ഡല്‍ഹിയുടെ തലയരിഞ്ഞ് ബോള്‍ട്ട്, പടനയിച്ച് അയ്യരും പന്തും; കിരീടപ്പോരില്‍ ഡല്‍ഹിക്ക് ഭേദപ്പെട്ട സ്കോര്‍
ടോസിലെ ഭാഗ്യവുമായി ക്രീസിലിറങ്ങിയ ഡല്‍ഹിയെ ഞെട്ടിച്ചാണ് മുംബൈ തുടങ്ങിയത്. ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ മാര്‍കസ് സ്റ്റോയിനിസിനെ മടക്കിയയച്ച് ട്രെന്‍റ് ബോള്‍ട്ട് ഡല്‍ഹിക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു.
ദുബായ്: ഐപിഎല്‍ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 157 റണ്‍സ് വിജയലക്ഷ്യം. ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ മുന്‍നിരയെ ട്രെന്‍റ് ബോള്‍ട്ട് എറിഞ്ഞിട്ടെങ്കിലും നായകനായി മുന്നില്‍ നിന്ന് പടനയിച്ച ശ്രേയസ് അയ്യരും റിഷഭ് പന്തും ചേര്‍ന്ന് ഡല്‍ഹിയെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിലെത്തിച്ചു. 50 പന്തില്‍ 65 റണ്‍സുമായി പുറത്താകാതെ നിന്ന ശ്രേയസ് അയ്യര്‍ ആണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. റിഷഭ് പന്ത് 38 പന്തില്‍ 56 റണ്‍സെടുത്തു. മുംബൈക്കായി ബോള്‍ട്ട് മൂന്നും കോള്‍ട്ടര്‍ നൈല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
ആദ്യ പന്തില്‍ ഡല്‍ഹിയുടെ ബോള്‍ട്ടിളകി
ടോസിലെ ഭാഗ്യവുമായി ക്രീസിലിറങ്ങിയ ഡല്‍ഹിയെ ഞെട്ടിച്ചാണ് മുംബൈ തുടങ്ങിയത്. ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ മാര്‍കസ് സ്റ്റോയിനിസിനെ മടക്കിയയച്ച് ട്രെന്‍റ് ബോള്‍ട്ട് ഡല്‍ഹിക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നാലെ അജിങ്ക്യാ രഹാനെ (2)യും ബോള്‍ട്ട് മടക്കി. മികച്ച ഫോമിലുള്ള ഓപ്പണര്‍ ശിഖര്‍ ധവാനെതിരെ ജയന്ത് യാദവിനെ നാലാം ഓവറില്‍ പരീക്ഷിച്ച രോഹിത്തിന്‍റെ തന്ത്രം ഫലിച്ചു. ജയന്തിനെ അതിര്‍ത്തി കടത്താനുള്ള അമിതാവേശത്തില്‍ ധവാന്‍ (15) ക്ലീന്‍ ബൗള്‍ഡ്. മൂന്നോവര്‍ കഴിഞ്ഞപ്പോള്‍ 22/3 എന്നനിലയിലായ ഡല്‍ഹിയെ പിന്നീട് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും സീസണില്‍ ഇതുവരെ ഫോമിലാവാതിരുന്ന റിഷഭ് പന്തും കൂടി ഏറ്റെടുത്തു.
പടനയിച്ച് പന്തും അയ്യരും
ആദ്യ ഫൈനലില്‍ പൊരുതാതെ കീഴടങ്ങാന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും റിഷഭ് പന്തും കൂട്ടാക്കിതരുന്നതോടെ മുംബൈയുടെ പിടി അയഞ്ഞു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 96 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഡല്‍ഹിയെ മികച്ച സ്കോറിലേക്ക് നയിച്ചു. 36 പന്തില്‍ ഈ സീസണിലെ ആദ്യ അര്‍ധസെഞ്ചുറി തികച്ച റിഷഭ് പന്ത് അതിന് പിന്നാലെ കോള്‍ട്ടര്‍നൈലിന് വിക്കറ്റ് നല്‍കി മടങ്ങി. 38 പന്തില്‍ നാല് ഫോറും രണ്ട് സിക്സും പറത്തിയ പന്ത് 56 റണ്‍സെടുത്തു. പന്ത് മടങ്ങുമ്പോള്‍ പതിനാഞ്ചാം ഓവറില്‍ 118 റണ്‍സിലെത്തിയിരുന്നു ഡല്‍ഹി സ്കോര്‍.
അവസാന ഓവറുകളില്‍ പിടിമുറുക്കി ബുമ്രയും ബോള്‍ട്ടും
റിഷഭ് പന്ത് മടങ്ങിയതിന് പിന്നാലെ മുംബൈക്കായി ബുമ്രയും ബോള്‍ട്ടും പിടിമുറക്കിയതോടെ അവസാന ഓവറുകളില്‍ ആഞ്ഞടിക്കാനാവാതെ ഡല്‍ഹി കുഴഞ്ഞു. ഇതിനിടെ ഹെറ്റ്മെയറെ(5) കൂടി മടക്കി ബോള്‍ട്ട് ഡല്‍ഹിയെ വമ്പന്‍ സ്കോറിലേക്ക് പോകുന്നതില്‍ നിന്ന് തടഞ്ഞു. അവസാന ഓവറില്‍ കോള്‍ട്ടര്‍നൈലും റണ്‍സ് വഴങ്ങാതിരുന്നതോടെ ഡല്‍ഹി സ്കോര്‍ 156 റണ്‍സിലൊതുങ്ങി. അവസാന അഞ്ചോവറില്‍ 39 റണ്‍സ് മാത്രമെ ഡല്‍ഹിക്ക് നേടാനായുള്ളു.
ആദ്യ ഐപിഎല്‍ കിരീടം തേടിയാണ് ഡല്‍ഹി ഇറങ്ങുന്നത്. അഞ്ചാം കിരീടമാണ് മുംബൈ ലക്ഷ്യമിടുന്നത്. കൂടാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ശേഷം തുടര്‍ച്ചയായി രണ്ട് ഐപിഎല്‍ കിരീടങ്ങളെന്ന നേട്ടവും രോഹിത്തിനേയും സംഘത്തേയും കാത്തിരിക്കുന്നുണ്ട്. ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിട്ട ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഡല്‍ഹി ഇറങ്ങുന്നത്. മുംബൈ ചാഹറിന് പകരം ജയന്തിനെ കൊണ്ടുവന്നു.
ഡല്‍ഹി കാപിറ്റല്‍സ്: ശിഖര്‍ ധവാന്‍, മാര്‍കസ് സ്റ്റോയിനിസ്, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്മയേര്‍, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, പ്രവീണ്‍ ദുബെ.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, നതാന്‍ കൗള്‍ട്ടര്‍നൈല്‍, രാഹുല്‍ ചാഹര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര.