ബ്രാവോയ്‌ക്കെതിരെ 'പരിഹാസ ചിരി'; വിവാദത്തിന് ശേഷം വിശദീകരണവുമായി ഖലീല്‍ അഹമ്മദ്
ബ്രാവോ പവലിയനിലേക്ക് മടങ്ങുന്ന സമയം ഖലീല്‍ ചിരി തുടങ്ങിയിരുന്നു. ഇതോടെ താരത്തിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നു. ബ്രാവോയോട് കാണിക്കുന്ന അവഹേളനമാണിതെന്നായിരുന്നു ഒരു പറ്റം ആരാധകരുടെ വാദം.
ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ഡ്വെയ്ന്‍ ബ്രാവോയെ പുറത്താക്കിയ ശേഷം ചിരിച്ച സംഭവത്തില്‍ വിശദീകരണവുമായി സണ്‍റൈസേഴ്്‌സ് പേസര്‍ ഖലീല്‍ അഹമ്മദ്. ചെന്നൈ 20 റണ്‍സിന് വിജയിച്ച മത്സമായിരുന്നത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് ബ്രാവോയ്ക്ക് റണ്‍സൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. ഖലീലിനെ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം ബൗള്‍ഡായി മടങ്ങി.
കഴിഞ്ഞ ചൊവ്വാഴ്ച ദുബായിലായിരുന്നു സംഭവം. ബ്രാവോ പവലിയനിലേക്ക് മടങ്ങുന്ന സമയം ഖലീല്‍ ചിരി തുടങ്ങിയിരുന്നു. ഇതോടെ താരത്തിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നു. ബ്രാവോയോട് കാണിക്കുന്ന അവഹേളനമാണിതെന്നായിരുന്നു ഒരു പറ്റം ആരാധകരുടെ വാദം. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൈദരാബാദ് പേസര്‍.
ട്വിറ്ററിലാണ് ഖലീല്‍ കാരണം വിശദീകരിച്ചത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ... ''അന്ന് ഞാന്‍ ബ്രാവോയെ നോക്കിയല്ല ചിരിച്ചത്. അതിന് മറ്റുപല കാരണങ്ങളുമുണ്ടായിരുന്നു. അദ്ദേഹം ഒരു ഇതിഹാസമാണ്. എന്നെ സംബന്ധിച്ചിടത്തോളം മൂത്ത സഹോദരനാണ് അദ്ദേഹം.'' ഖലീല്‍ കുറിച്ചിട്ടു. മറ്റൊരു വിവാദം കൂടി ഈ മത്സരത്തിലുണ്ടായിരുന്നു. ഷാര്‍ദുള്‍ ഠാകൂറിന്റെ ഒരു പന്ത് വൈഡ് വിളിക്കാനൊരുങ്ങിയപ്പോള്‍ സിഎസ്‌കെ ക്യാപ്റ്റന്‍ ധോണി അംപയര്‍ക്ക് നേരെ ദേഷ്യത്തോടെ അപ്പീല്‍ ചെയ്തിരുന്നു. ധോണി 'കണ്ണുരുട്ടിയ'തോടെ അംപയര്‍ കൈ മടക്കുകയായിരുന്നു.
ചെന്നൈക്കെതിരായ മത്സരത്തിന് മുമ്പ് രാജസ്ഥാനെതിരെയും ഖലീല്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. രാജസ്ഥാന്‍ ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാട്ടിയയുമായിട്ടാണ് ഖലീല്‍ കൊമ്പുകോര്‍ത്തത്. പിന്നീട് അംപയര്‍ക്ക് ഇടപെടേണ്ടി വന്നു.