ഈ രോഹിത്തിനോ പരിക്ക്? ഇന്ത്യന്‍ ടീം തഴഞ്ഞതിന് പിന്നാലെ പരിശീലന വീഡിയോ പുറത്തുവിട്ട് മുംബൈ, ചോദ്യവുമായി ഇതിഹാസം
രോഹിത് ശര്‍മ്മയെ എന്തിന് ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി? ക്രീസ് വിട്ടിറങ്ങിയടക്കം അനായാസം രോഹിത് ഷോട്ടുകള്‍ കളിക്കുന്നത് വീഡിയോയില്‍ വ്യക്തം.
മുംബൈ: ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിന് തൊട്ടുപിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകൻ രോഹിത് ശർമ്മ ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചു. രോഹിത് ബാറ്റിംഗ് പരിശീലനം നടത്തുന്ന വീഡിയോ മുംബൈ ഇന്ത്യൻസ് പുറത്തുവിട്ടു. പരിക്കിനെ ചൊല്ലി അഭ്യൂഹങ്ങള്‍ നിലനില്‍ക്കേയാണ് താരം പരിശീലനത്തിന് ഇറങ്ങിയത്. ക്രീസ് വിട്ടിറങ്ങിയടക്കം അനായാസം രോഹിത് ഷോട്ടുകള്‍ കളിക്കുന്നത് വീഡിയോയില്‍ വ്യക്തം.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടെസ്റ്റ്, ഏകദിന, ടി20 ടീമുകളിലൊന്നും രോഹിത്തിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെ രോഹിത്തിന്‍റെ ഐപിഎല്‍ ഭാവി സംബന്ധിച്ചും ആശയക്കുഴപ്പങ്ങള്‍ ആരാധകര്‍ക്കിടയില്‍ ഉടലെടുത്തു. രോഹിത്തിന്‍റെ ഫിറ്റ്‌നസ് മെഡിക്കല്‍ സംഘം തുടര്‍ന്നും നിരീക്ഷിക്കും എന്നാണ് ടീം പ്രഖ്യാപനവേളയില്‍ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി നല്‍കിയ വിശദീകരണം. ഐപിഎല്ലില്‍ പരിക്കിനെ തുടര്‍ന്ന് രോഹിത്തിന് രണ്ട് മത്സരങ്ങള്‍ ഇതിനകം നഷ്‌ടമായിട്ടുണ്ട്. ഐപിഎല്ലിനിടെ പരിക്കേറ്റ ഡല്‍ഹി കാപിറ്റല്‍സ് പേസര്‍ ഇശാന്ത് ശര്‍മ്മയും ഓസീസ് പര്യടനത്തിനുള്ള ടീമിലില്ല.
സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടി20 ടീമില്‍; ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു
രോഹിത് ശര്‍മ്മയെ ടീമിലുള്‍പ്പെടുത്താത്തതിന്‍റെ കാരണമറിയാന്‍ ഇന്ത്യന്‍ ടീമിന്‍റെ ആരാധകര്‍ക്ക് അവകാശമുണ്ടെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരശേഷം കമന്‍റേറ്ററും മുന്‍ നായകനുമായ സുനില്‍ ഗാവസ്‌കര്‍ വ്യക്തമാക്കി. 'ഒന്നരമാസം മാത്രം അകലെയുള്ള ടെസ്റ്റ് മത്സരങ്ങളെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. രോഹിത് നെറ്റ്‌സില്‍ പരിശീലനം നടത്തുന്നുവെങ്കില്‍ എന്ത് തരത്തിലുള്ള പരിക്കാണ് അദേഹത്തിനുള്ളത് എന്ന് മനസിലാകുന്നില്ല. രോഹിത്തിന്‍റെ കാര്യത്തില്‍ സുതാര്യത വേണമെന്നും' എന്നും ഗാവസ്‌കര്‍ പറഞ്ഞു.
Powered by