പിടിച്ചുനിന്ന് അടിച്ചുതകര്‍ത്ത് പടിക്കലും ഫിലിപ്പും; മുംബൈക്കെതിരെ ബാംഗ്ലൂരിന് നല്ല തുടക്കം
ബോള്‍ട്ടും ബുമ്രയും എറിഞ്ഞ ആദ്യ രണ്ടോവര്‍ കരുതലോടെ നേരിട്ട പടിക്കലും ഫിലിപ്പും 10 രണ്‍സ് മാത്രമാണെടുത്തത്. എന്നാല്‍ മൂന്നാം ഓവറില്‍ ക്രനാല്‍ പാണ്ഡ്യയെ പന്തേല്‍പ്പിച്ച മുംബൈ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിന് പിഴച്ചു.
അബുദാബി: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള വമ്പന്‍മാരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മികച്ച തുടക്കം. ബോള്‍ട്ടും ബുമ്രയും അടങ്ങിയ മുംബൈ ബൗളിംഗ് നിരയെ സമര്‍ത്ഥമായി നേരിട്ട ഓപ്പണര്‍മാരായ ജോഷെ ഫിലിപ്പും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് പവര്‍ പ്ലേയില്‍ ബാംഗ്ലൂരിനെ ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 54 റണ്‍സിലെത്തിച്ചു. 19 പന്തില്‍ 25 റണ്‍സോടെ ഫിലിപ്പും 17 പന്തില്‍ 29 റണ്‍സുമായി പടിക്കലും ക്രീസില്‍.
പിടിച്ചുനിന്നും പിന്നെ അടിച്ചെടുത്തു
ബോള്‍ട്ടും ബുമ്രയും എറിഞ്ഞ ആദ്യ രണ്ടോവര്‍ കരുതലോടെ നേരിട്ട പടിക്കലും ഫിലിപ്പും 10 രണ്‍സ് മാത്രമാണെടുത്തത്. എന്നാല്‍ മൂന്നാം ഓവറില്‍ ക്രനാല്‍ പാണ്ഡ്യയെ പന്തേല്‍പ്പിച്ച മുംബൈ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിന് പിഴച്ചു. ആ ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം 12 റണ്‍സാണ് പടിക്കലും ഫിലിപ്പും ചേര്‍ന്ന് അടിച്ചെടുത്തത്.
പാറ്റിന്‍സണ്‍ എറിഞ്ഞ നാലാം ഓവറിലും രണ്ട് ബൗണ്ടറിയടക്കം ബാംഗ്ലൂര്‍ 10 റണ്‍സടിച്ചു. അഞ്ചാം ഓവരില്‍ ബോള്‍ട്ടിനെ സിക്സിന് പറത്തിയ ഫിലിപ്പ് ബാംഗ്ലൂരിനെ ടോപ് ഗിയറിലാക്കി. പവര്‍പ്ലേയിലെ അവസാന ഓവറില്‍ പാറ്റിന്‍സണെതിരെ 12 റണ്‍സടിച്ച് പടിക്കലും ഫിലിപ്പും ചേര്‍ന്ന് ബാംഗ്ലൂരിനെ പവര്‍ പ്ലേയില്‍ 54 റണ്‍സിലെത്തിച്ചു.