ഹൈദരാബാദിനെ മുട്ടുകുത്തിച്ച് മുംബൈ ഒന്നാമത്
ഷാര്‍ജയിലെ ചെറിയ സ്റ്റേഡിയത്തില്‍ ഏത് വലിയ വിജയലക്ഷ്യവും സുരക്ഷിതമല്ലെന്ന് കഴിഞ്ഞ മത്സരങ്ങളില്‍ കണ്ടതാണ്. മുംബൈക്കെതിരെ ഹൈദരാബാദിന്‍റെ തുടക്കവും തകര്‍ത്തടിച്ചായിരുന്നു.
ഷാര്‍ജ: ഷാര്‍ജയിലെ ബാറ്റിംഗ് പിച്ചില്‍ ബാറ്റുകൊണ്ടും ബോളു കൊണ്ടും കരുത്തുകാട്ടിയ മുംബൈ ഇന്ത്യന്‍സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 34 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. മുംബൈ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ മുംബൈ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ നാലാമതായിരുന്ന ഹൈദരാബാദ് ആറാം സ്ഥാനത്തേക്ക് വീണു. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 208/5, സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 174/7.
തകര്‍ത്തടിച്ചു തുടങ്ങി
ഷാര്‍ജയിലെ ചെറിയ സ്റ്റേഡിയത്തില്‍ ഏത് വലിയ വിജയലക്ഷ്യവും സുരക്ഷിതമല്ലെന്ന് കഴിഞ്ഞ മത്സരങ്ങളില്‍ കണ്ടതാണ്. മുംബൈക്കെതിരെ ഹൈദരാബാദിന്‍റെ തുടക്കവും തകര്‍ത്തടിച്ചായിരുന്നു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ കാഴ്ചക്കാരനായപ്പോള്‍ 15 പന്തില്‍ 25 റണ്‍സെടുത്ത ജോണ്‍ ബെയര്‍സ്റ്റോ ആണ് ഹൈദരാബാദിന് മികച്ച തുടക്കം നല്‍കിയത്.
ബെയര്‍സ്റ്റോയെ വീഴ്ത്തി ട്രെന്‍റ് ബോള്‍ട്ട് ഹൈദരാബാദിന് ആദ്യ പ്രഹരമേല്‍പ്പിച്ചെങ്കിലും മനീഷ് പാണ്ഡെയും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് ഹൈദരാബാദിനെ മുന്നോട്ട് നയിച്ചു. 19 പന്തില്‍ 30 റണ്‍സെടുത്ത മനീഷ് പാണ്ഡെയെ ജെയിംസ് പാറ്റിന്‍സണ്‍ പുറത്താക്കിയതിന് പിന്നാലെ കെയ്ന്‍ വില്യംസണെ(3) ട്രെന്‍റ് ബോള്‍ട്ട് പുറത്താക്കിയതോടെ വാര്‍ണര്‍ സമ്മര്‍ദ്ദത്തിലായി.
അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ മുംബൈ ബൗളര്‍മാര്‍ ഹൈദരാബാദിന്‍റെ സ്കോറിംഗ് വേഗത്തിന് കടിഞ്ഞാണിട്ടു. കഴിഞ്ഞ മത്സരത്തിലെ ഹീറോ പ്രിയം ഗാര്‍ഗ്(8) ബൗണ്ടറിയില്‍ രാഹുല്‍ ചാഹറിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായപ്പോള്‍ റണ്‍റേറ്റിന്‍റെ സമ്മര്‍ദ്ദത്തില്‍ വാര്‍ണറും(44 പന്തില്‍ 60) വീണു.
ഇതോടെ ഹൈദരാബാദിന്‍റെ വിജയ പ്രതീക്ഷകള്‍ അസ്തമിച്ചു. അവസാന ഓവറുകളില്‍ അബ്ദുള്‍ സമദു(9 പന്തില്‍ 20) തകര്‍ത്തടിച്ച് ഹൈദരാബാദിന്‍റെ തോല്‍വിഭാരം കുറച്ചു. മുംബൈക്കായി ബോള്‍ട്ടും പാറ്റിന്‍സണും ബുമ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് ക്വിന്റണ്‍ ഡി കോക്കിക്കിന്റെ (67) അര്‍ധ സെഞ്ചുറിയാണ് തുണയായത്. ഇഷാന്‍ കിഷന്‍ (31), സൂര്യകുമാര്‍ യാദവ് (27), ഹാര്‍ദിക് പാണ്ഡ്യ (28), കീറണ്‍ പൊള്ളാര്‍ഡ് (13 പന്തില്‍ പുറത്താവാതെ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഹൈദരാബാദിനായി സന്ദീപ് ശര്‍മ, സിദ്ധാര്‍ത്ഥ് കൗള്‍ രണ്ട് വിക്കറ്റെടുത്തു.