ഹൈദരാബാദിന് ഇന്ന് ജീവന്മരണ പോരാട്ടം; മുംബൈ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കും
ഹൈദരാബാദ് തോറ്റാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തും. ഷാര്‍ജയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജീവന്മരണ പോരാട്ടം. പ്ലേ ഓഫ് പ്രതീക്ഷകളുമായി ഹൈദരാബാദ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഹൈദരാബാദ് തോറ്റാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തും. ഷാര്‍ജയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.
മരണമുഖത്താണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ജയിച്ചാല്‍ റണ്‍നിരക്കിന്റെ പിന്‍ബലത്തില്‍ ഡേവിഡ് വാര്‍ണറും സംഘവും പ്ലേ ഓഫിലേക്ക്. തോറ്റാല്‍ നാട്ടിലേക്ക് മടങ്ങാം. പതിനെട്ട് പോയിന്റുമായി പ്ലേ ഓഫില്‍ ഒന്നാംസ്ഥാനം നേരത്തേ ഉറപ്പിച്ച മുംബൈയ്ക്ക് ആശങ്കകളൊന്നുമില്ല. ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന്റെ പരുക്ക് ഹൈദരാബാദിന് തിരിച്ചടിയാവും.
വാര്‍ണറിനൊപ്പം പവര്‍പ്ലേയില്‍ റണ്ണടിച്ച്കൂട്ടാന്‍ വൃദ്ധിമാന്‍ സാഹയെത്തും. കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡേ, ജേസന്‍ ഹോള്‍ഡര്‍ എന്നിവരുടെ ചുമലിലാണ് മധ്യനിര. സ്പിന്നര്‍ റഷീദ് ഖാന്റെ നാലോവര്‍ മത്സരഗതി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാവും.
രോഹിത് ശര്‍മ്മയുടെ പരിക്കില്‍ അവ്യക്തത തുടരുന്നതിനാല്‍ കീറണ്‍ പൊള്ളാര്‍ഡ് തന്നെ മുംബൈയെ നയിക്കും. ഹര്‍ദിക് പാണ്ഡ്യക്കും ജസ്പ്രീത് ബുംറയ്ക്കും ക്വിന്റണ്‍ ഡി കോക്കിനും വിശ്രമം നല്‍കാനാണ് ആലോചന. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ മുംബൈ 34 റണ്‍സിന് ഹൈദരാബാദിനെ തോല്‍പിച്ചിരുന്നു. ഇരുടീമും ആകെ 15 കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. മുംബൈ എട്ടിലും ഹൈദരാബാദ് ഏഴിലും ജയിച്ചു.