെന്നാണ് ഡികോക്ക് പറയുന്നത്. ''മഹേലയുടെ സാന്നിധ്യം തന്നെ ഏറെ സഹായിച്ചിണ്ട്. ക്രോസ് ബാറ്റ് ഷോട്ടുകള്‍ കളിക്കാന്‍ അധികം ശ്രമിക്കാറില്ല. പന്തിന്റെ ലൈനില്‍ തന്നെ ബാറ്റ് ചെയ്യുകയെന്നതാണ് പ്രധാനം. ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിച്ചത് ജയവര്‍ധനെ ആയിരുന്നു. അദ്ദേഹത്തെ പോലെയുള്ള നല്ല വ്യക്തികള്‍ ചുറ്റിലുമുള്ളത് വലിയ കാര്യമാണ്.'' ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ പറഞ്ഞു.
നെറ്റ്‌സില്‍ നേരിടാന്‍ ബുദ്ധിമുട്ടുളള ബൗളര്‍മാരെ കുറിച്ചും ഡികോക്ക് സംസാരിച്ചു. ജസ്പ്രീത് ബൂമ്രയാണോ ട്രന്റ് ബോള്‍ട്ടാണ് നേരിടാന്‍ ബുദ്ധിമുട്ടിയ ബൗളര്‍ എന്ന ചോദ്യത്തിനായിരുന്നു ഡി കോക്കിന്റെ മറുപടി. ''ബൂമ്രയാണ് എനിക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ ബൗളര്‍. സ്പിന്നര്‍മാരിലേക്കു വന്നാല്‍ ക്രുനാല്‍ പാണ്ഡ്യയേക്കാള്‍ ബുദ്ധിമുട്ട് രാഹുല്‍ ചഹറിനെ നേരിടാനാണ്.'' താരം പറഞ്ഞുനിര്‍ത്തി.